കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിനെ തേച്ചൊട്ടിച്ച് ബെന്യാമിന്‍.. എസ് ഹരീഷിനുള്ള തുറന്ന കത്ത് വൈറല്‍

  • By Desk
Google Oneindia Malayalam News

സംഘപരിവാര്‍ ഹിന്ദുത്വശക്തികളുടെ ശക്തമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മീശ എന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് അറിയിച്ചത്. എന്നാല്‍ എഴുത്തുകാരന്‍റെ തിരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

സംഘരിവാര്‍ ശക്തികള്‍ക്ക് മുന്‍പില്‍ അടിയറവ് പറയുന്ന നടപടി എഴുത്തുകാരന്‍ സ്വീകരിക്കരുതെന്നായിരുന്നു പലരും വ്യക്തമാക്കിയത്. സംഭവത്തില്‍ എസ് ഹരീഷിന് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ ബെന്യാമിന്‍. ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ച കത്തിന്‍റെ പൂര്‍ണരൂപം വായിക്കാം

തുറന്നകത്ത്

തുറന്നകത്ത്

എസ്. ഹരീഷിനൊരു തുറന്നകത്ത്.
പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ' പിൻ‌വലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും ശരിയാണെന്ന് ഉൾക്കൊണ്ടുകൊണ്ട് തന്നെ ആ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു.

വിജയഭേരി

വിജയഭേരി

ഈ തീരുമാനത്തിലൂടെ നിങ്ങൾ എതിരാളികൾക്ക് വിജയഭേരി മുഴക്കുവാനുള്ള അവസരമാണ് ഒരുക്കിക്കൊടുത്തത്. നിങ്ങളുടെ ഈ പ്രവർത്തിയിലൂടെ തോറ്റത് നിങ്ങൾ അല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന സാഹിത്യ - സാംസ്കാരിക ലോകവുമാണ്. എല്ലാക്കാലത്തേക്കുള്ള അപകടകരമായ ഒരു മണിമുഴങ്ങൽ ആ തോറ്റുകൊടുക്കലിന്റെ പിന്നിൽ ഉണ്ട്. അതിന്റെ രാഷ്ട്രീയം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. ഭാവി നമ്മളെ ഭീതിയോടെ ഉറ്റുനോക്കുന്നുണ്ട്.

സമാനമായ

സമാനമായ

സമാനമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത് നിങ്ങളെ ഓർമ്മിപ്പികക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആടുജീവിതം ഇറങ്ങിയപ്പോഴും അൽ അറേബ്യൻ നോവൽ ഫാക്‌ടറി പ്രസിദ്ധീകരിച്ചപ്പോഴും നിരവധി വിഷയങ്ങളിൽ അഭിപ്രായം തുറനന്നു പറഞ്ഞപ്പോഴും സമാനരീതിയിലൂള്ള പരിഹാസങ്ങൾക്കും ചീത്തവിളികൾക്കും വിധേയനായ ഒരെഴുത്തുകാരനാണ് ഞാൻ.

ഉറച്ചുനിന്നു

ഉറച്ചുനിന്നു

എന്നാൽ എഴുതിയത് ഞാൻ ഉറച്ച ബോധ്യത്തോടെ എഴുതിയതാണെന്നും അതിൽ ഉറച്ചു നില്ക്കാനുമായിരുന്നു എന്റെ തീരുമാനം. ആ നോവലുകൾ ചില ഇടങ്ങളിൽ നിരോധിച്ചപ്പോൾ പോലും അതിൽ നിന്ന് പിന്മാ‍റാൻ ഞാൻ തയ്യാറാ‍യില്ല. എഴുത്തിന്റെ മൂല്യത്തെക്കുറിച്ചും എഴുത്തുകാരന്റെ സാമൂഹിക ദൌത്യത്തെക്കുറിച്ചുമുള്ള ഉറച്ച ബോധ്യത്തിൽ നിന്നാണ് എനിക്ക് അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നുണ്ട്.

