'ഞെട്ടലിലാണ്, അതും സുഹൃത്തെന്ന് കരുതിയ ആൾ'; അവൾക്കൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് പാർവ്വതി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികളായ നടൻ സിദ്ധിഖും ഭാമയും കൂറുമാറിയ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി നടി പാർവ്വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ആൾ തന്നെ കൂറുമാറിയതിന്റെ ഞെട്ടലിലാണ് താനെന്നും നീതി ജയിക്കുമെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവളൊപ്പമെന്നും പാർവ്വതി കുറിച്ചു. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്‍വിനിന്‍റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
അതിജീവിച്ചവര്‍ മൂന്ന് വര്‍ഷത്തിലേറെയായി യാതനയിലൂടെയും നിരന്തരമായ ആഘാതങ്ങളിലൂടെയും കടന്നുപോകുന്നത്. നിവർന്ന് നിന്ന് കൊണ്ട് തന്നെ അവൾ നീതിക്കായി പോരാടുന്നതാണ് നാം കണ്ടത്. ഇത് ഒരുതരത്തിൽ പീഡനമാണ്. സാക്ഷികൾ മൊഴികൾ മാറ്റുന്നത് ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ച് സുഹൃത്ത് എന്ന് കരുതിയ ആൾ. ഹൃദയഭേദകം. എന്നിരുന്നാലും, അവളുടെ പോരാട്ടം വിജയിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അവൾക്കൊപ്പം, പാർവ്വതി കുറിച്ചു.

നേരത്തേ ഇക്കാര്യത്തിൽ പ്രതികരിച്ച് നടിമാരായ രേവതി, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവർ രംഗത്തെത്തിയിരുന്നു. നടൻ സിദ്ധിഖ് മലക്കം മറിഞ്ഞത് വിശ്വസിക്കാം എന്നാൽ ഏറ്റവും അടുത്ത ആളായിരുന്നിട്ടും ഭാമ എങ്ങനെ അത് ചെയ്തുവെന്നായിരുന്നു നടി രേവതിയുടെ പ്രതികരണം.ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമാ കല്ലിങ്കൽ കുറിച്ചത്. സംവിധായകൻ ആഷിഖ് അബുവും പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു.ഈ മൊഴിയാണ് ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്നത്.
അതേസമയം കൂറുമാറിയ ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാമ് ഉയരുന്നത്. സ്ത്രീത്വത്തെയാണ് ഭാമ അപമാനിച്ചതെന്നായിരുന്നു ചിലർ കുറിച്ചത്. സ്വന്തം വീട്ടിലെ സ്ത്രീകൾക്കോ മകൾക്കോ ആണ് ഇത് സംഭവിച്ചതെങ്കിൽ ഇത്തരത്തിലായിരുന്നോ പ്രതികരിക്കുകയോന്നും ചിലർ ചോദിക്കുന്നു.












Click it and Unblock the Notifications