ബെംഗളൂരുവിലെ യുവാക്കളെ..5000 രൂപ വാടകയ്ക്ക് റൂം കിട്ടുന്ന സ്ഥലങ്ങൾ ഇവിടെയുണ്ട്..ഇനി അധികം കഷ്ടപ്പെടേണ്ട
ഉന്നത പഠനത്തിനോ ജോലിക്കോ ബെംഗളൂരുവിലെത്തുന്ന യുവാക്കൾക്ക് താമസ സൌകര്യം കണ്ടെത്തുന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഉയർന്ന വാടക തന്നെയാണ് പ്രധാന വില്ലൻ. ഇനി പൈസ കൊടുക്കാമെന്ന് തീരുമാനിച്ചാൽ തന്നെ ആ തുകയ്ക്കുള്ള സൌകര്യങ്ങൾ ഉണ്ടാവുകയുമില്ല. ബാച്ചിലേഴ്സ് ആണ് ഈ പ്രതിസന്ധികളിൽ പെട്ടുപോകുക. ഇങ്ങനെൊക്കെ ആണെങ്കിലും പൂർണമായി അങ്ങനെ മനസ് മടുക്കേണ്ട കേട്ടോ, കാരണം ബാച്ചിലേഴ്സിന് നല്ല അടിസ്ഥാന സൌകര്യങ്ങളുള്ള, മിതമായ നിരക്കിൽ ലഭ്യമാകുന്ന താമസ സൌകര്യങ്ങളും ബെംഗളൂരുവിൽ ഉണ്ട്. പേയിംഗ് ഗസ്റ്റ് സൗകര്യങ്ങൾ, ഷെയേർഡ് ഫ്ലാറ്റുകൾ, കോ-ലിവിംഗ് സ്പേസുകൾ എന്നിവ ഉൾപ്പെടെയുള്ള ഇടങ്ങളെ കുറിച്ചാണ് പറയുന്നത്. വിശദമായി നോക്കിയാലോ?
ബാച്ചിലേഴ്സിന് പ്രിയപ്പെട്ട ബെംഗളൂരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന് ബിടിഎം ലേഔട്ട് ആണ്. മലയാളികളെ സംബന്ധിച്ച് ഒരു കൊച്ച് കേരളം എന്ന് വേണമെങ്കിൽ പറയാവുന്ന ഇടം. എവിടെ തിരഞ്ഞാലും മലയാളി കടകളും ആളുകളും ഒക്കെ കാണും. ആയിരക്കണക്കിന് പിജികളും ഒറ്റമുറികളും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. പിജി വാടക സാധാരണയായി പ്രതിമാസം 6,000 മുതൽ 12,000 വരെയാണ് ഇവിടെ ഈടാക്കാറുള്ളത്. ഒരു ബെഡ്‌റൂം ഹാൾ കിച്ചൺ ഉൾപ്പെടുന്ന 1 ബിഎച്ച്കെ ഫ്ലാറ്റിന് 10,000 മുതൽ 16,000 വരെയാണ് വാടക. ഐടി ഹബുകളായ കോറമംഗല, ബോമ്മനഹള്ളി എന്നിവയുമായി അടുത്ത കിടക്കുന്ന പ്രദേശം കൂടിയാണ്. കുറഞ്ഞ നിരക്കിൽ ഭക്ഷണം കിട്ടുന്ന ഇടം എന്നതും ഇവിടേക്ക് ആളുകളെ ആകർഷിക്കും.

മാരത്തഹള്ളി, ബെല്ലന്ദൂർ പ്രദേശങ്ങളാണ് മറ്റൊന്ന്. ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏറെ പ്രിയമുള്ള ഒരിടം. ഔട്ടർ റിംഗ് റോഡിൽ ) നിരവധി ഐടി പാർക്കുകൾ ഉള്ളതിനാൽ ഫ്ലാറ്റുകളും ഷെയേർഡ് താമസസൗകര്യങ്ങളും ബാച്ചിലർമാർക്ക് ഇവിടെ എളുപ്പത്തിൽ കിട്ടും. സുഹൃത്തുക്കളോടൊപ്പം താമസിക്കാവുന്ന ഫ്ലാറ്റ് ഷെയറിംഗ് ഇവിടെ സാധാരണമാണ്. ഇവിടത്തെ പിജി വാടക 7,000 മുതൽ 15,000 വരെയും, ഷെയേർഡ് ഫ്ലാറ്റുകൾക്ക് സാധാരണയായി 15,000 മുതൽ 25,000 വരെയുമാണ്.
സ്റ്റാർട്ടപ്പ് ഹബുകളായ കോറമംഗലയും എച്ച്എസ്ആർ ലേഔട്ടും ബാച്ചിലർമാർക്ക് മികച്ച ഓപ്ഷനുകളാണ്. ഈ പ്രദേശങ്ങളിൽ പ്രീമിയം പിജികളും കോ-ലിവിംഗ് സ്പേസുകളും ധാരാളമുണ്ട്. പിജി താമസത്തിന് 8,000 മുതൽ 18,000 വരെയും, 1BHK ഫ്ലാറ്റുകൾക്ക് 18,000 മുതൽ 30,000 വരെയുമാണ് വാടക. സജീവമായ ജീവിതശൈലിയും കഫേകളും പബുകളും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
ശാന്തമായ നഗരസൌകര്യങ്ങളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ കാമനഹള്ളി, കല്യാൺ നഗർ എന്നിവ തിരഞ്ഞെടുക്കാം. ഈ പ്രദേശങ്ങളിൽ അപ്പാർട്ട്‌മെന്റുകളും വീടുകളുമെല്ലാം ബാച്ചിലേഴ്സിന് ലഭിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. പിജി വാടക 6,000 മുതൽ 13,000 വരെയാണ്, ഒറ്റമുറികൾക്ക് സാധാരണയായി 12,000 മുതൽ 20,000 വരെയാണ് വാടക. മികച്ച റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.
വലിയ അപ്പാർട്ട്‌മെന്റ് കോംപ്ലക്സുകളിൽ ഷെയേർഡ് ഫ്ലാറ്റുകൾ തേടുന്നവർക്ക് ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീൽഡും തിരഞ്ഞെടുക്കാം. ഇവിടത്തെ റെസിഡൻഷ്യൽ സൊസൈറ്റികൾ ബാച്ചിലർമാരോട് കൂടുതൽ അനുഭാവം കാണിക്കുന്നവരാണ്. പിജി വാടക 5,000 മുതൽ 10,000 വരെയാണ്, കൂടാതെ 1BHK ഫ്ലാറ്റുകൾ 10,000 മുതൽ 18,000 രൂപക്ക് വരെ ലഭ്യമാണ്.












Click it and Unblock the Notifications