ഓര്‍മ്മിപ്പിക്കുന്നു

ഓര്‍മ്മിപ്പിക്കുന്നു

അതിന് താങ്കൾക്ക് കഴിയാതെ പോയതിന്റെ കാരണം എന്തെന്ന് ഞാൻ വിനീതമായി ഓർമ്മിപ്പിക്കട്ടെ. താങ്കളുടെ ഉള്ളിലെ തികഞ്ഞ അരാഷ്ട്രിയവാദം അല്ലാതെ മറ്റൊന്നുമല്ല അത്. താങ്കളുടെ അടുത്തിടെ പ്രസിദ്ധീകരിച്ചു വന്ന ചില അഭിമുഖങ്ങൾ എന്റെ നിരീക്ഷണത്തെ ശക്തമായി ശരിവയ്ക്കുന്നുണ്ട്.

സാധ്യത

സാധ്യത

അരാഷ്ട്രീയവാദിയായ ഒരാൾക്ക് പ്രശ്നങ്ങളെ താൻ തനിച്ച് നേരിടാനുള്ളതാണ് എന്നൊരു തോന്നൽ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതാണ് താങ്കളുടെ കാര്യത്തിലും സംഭവിച്ചത്. എനിക്കും എന്റെ കുടുംബത്തിനും ഞാൻ മാത്രമേയുള്ളൂ എന്നും ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ മറ്റാരും കൂടെ കാണില്ല എന്നും താങ്കളെക്കൊണ്ട് ചിന്തിപ്പിച്ചത് ആ അരാഷ്ട്രീയബോധം തന്നെയാണ്.

കാരണം

കാരണം

ഇത് എന്റെ മാത്രം പ്രശ്നമല്ല ഒരു സമൂഹത്തിന്റെ പ്രശ്നമാ‍ണ് ഞാൻ ആ സമൂഹത്തിനൊപ്പം നില്ക്കുകയും അവർ നല്കുന്ന പിന്തുണയിൽ വിശ്വസിക്കുകയും വേണം എന്ന് ചിന്തിക്കാൻ താങ്കൾക്ക് കഴിയാതെ പോയതിന്റെ കാരണവും അതുതന്നെ.

ജല്പനങ്ങള്‍

ജല്പനങ്ങള്‍

വളരെ ന്യൂനപക്ഷമായ മതജാതി ഭ്രാന്തന്‍മാരുടെ ജല്പനങ്ങൾ നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും എഴുത്തുകാർക്കൊപ്പം നില്ക്കുകയും ചെയ്യുന്ന കേരളം പോലെ സുരക്ഷിതമായ ഒരിടത്തിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് പറയാൻ നിങ്ങൾ ആർജ്ജവം കാണിക്കുന്നില്ലെങ്കിൽ ഇനി ലോകത്തിൽ എവിടെ പോയാലും അത് താങ്കളെക്കൊണ്ട് സാധ്യമാവില്ല എന്ന് വിനീതപൂർവ്വം ഞാൻ ഓർമ്മിപ്പിക്കട്ടെ.

മോശം

മോശം

കാരണം ലോകത്തിലെ ഭൂരിപക്ഷം ഇടങ്ങളും ഇതിനേക്കാൾ മോശം തന്നെയാണ്. അത് ഈ പുതിയ കാലത്തിൽ മാത്രമല്ല എന്നും രാഷ്ട്രീയവും മതവും ജാതികളും എഴുത്തിനെ അടിച്ചമർത്താനും ഇല്ലായ്മ ചെയ്യുവാനും മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പക്ഷേ നമുക്ക് മുൻപേ നടന്നു പോയ എഴുത്തുകാർ ആരും അതിൽ ഭയന്ന് തങ്ങൾക്ക് പറയാനുള്ളത് പറയാതെ പോയിട്ടില്ല. നിങ്ങൾ എന്നെ ഏത് തീക്ഷ്ണമായ വേദനകളിലേക്ക് തള്ളിയിട്ടാലും ഞാൻ എഴുതുക തന്നെ ചെയ്യും എന്ന് അവർ ഉറക്കെപ്പറഞ്ഞതുകൊണ്ടാണ് നമുക്ക് മികച്ച കൃതികൾ ലഭ്യമായത്. അവർ ഭരണകൂടങ്ങളെയോ മതത്തിനെയോ ഭയന്നല്ല ജീവിച്ചത്.

