മദനി കേരളത്തിലേക്ക്! ബുധനാഴ്ച ഹർത്താൽ!രോഗിയായ ഉമ്മയെ കാണാം,മകന്റെ നിക്കാഹിൽ പങ്കെടുക്കാൻ അനുമതിയില്ല
മദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലായ് 26 ബുധനാഴ്ച പിഡിപി കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
ബെംഗളൂരു/തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുനാസർ മദനിക്ക് കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ നാട്ടിൽ പോകാൻ മദനിക്ക് കോടതി അനുവാദം നൽകി. രോഗിയായ ഉമ്മയെ സന്ദർശിക്കാനാണ് ബെംഗളൂരു എൻഐഎ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയില്ല. തലശേരിയിൽ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന മകൻ ഉമർ മുക്താർ ഹാഫിസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും അനുമതി നൽകണമെന്ന് മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും, ഉമ്മയെ കാണാനുമായി ആഗസ്റ്റ് ഒന്നു മുതൽ 20 വരെ ഇളവ് നൽകണമെന്നായിരുന്നു മദനിയുടെ അപേക്ഷ. എന്നാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനെ കർണ്ണാടക സർക്കാർ ശക്തമായി എതിർത്തതോടെയാണ് കോടതി അനുമതി നിഷേധിച്ചത്.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെന്ന വ്യാജേന കേരളത്തിൽ ചുറ്റിക്കറങ്ങാനാണ് മദനി പോകുന്നതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. നേരത്തെ മദനിയുടെ ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കാനാണ് മദനിയുടെ തീരുമാനം.
അതേസമയം, മദനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലായ് 26 ബുധനാഴ്ച പിഡിപി കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. മദനിയോട് കാട്ടുനീതിയാണെന്നാണ് പിഡിപി നേതാക്കൾ ആരോപിച്ചത്.












Click it and Unblock the Notifications