'ക്ഷണിച്ചെങ്കിൽ പോകാമായിരുന്നു';പാർട്ടി കോൺഗ്രസിലേക്ക് വിളിച്ചില്ലെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ
കണ്ണൂർ; പാർട്ടി കോൺഗ്രസിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ച് മുതിർന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. നിലവിലെ ആരോഗ്യ സ്ഥിതിയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സാധിക്കില്ല,എന്നിരുന്നാലും ഒരു ക്ഷണം താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
കടുത്ത പ്രമേഹം കാരണം കുഞ്ഞനന്തൻ നായർക്ക് കാഴ്ച പൂർണമായും നഷ്ടമായിരിക്കുകയാണ്. എങ്കിലും സ്വന്തം നാടായ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അതിൽ പങ്കെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നേരത്തേ കുഞ്ഞനന്തൻ നായർ പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് ഇത് അവസാന പാർട്ടി കോൺഗ്രസാണ്. ആദ്യ പാർട്ടി കോൺഗ്രസിലും അവസാന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ആളെന്ന നിലയ്ക്ക് തനിക്ക് മരിക്കാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു പ്രതിനിധിയാണ് കുഞ്ഞനന്തൻ നായർ. 1943 മേയ് 25 ന് മുംബൈയിലായിരുന്നു ആദ്യ പാർട്ടി കോൺഗ്രസ്. അന്ന് ബാലസംഘം പ്രതിനിധിയായിട്ടായിരുന്നു അദ്ദേഹം പങ്കെടുത്തത്. ഇ എം എസ്, പി കൃഷ്ണപിള്ള, പി നാരായണൻ നായർ,ഉണ്ണിരാജ, കെ കെ വാര്യർ തുടങ്ങി 12 ഓളം പ്രതിനിധികൾ കേരളത്തിൽ നിന്നുണ്ടായിരുന്നു.
16 വസായിരുന്നു കുഞ്ഞനന്തൻ നായർക്ക് അന്ന് ഉണ്ടായത്. പാർട്ടി കോൺഗ്രസിൽ ബാലസംഘം പ്രമേയമാണ് ബർലിൻ അവതരിപ്പിച്ചത്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളിയും എന്ന പ്രമേയമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. കണ്ണൂർ ജില്ലയിൽ കയ്യൂർ രക്തസാക്ഷികൾ കഴുവേറ്റപ്പെട്ടതിന് പിന്നാലെയായിരുന്നു പാർട്ടി കോൺഗ്രസ്. രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു.
84 കൊല്ലമായി താൻ പാർട്ടിയിൽ. പാർട്ടി വിരുദ്ധമായ താൻ ഒന്നും തന്നെ താൻ ചെയ്തിട്ടില്ല. മരിക്കുന്നതിന് മുൻപ് തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നുണ്ട്. ആഗ്രഹം താൻ പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കോടിയേരി പറഞ്ഞിരുന്നു പാർട്ടി കോൺഗ്രസിന് മുൻപ് കാണാൻ ചിലപ്പോൾ സാധിച്ചേക്കുമെന്ന്. എന്നാൽ അതുണ്ടായേക്കില്ല. പിണറായി കണ്ണൂരിൽ എത്രയോ പരിപാടികൾക്ക് വരുന്നു. അദ്ദേഹത്തിന് തന്നെ കാണാമല്ലോ. കണ്ണ് പൂർണമായും കാണില്ല തനിക്ക്. എങ്കിലും മനസിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്ന് തന്നെയാണ് ആഗ്രഹം. നായനാർ അക്കാദമിയുടെ അങ്കണത്തിൽ മുൻഭാഗത്ത് കസേരയുമിട്ട് ഇരിക്കണം. അത്രയും മതി, പ്രസ്ഥാനത്തിന്റെ തിരുമറ്റത്ത് ഇനിയും എത്താൻ തനിക്ക് മോഹം ഉണ്ട്, ബെർലിൻ കുഞ്ഞനന്തൻ നായർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സി പി എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായിരിക്കുകയാണ്. ചൊവ്വാഴ്ച പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ഇ കെ നായനാരുടെ പേരിലുള്ള അക്കാജദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. ഇന്ന് രാവിലെ പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.ഏപ്രിൽ 10 വരെയാണ് കണ്ണൂർ നായനാർ അക്കാദമിയിലാണ് സമ്മേളനം നടക്കുന്നത്. മണിക്ക് സർക്കാർ അധ്യക്ഷനായ ഏഴംഗ പ്രസീഡിയം ആയിരിക്കും പാർട്ടി കോൺഗ്രസിനെ നിയന്ത്രിക്കുക.
Recommended Video
24 സംസ്ഥാനങ്ങളിൽനിന്നായി 811 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. 95 കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 906 പേർ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സെമിനാറുകളും നടക്കും.












Click it and Unblock the Notifications