ബെംഗളൂരിൽ പുതിയ ആകാശപാതകൾ നിർമ്മിക്കും; ഈസ്റ്റ് കോർപറേഷൻ മാത്രം പണിയുന്നത് 15 എണ്ണം
ബെംഗളൂരിൽ പുതിയ ആകാശപ്പാതകൾ വരുന്നു. ബെംഗളൂരിലെ അഞ്ച് സിറ്റി കോർപറേഷനുകളും ആകാശപാതകളുടെ പണികൾ തുടങ്ങി കഴിഞ്ഞു. 15 ആകാശപ്പാതകളുടെ നിർമ്മാണം നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപറേഷൻ (ബിഇസിസി) ആരംഭിച്ചിട്ടുണ്ട്. ഡിസൈൻ, നിർമ്മാണം, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ മാതൃകയിലാണ് ടെൻഡറുകൾ ക്ഷണിച്ചിരിക്കുന്നത്.
സ്വകാര്യ കമ്പനികൾ തന്നെയായിരിക്കും ഈ ആകാശപാതകൾ രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക. പദ്ധതിയുടെ എല്ലാ ചെലവുകളും കമ്പനി വഹിക്കും. നിശ്ചിത കാലയളവ് വരെ പരിപാലിച്ച് കരാറിൻ്റെ കാലാവധി കഴിഞ്ഞതിന് ശേഷം ബിഇസിസിക്ക് കൈമാറുന്നതാണ് ഡിബിഎഫ്ഒടി മോഡൽ. ആകാശപാതകളിൽ പരസ്യം നൽകി കമ്പനികൾക്ക് വരുമാനം നേടാനാകും.

ഗ്രേറ്റർ ബെംഗളൂരു ഏരിയയുടെ ചട്ടങ്ങൾക്ക് അനുസൃതമായി മാത്രമായിരിക്കും പരസ്യം നൽകാൻ അനുമതി ഉണ്ടാകുക. മാത്രമല്ല സ്ഥിരമായി പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് മാത്രമായിരിക്കും അനുമതി. കരാർ കമ്പനികൾ 15 വർഷത്തേക്കാണ് ആകാശപാതകൾ പ്രവർത്തിപ്പിക്കുക. ഓരോ വർഷവും നിശ്ചിത വാർഷിക ഫീസും കോർപറേഷന് കമ്പനികൾ നൽകും. സുരക്ഷയും സൌകര്യം ഉറപ്പാക്കുന്നതിനായി ലിഫ്റ്റുകളോ എസ്കലേറ്ററുകളോ പണിയും.
ആകാശപാതകൾ നിർമ്മിക്കാനുള്ള ടെൻഡറുകൾ ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷനും ക്ഷണിച്ചിട്ടുണ്ട്. പഴയ എയർപോർട് റോഡിലും ഡോംലൂറിലുള്ള ഇന്നർ റിങ് റോഡിലുമാണ് പാതകൾ പണിയുന്നത്. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിനേയും ഇന്നർ റിങ് റോഡിനേയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ഡോംലൂരിൽ ആകാശപ്പാത നിർമ്മിക്കുക.
മറ്റ് കോർപറേഷനിലും വരുന്ന ആഴ്ചകളോടെ ടെൻഡർ നടപടികൾ ആരംഭിക്കും. ഇതിനോടകം തന്നെ എട്ട് സ്ഥലങ്ങളിൽ സാധ്യത പഠനം പൂർത്തിയാക്കിയതായി ബെംഗളൂരു വെസ്റ്റ് സിറ്റി കോർപറേഷൻ അറിയിച്ചു. പഠനത്തിൻ്റെ അടിസ്ഥാനത്തിൽ നാല് സ്ഥലങ്ങളിലേക്കുള്ള ടെൻഡർ ഉടൻ തന്നെ ക്ഷണിക്കും, അതിനുശേഷം മറ്റിടങ്ങളിലും നടപടികൾ വേഗത്തിലാക്കുമെന്ന് കോർപറേഷൻ അറിയിച്ചു.
നഗരത്തിൽ കുറഞ്ഞത് 101 ആകാശപ്പാതകളെങ്കിലും ആവശ്യമാണെന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ വിലയിരുത്തൽ. നിലവിൽ 82 ആകാശപാതകളാണ് നഗരത്തിൽ ഉള്ളത്. ഇതിൽ പലതും മോശം അവസ്ഥയിലാണ് ഉള്ളത്. അതേസമയം ശോച്യാവസ്ഥയിലായ ആകാശപാതകളുടെ പരിപാലനത്തിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് ബെംഗളൂരു സൌത്ത് സിറ്റി കോർപറേഷൻ അറിയിച്ചു.
2023 മുതൽ ഇതുവരെ 931 കാൽനട യാത്രക്കാർ അപകടത്തിൽ മരിച്ചുവെന്നാണ് ട്രാഫിക് പോലീസിൻ്റെ കണക്ക്. ആകാശപാതകളോ മറ്റ് നടപ്പാതകളോ ഇല്ലാത്ത ഇടങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഭൂരിഭാഗം യാത്രക്കാരും അപകടത്തിൽപ്പെട്ടത്.പലയിടങ്ങളിലും നടപ്പാതകൾ ഇല്ലാത്തതിനാൽ യാത്രക്കാർ റോഡിലൂടെ നടക്കുന്ന സാഹചര്യമുണ്ട്. ഇതോടെ കോർപറേഷൻ്റെ നേതൃത്വത്തിൽ നടപ്പാതകളിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിരുന്നു.












Click it and Unblock the Notifications