കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാവും അവർ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്? ബെന്യാമിന്റെ കുറിപ്പ്

Google Oneindia Malayalam News

ജന്മദിനത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ആരെയും ശല്യപ്പെടുത്താതെ ജീവിച്ചിട്ടും ചിലര്‍ തന്നെ എന്തിനാവും ചീത്ത പറഞ്ഞ് കൊണ്ടിരിക്കുന്നതെന്ന് ബെന്യാമിന്‍ ചോദിക്കുന്നു.

അടുത്തിടെ പ്രവാസി വിഷയത്തില്‍ ബെന്യാമിന്‍ കോണ്‍ഗ്രസിന് എതിരെ പ്രതികരിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് കെഎസ് ശബരീനാഥന്‍ അടക്കമുളളവരുമായി ഫേസ്ബുക്കില്‍ ബെന്യാമിന്‍ ഏറ്റുമുട്ടുകയുണ്ടായി. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കറക്കിക്കുത്തി വേറെ ഒരു തീയതി

കറക്കിക്കുത്തി വേറെ ഒരു തീയതി

ഇന്ന് എന്റെ ജന്മദിനം ആണെന്ന് കരുതുന്നു. അങ്ങനെ കരുതാനേ കഴിയൂ. കാരണം ഇന്നേ ദിവസം തന്നെ എന്ന് ഉറപ്പിക്കാൻ തക്കതായ രേഖകൾ ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോയ അപ്പച്ചൻ കറക്കിക്കുത്തി വേറെ ഒരു തീയതി ആണ് അവിടെ കൊടുത്തത്. ചെറുതിലെ ജന്മദിനത്തിന് കേക്ക് മുറിക്കുക, പായസം ഉണ്ടാക്കുക, ആശംസ പറയുക തുടങ്ങിയ ആചാരങ്ങൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ആ വഴിക്കും തീയതി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നെ ഒരിക്കൽ അമ്മ പറഞ്ഞ മലയാളമാസ തീയതി കണക്ക് കൂട്ടിയാണ് മെയ് 18 എന്നൊരു തീയതി ഉറപ്പിക്കുന്നത്.

എന്റെ ഹൃദയചുംബനം

എന്റെ ഹൃദയചുംബനം

അതെന്തായാലും ഇന്ന് ഈ ഭൂമിയിൽ എത്തിയിട്ട് നാല്പത്തിയൊൻപതു വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. നൂറായിരം തിരക്കുകൾക്കിടയിലും ഈ ദിവസം ഓർത്തിരുന്ന് ആശംസകൾ അറിയിച്ച എല്ലാവർക്കും എന്റെ ഹൃദയചുംബനം. തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു എന്ന് ചോദിച്ചാൽ, തികഞ്ഞ വിസ്മയം എന്ന് പറയാനാണ് തോന്നുന്നത്. രോഗം നിറഞ്ഞ ഒരു ബാല്യം ആയിരുന്നു എന്റേത്. അധികം ആയുസ് ഉണ്ടാവില്ല എന്ന് പലരും രഹസ്യത്തിലും പരസ്യത്തിലും പ്രവചിച്ച ഒരു ജീവിതം. ഇരുപത് വയസ് വരെയെങ്കിലും ജീവിക്കണേ എന്നായിരുന്നു അന്ന് എന്റെയും സ്വപ്നം. എന്നാൽ അത് ഇരട്ടിയും അതിന്റെ പകുതിയും കൂടി ലഭിച്ചു എന്നറിയുമ്പോൾ വിസ്മയപ്പെടാതെ ഇരിക്കുവതെങ്ങനെ.

ഇരുപത്തി നാലു പുസ്തകങ്ങൾ

ഇരുപത്തി നാലു പുസ്തകങ്ങൾ

ജീവിതം പാതിയും പിന്നിട്ടു കഴിയുമ്പോഴാണ് സാഹിത്യത്തിലേക്ക് എത്തി നോക്കുന്നത് തന്നെ. പക്ഷേ പിൽക്കാലത്ത് അതെന്നെ കൊണ്ടെത്തിച്ച വഴികൾ !! ഒരിക്കലും സ്വപ്നം കാണുക പോലും ചെയ്യാനാവാത്ത ചില ഉയരങ്ങളിൽ വരെ. സാഹിത്യം തന്നെ ജീവിതമായി മാറുക. 9 നോവലുകൾ ഉൾപ്പെടെ ഇരുപത്തി നാലു പുസ്തകങ്ങൾ എഴുതാൻ കഴിയുക. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള പുരസ്‌കാരങ്ങൾ വരെ തേടിയെത്തുക. സാഹിത്യത്തിന് വേണ്ടിയുള്ള അന്തർദേശീയ യാത്രകൾ നടത്താൻ ആവുക. ഇതര ഭാഷകളിലേക്ക് പരിഭാഷകൾ സംഭവിക്കുക.

