മരംമുറി വിവാദത്തില്‍ ക്ലീന്‍ചിറ്റ്; പിന്നാലെ ബെന്നിച്ചന്‍ തോമസ് വനംവകുപ്പ് മേധാവി
തിരുവനന്തപുരം: ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. പുതിയ വനം വകുപ്പ് മേധായിയുടെ നിയമനം സംബന്ധിച്ച പരിശോധനാ കമ്മറ്റിയുടെ ശിപാര്‍ശ മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനം മേധാവിയെ കണ്ടെത്തുക.
ബെന്നിച്ചന്‍ തോമസിനൊപ്പം പിസിസിഎഫുമാരായ ഗംഗാ സിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളും സമിതിയുടെ പരിഗണനയിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവന്‍ ഈ മാസം 30നാണ് വിരമിക്കുന്നത്. ഇതോടെ ബെന്നിച്ചന്‍ തോമസ് വനംവകുപ്പ് മേധാവി പദവി ഏറ്റെടുക്കും.

നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയാണ് ബെന്നിച്ചന്‍ തോമസ്. 1988 ബാച്ച് കേരള കേഡര്‍ ഐഎഫ് എസ് ഉദ്യോഗസ്ഥനാണ്. തുടര്‍ച്ചയായി 34 വര്‍ഷം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാര്‍ എഡിസിഎഫ് ആയി സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പില്‍ മാങ്കുളം, നിലമ്പൂര്‍, മൂന്നാര്‍, കോന്നി, കോട്ടയം എന്നിവിടങ്ങളില്‍ ഡിഎഫ്ഒയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുവോളജി, ലൈഫ് സയന്‍സ്, ഫോറസ്ട്രി എന്നീ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ ബെന്നിച്ചന്‍ തോമസ് നടപ്പാക്കിയ പെരിയാര്‍ മോഡല്‍ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജകട്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
രണ്ടു വര്‍ഷം കൊച്ചി സര്‍വകലാശാല പരിസ്ഥിതി വകുപ്പില്‍ എന്‍വയേണ്‍മെന്റല്‍ ബയോ കെമിസ്ട്രി എന്ന വിഷയത്തില്‍ യു ജി സി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സര്‍വ്വീസ് എന്‍ട്രികളും ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ വിവാദ മരം മുറി കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ബെന്നിച്ചന്‍ തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. മരം മുറിക്കാന്‍ ഉള്ള അനുമതി തമിഴ്നാടിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ആദ്യഘട്ടത്തില്‍ നിയമനത്തിന് ഇത് തടസ്സമായിരുന്നെങ്കിലും പിന്നീട് ഈ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് നിയമന ശിപാര്‍ശ അംഗീകരിച്ചത്.
മരം മുറി വിവാദത്തില്‍ ബെന്നിച്ചന്‍ തോമസ് മനഃപൂര്‍വം തെറ്റ് ചെയ്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ തെളിഞ്ഞത്. എങ്കിലും ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ജാഗ്രത കുറവില്‍ നാമമാത്രമായ നടപടിയാണ് ബെന്നിച്ചനെതിരെയുണ്ടായത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ശുദ്ധി പത്രം നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് വനംവകുപ്പ് മേധാവിയാകുന്നത്. തമിഴ്‌നാടിന് അനുകൂലമായി നടപടിയെടുത്ത ബെന്നിച്ചനെതിരെ ശക്തമായ അച്ചടക്ക നടപടി വേണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications