വയനാട് സ്വദേശി പീഡിപ്പിച്ചെന്ന പരാതിയുമായി ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിനി, കേസിൽ അന്വേഷണം
ബംഗളൂരു: വയനാട് സ്വദേശി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരുവിലെ മലയാളി വിദ്യാർത്ഥിനി. 20 വയസ്സുകാരിയായ യുവതിയുടെ പരാതിയെത്തുടർന്ന്, സുൽത്താൻബത്തേരി സ്വദേശി ഹെയ്ൻസിനെതിരെ ബംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേയ് 12ന് ബംഗളൂരുവിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ താമസിക്കുന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. നഗരത്തിൽ പഠിക്കുന്ന ഈ വിദ്യാർത്ഥിനി സുഹൃത്തുക്കൾ നടത്തുന്ന ഒരു കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. പെൺകുട്ടിക്ക് അസുഖമായതിനാൽ കഫേയ്ക്ക് സമീപമുള്ള താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയം സുഹൃത്തുക്കൾ പുറത്തുപോയപ്പോൾ മുറിയിൽ അതിക്രമിച്ചു കയറിയ ഹെയ്ൻസ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മടിവാള പോലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം തയ്യാറായില്ലെന്ന് അതിജീവിത ആരോപിച്ചു. പരാതി നൽകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും ചോദ്യം ചെയ്യലിനിടയിൽ അപമാനിക്കാനും പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായി പെൺകുട്ടി ആരോപിച്ചു.

പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് കഫേ തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുന്നതിനും മറ്റ് സഹായങ്ങൾ ചെയ്യുന്നതിനും ഹെയ്ൻസ് നേരത്തെ മുൻകൈ എടുത്തിരുന്നു. എന്നാൽ കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ സുഹൃത്തുക്കൾ തീരുമാനിക്കുകയും, ഈ വിഷയത്തിൽ ഹെയ്ൻസിന്റെ സഹായം തേടുകയും ചെയ്തു. കഫേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇയാൾ മേയ് 12ന് ഇവരുടെ താമസസ്ഥലത്ത് എത്തിയത്.
പോലീസ് സ്റ്റേഷനിൽ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച വിദ്യാർത്ഥിനി, തനിക്ക് യാതൊരുവിധ പിന്തുണയും നൽകാൻ പോലീസ് തയ്യാറായില്ലെന്നും മൊഴി രേഖപ്പെടുത്താൻ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെപ്പോലും ഏർപ്പാടാക്കിയില്ലെന്നും ആരോപിച്ചു. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അതിനുള്ള സൗകര്യം ചെയ്തുതരാൻ പോലീസ് കൂട്ടാക്കിയില്ലെന്നും പെൺകുട്ടി പറഞ്ഞു.
"അവർ എന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും, ഞാൻ കന്യകയാണോ എന്ന് വരെ ചോദിക്കുകയും ചെയ്തു," അതിജീവിത ആരോപിച്ചു. വൈദ്യപരിശോധന നടത്താൻ കഴിയില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. ഹെയ്ൻസും മറ്റ് ചില പുരുഷന്മാരും ചേർന്ന് പോലീസ് സ്റ്റേഷനിൽ വെച്ചും പിന്നീട് തങ്ങളുടെ താമസസ്ഥലത്ത് വെച്ചും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിച്ചു. ഈ ഭീഷണിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി പുറത്തുവിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
മേയ് 13ന് രാവിലെ പരാതി നൽകാനായി മടിവാള പോലീസ് സ്റ്റേഷനിൽ എത്തിയ തങ്ങളെ അർദ്ധരാത്രി വരെ അവിടെ ഇരുത്തിയതായാണ് ഇവർ പറയുന്നത്. ഈ സമയത്തിനിടയിൽ, ഒരു പ്രാദേശിക ഗുണ്ടയുമായി സ്റ്റേഷനിലെത്തിയ ഹെയ്ൻസ്, കേസ് മുന്നോട്ട് കൊണ്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പോലീസ് തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്നും, തങ്ങൾക്ക് പരാതിയില്ലെന്ന് എഴുതി ഒപ്പിട്ടു നൽകാൻ നിർബന്ധിച്ചെന്നും അതിജീവിത ആരോപിച്ചു.
പിന്നീട് പ്രതി ഒരുസംഘം ആളുകളുമായി തങ്ങളുടെ താമസസ്ഥലത്ത് എത്തി വീണ്ടും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. മടിവാള പോലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18ന് ബംഗളൂരു നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ സമീപിച്ചു. ഡിസിപിയുടെ ഇടപെടലിനെ തുടർന്ന് കേസിൽ ഒടുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.














Click it and Unblock the Notifications