റോയൽറ്റി കൊണ്ട് ജീവിക്കാം

റോയൽറ്റി കൊണ്ട് ജീവിക്കാം

സാഹിത്യം ഐശ്ചിക വിഷയമായി പഠിക്കാത്ത ഒരാളുടെ കൃതികൾ പാഠപുസ്തകം ആക്കുന്ന യൂണിവേഴ്സിറ്റികൾ, നോവലുകൾ അധികരിച്ച് ഗവേഷണം നടത്തുന്ന വിദ്യാർഥികൾ. റോയൽറ്റി കൊണ്ട് ജീവിക്കാം എന്ന തരത്തിലേക്ക് വളർത്തിയ വായനക്കാർ. കഥ എഴുത്തിന്റെ തുടക്ക നാളുകളിൽ ഒരു കഥയെങ്കിലും അച്ചടിച്ച് വന്നിരുന്നെങ്കിൽ എന്ന് മോഹിച്ച ഒരാളുടെ പിൽക്കാല ജീവിതമാണത്. വിസ്മയപ്പെടാതെ ഇരിക്കുവതെങ്ങനെ?? എന്തായിരുന്നു ഈ ജീവിതത്തിന്റെ സുകൃതം എന്ന് ചോദിച്ചാൽ കുടുംബവും കൂട്ടുകാരും എന്ന് ഉറപ്പിച്ചു പറയാനാവും.

തീർത്തും അന്തർമുഖൻ

തീർത്തും അന്തർമുഖൻ

എന്നെ എന്റെ ഇഷ്ടത്തിന് ജീവിക്കാൻ എക്കാലത്തും വിട്ടു തന്നിട്ടുള്ള കുടുംബം, അച്ചാച്ചനും അമ്മയും ഭാര്യയും കുട്ടികളും തന്നെയാണ് എന്നെ ഈ വഴിയിൽ എത്തപ്പെടാൻ ഏറെ സഹായിച്ചത്. തീർത്തും അന്തർമുഖൻ ആയിരുന്നത് കൊണ്ട് പണ്ടേ സൗഹൃദങ്ങൾ ഏറെ ഉണ്ടായിരുന്നില്ല. വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളെ ഇപ്പോഴും എനിക്കുള്ളൂ. പക്ഷേ ഉള്ളതിൽ ഏറെയും രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ നീളുന്ന ബന്ധങ്ങൾ ആണ്. അവരാണ് എന്റെ ജീവിതത്തിനു പ്രകാശം പകർന്നു നൽകിയത്. വഴി നടക്കാനുള്ള പ്രേരണ ആയത്. ഇക്കാലത്തിനിടയിൽ എന്നോട് പിണങ്ങി പോയിട്ടുള്ളവർ ഒന്നോ രണ്ടോ പേർ മാത്രം.

നീരസം തോന്നുന്നത് സ്വാഭാവികം

നീരസം തോന്നുന്നത് സ്വാഭാവികം

ശത്രുക്കൾ? ഈ ജീവിതത്തിൽ ഇന്നോളം ആരോടും അങ്ങോട്ട് ശത്രുത തോന്നിയിട്ടില്ല. താൽക്കാലിക വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. അത് മടി കൂടാതെ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അവർക്ക് എന്നോട് നീരസം തോന്നുന്നത് സ്വാഭാവികം. അതിനെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ അങ്ങോട്ട് ഒരു വാക്കുകൊണ്ട് പോലും ശല്യപ്പെടുത്താതെ അരികുപറ്റി ജീവിച്ചിട്ടും ഞാൻ നോവൽ എഴുതിപ്പോയി എന്ന ഒറ്റക്കാരണത്താൽ ഓരോ ദിവസവും എന്നെ ചീത്ത പറയാൻ ശ്രമിക്കുന്ന ഒത്തിരി പേരെ ഈ ജീവിതത്തിൽ കാണാൻ ഇടയായി. എന്തിനാവും അവർ എന്നെ ഇങ്ങനെ ചീത്ത പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്?

പിന്നെയും അവർ എന്തിനാവണം?

പിന്നെയും അവർ എന്തിനാവണം?