എഴുത്ത്

എഴുത്ത്

അതുകൊണ്ടുകൂടിയാണ് ലോകം ഇന്നും എഴുത്തിനെയും എഴുത്തുകാരനെയും ആദരിക്കുകയും ചിലർ അതിനെ ഭയക്കുകയും ചെയ്യുന്നത്. ‘വഴിയിലൂടെ നടന്നുപോകുമ്പോൾ തേങ്ങാ വീണ് ചാവുന്നതിനേക്കാൾ എനിക്കിഷ്ടം, ഇത്തരം മതഭ്രാന്തന്മാരുടെ പിച്ചാത്തിയ്ക്ക് ഇരയാവുന്നത്' എന്ന് നിങ്ങൾ പറയും എന്ന് ഞാൻ കരുതി.

കീഴടങ്ങി

കീഴടങ്ങി

പക്ഷേ ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി സൃഷ്ടിച്ചു. ഇത് താങ്കൾ ഒരാളുടെ മാത്രം പ്രശ്നമല്ല ഹരീഷ്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും ഇനി എഴുതാനിരിക്കുന്നവരുമായ ഒരായിരം എഴുത്തുകാരുടെ പ്രശ്നമാണ്. സ്വതന്ത്രമായി ജീവിക്കാനും സ്വതന്ത്രമായി ആവിഷ്കാരം നടത്താനും ആഗ്രഹിക്കുന്ന ഭാവിയിലെ ഓരോ മനുഷ്യന്‍റെയും പ്രശ്നമാണ്.

വിശ്വസിക്കണം

വിശ്വസിക്കണം

നിങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ട പ്രശ്നം അല്ലിത്. കേരളം അങ്ങനെ ഒരെഴുത്തുകാരെനെയും കുടുംബത്തെയും അക്രമികൾക്ക് വിട്ടുകൊടുക്കില്ല എന്ന് നിങ്ങൾ വിശ്വസിക്കണം. പെരുമാൾ മുരുകൻ മുതൽ സന്തോഷ് ഏച്ചിക്കാനം വരെയുള്ളവർ ഇതിനു മുൻപ് ഇത്തരം പ്രശ്നങ്ങളെ നേരിട്ടപ്പോൾ നമ്മൾ ഒന്നിച്ച് നിന്നാണ് അതിനെ നേരിട്ടത്. ഇനിയും അതങ്ങനെ തന്നെയുണ്ടാവും എന്ന് താങ്കൾ വിശ്വസിച്ചില്ല. തികഞ്ഞ അരാഷ്ട്രീയ വാദം മനസിൽ കൊണ്ടുനടക്കുന്ന എഴുത്തുകാർ എന്നും നേരിടുന്ന പ്രശ്നമാണിത്.

ആര്‍ജ്ജവം

ആര്‍ജ്ജവം

ഇനിയും സമയമുണ്ട് ഹരീഷ്, നോവൽ വാരികയിൽ നിന്ന് മാത്രമേ പിൻ‌വലിച്ചിട്ടുള്ളൂ. എത്രയും വേഗം അത് പുസ്തകരൂപത്തിൽ പുറത്തിറക്കാനുള്ള ആർജ്ജവം നിങ്ങൾ കാണിക്കണം. രാഷ്ട്രീയ ബോധമുള്ള ഭൂരിപക്ഷ കേരളം നിങ്ങൾക്കൊപ്പമുണ്ട്. അരാഷ്ട്രിയത വെടിഞ്ഞ് അവരെ വിശ്വസിക്കൂ.

ഭീരുക്കള്‍

ഭീരുക്കള്‍

അക്ഷരങ്ങൾക്കുവേണ്ടി, എഴുത്തിനുവേണ്ടി, സാ‍ഹിത്യത്തിനുവേണ്ടി, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി ധീരനായി എഴുനേറ്റു നില്ക്കൂ..
കാലം നമ്മളെ, നമ്മുടെ തലമുറയെ ഭീരുക്കൾ എന്ന് വിലയിരുത്താതിരിക്കട്ടെ.
സ്നേഹത്തോടെ
ബെന്യാമിൻ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
benyamins facebook post regarding meesa novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X