ഇന്ന് നടന്ന ഗുണ്ടായിസത്തെ ആഘോഷിക്കുന്നവർക്ക് ബംഗാളിൽ നിന്ന് ദൃഷ്ടാന്തങ്ങളുണ്ട്; ഷാഫി പറമ്പിൽ
തിരുവനന്തപുരം; കണ്ണൂരിലെ സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തിലേക്ക് കയറിച്ചെന്ന് പ്രതിഷേധിച്ച റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. റിജിൽ മാക്കുറ്റിയുടെയും സഹപ്രവർത്തകരുടെയും തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരത്തിൽ അല്ല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കാളികളായത്. നാടിന് വേണ്ടിയുള്ള പോരാട്ടമാണിത്, ഷാഫി പറഞ്ഞു. ജനാധിപത്യ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരെ ജയിലിൽ അടക്കുകയാണ് ഭരണകുടം ചെയ്തത്. പദ്ധതിയിൽ ആദ്യം ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയുമൊക്കെ അറിയിച്ച എതിർപ്പുകൾക്ക് മറുപടി പറയാനുള്ള കപ്പാസിറ്റി എങ്കിലും സർക്കാരിന് ഉണ്ടാകണം. അതു കഴിഞ്ഞ് മതി യൂത്ത് കോൺഗ്രസ്സിന്റെ മേൽ കുതിരകയറുന്നതെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം-റിജിൽ മാക്കുറ്റിയുടെയും സഹപ്രവർത്തകരുടെയും തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരത്തിൽ അല്ല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കാളികളായത്. നാടിന് വേണ്ടിയുള്ള പോരാട്ടമാണിത്. നോക്ക്കുത്തി പോലീസിന്റെ കണ്മുന്നിൽ അക്രമം നടത്തിയ ഗുണ്ടാപ്രമുഖൻമാർ നാട്ടിൽ വിലസുമ്പോൾ പൊതുമുതൽ നശിപ്പിക്കാതെ,പോലീസിനെ പരിക്കേൽപ്പിക്കാതെ ജനാധിപത്യ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരെ ജയിലിൽ അടക്കുകയാണ് ഭരണകൂടം.
ഇത് കൊണ്ടൊന്നും ഈ സമരത്തിൽ നിന്ന് പുറകോട്ട് പോവില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് എറിഞ്ഞ് തകർത്ത് അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവർ ഞങ്ങളെ സമരപരിധി പഠിപ്പിക്കണ്ട.
ഇന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾ കേരളം ശ്രദ്ധിക്കാതെ പോകരുത്.
1.DPR തയ്യാറാക്കാതെ എങ്ങിനെ പ്രിലിമിനറി സർവ്വേ നടത്തി ?
2.ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തിയത് ?
3.വിശദ പദ്ധതി രേഖ എങ്ങിനെ,എന്ത് ഘടകങ്ങൾ പരിശോധിച്ച് തയ്യാറാക്കി ?
4.ഏരിയൽ സർവ്വേ മാത്രം നടത്തി എങ്ങിനെ DPR തയ്യാറാക്കാനാവും ?
വിശദമായ DPR സമഗ്രമായി പഠിച്ചിട്ടും നീതി ആയോഗിന്റെ അംഗീകാരം ലഭ്യമായതിനും ശേഷമേ പദ്ധതിക്ക് അനുമതി നൽകാനാവൂ എന്ന് കേന്ദ്ര റയിൽവേ ബോർഡ് ഇന്നും കോടതിയിൽ പറയുന്നു.
ആദ്യം ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയുമൊക്കെ അറിയിച്ച എതിർപ്പുകൾക്ക് മറുപടി പറയാനുള്ള കപ്പാസിറ്റി എങ്കിലും ഉണ്ടാക്കട്ടെ ..എന്നിട്ട് മതി യൂത്ത് കോൺഗ്രസ്സിന്റെ മേൽ കുതിരകയറുന്നത് .
ഇന്ന് നടന്ന ഗുണ്ടായിസത്തെ ആഘോഷിക്കുന്നവർക്ക് ബംഗാളിൽ നിന്ന് ദൃഷ്ടാന്തങ്ങളുണ്ട് .












Click it and Unblock the Notifications