ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെ, പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും, തുറന്നടിച്ച് അൻവർ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് തോല്ക്കാന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച ആണെന്നുളള കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ എംഎല്‍എയുടെ പ്രസംഗത്തിന് എതിരെ പിവി അന്‍വര്‍. ബേപ്പൂരില്‍ തന്നെ ചതിച്ചത് ആരെന്ന് അറിയാൻ മഷിയിട്ട് നോക്കേണ്ട കാര്യമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ തന്നെ അത് വിളിച്ച് പറഞ്ഞിരിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു.
പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചതാണ് തന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടുവെന്ന് തുറന്ന് പറയാൻ ജാള്യത ഉണ്ടെന്നും അൻവർ വ്യക്തമാക്കുന്നു.
പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ , പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ. നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ!
അതിൽ ഒരാൾ എനിക്കെതിരെ മത്സരിച്ച നിങ്ങൾ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാർത്ഥി തന്നെ!!! ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർത്ഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്.

ആ102 -ൽ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിൻ്റെ മുഖംമൂടി വലിച്ചുകീറി എൻ്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങൾ ത്യജിച്ചും "രാഷ്ട്രീയ ഭാവിക്കുവേണ്ടി" ഒട്ടും "അഡ്ജസ്റ്റ്" ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.
മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് "ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് " എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!!!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്. ഇത് കണ്ടപ്പോൾ "ബ്രൂട്ടസേ നീയും!" എന്നെനിക്ക് തോന്നിയില്ല.
കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്.
പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്.എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്. ചേർത്തു പിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്. അതെൻ്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്. "ഞങ്ങൾ ചതിച്ചതു തന്നെ" എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ.
പക്ഷേ, രാവും പകലും ഇല്ലാതെ എൻ്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ സഖാക്കൾ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എൻ്റെ മനസ്സിൽ സുദൃഢമായിരിക്കും.



Click it and Unblock the Notifications