ഞാൻ അവരോടു ഒരിക്കലും എന്റെ പുസ്തകം വായിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി സമീപിച്ചിട്ടില്ല. നിരൂപണം എഴുതാൻ ആവശ്യപ്പെട്ടിട്ടില്ല. പുരസ്‌കാരങ്ങൾ ഒപ്പിച്ചെടുക്കൻ ചെന്നിട്ടില്ല. അവരുടെ ഒരു ഇടത്തേയും സ്ഥാനമാനങ്ങളെയും തട്ടിയെടുക്കാൻ പോയിട്ടില്ല. എഴുത്ത് എന്റെ ആനന്ദമാണ്, ഞാൻ അതിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അത് വാരികകളും പ്രസാധകരും കുറച്ചു വായനക്കാരും ആവശ്യപ്പെടുന്നത് കൊണ്ട് പ്രസിദ്ധികരിക്കാൻ കൊടുക്കുന്നു. അത്രമാത്രം. പിന്നെയും അവർ എന്തിനാവണം? എന്തിനാവണം?? വിസ്മയപ്പെടാതിരിക്കുവതെങ്ങനെ??

എന്റെ എഴുത്തും ജീവിതവും

എന്റെ എഴുത്തും ജീവിതവും

അസൂയ, പണ്ട് ക്രിക്കറ്റ് കളിക്കുന്ന കാലത്ത് നന്നായി ബോൾ ചെയ്യുന്നവരോട് തോന്നിയിട്ടുണ്ട്. പിന്നെ ഒട്ടനവധി യാത്രകൾ നടത്തിയവരോടും. വായനക്കാരുടെ സ്നേഹം കൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയതോടെ അതും പൊയ്പോയി. എഴുത്തുകാരോട്? അങ്ങനെ എന്നെ അസൂയപ്പെടുത്തുന്ന ഒരാളെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. (ഉള്ളത് സ്നേഹവും ആദരവും മാത്രം ) എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഞാൻ എന്റെ എഴുത്തും ജീവിതവും അത്രയും അധികം ആസ്വദിക്കുന്നതിനാൽ.

ആരുടേയും മുന്നിൽ കൈനീട്ടി ചെന്നിട്ടില്ല

ആരുടേയും മുന്നിൽ കൈനീട്ടി ചെന്നിട്ടില്ല

അഭിമാനം തോന്നുന്നത്? ഇന്നോളം അനാവശ്യമായ, അനർഹമായ ഒന്നിന് വേണ്ടിയും ആരുടേയും മുന്നിൽ കൈനീട്ടി ചെന്നിട്ടില്ല എന്ന അഹങ്കാരത്തോളം ചെല്ലുന്ന ഉറപ്പ് തന്നെ. ആർക്കെതിരെയും ഉപജാപം നടത്താനോ ഗ്രുപ്പുകളിലും കോക്കസുകളിലും പങ്കാളി ആവാനോ പോയിട്ടില്ല. മുൻപേ പറഞ്ഞത് പോലെ അരികുപറ്റി ഒഴുകുന്ന ഒരു കുഞ്ഞു നീരൊഴുക്ക് പോലെ അത്രമേൽ സ്വയം ആസ്വദിച്ച് ഒഴുകുന്നു എന്നുമാത്രം. അതുകൊണ്ട് തന്നെ സ്വയം ഉറപ്പുള്ള കാര്യങ്ങൾ ഉറക്കെ പറയാൻ മടിയില്ല താനും.

നാളെ മരിച്ചു പോയാൽ?

നാളെ മരിച്ചു പോയാൽ?

അപ്പോൾ നാളെ മരിച്ചു പോയാൽ? എല്ലാം നിവർത്തിയായി എന്ന സന്തോഷത്തോടെ മടങ്ങും. നേടാതെ പോയതിനെയോ നഷ്ടപ്പെട്ടു പോയതിനെയോ ഓർത്ത് ഒട്ടും ദുഖമില്ല, ഖേദവും. ആഗ്രഹിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ജീവിതം തന്നത്. എല്ലാം. അടുത്ത ജന്മത്തിൽ? ഒരു ഇടം കൈയ്യൻ ഫാസ്റ്റ് ബോളർ ആവണം. ക്രീസുകളെ വിറപ്പിക്കുന്ന ഒരു ഏറുകാരൻ. ഈ ചെറിയ മനുഷ്യനോടുള്ള നിങ്ങളുടെ സ്നേഹത്തിന് ഒരിക്കൽ കൂടി ഹൃദയചുംബനം''

English summary
Benyamin's facebook post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X