ആരോഗ്യരംഗം മെച്ചപ്പെട്ടു; രോഗനിര്‍ണയത്തിലും മരുന്ന് മാറലിലും പരാതികള്‍ വര്‍ധിച്ചു; ഡോ ബി ഇക്ബാല്‍
കോഴിക്കോട്: മെച്ചപ്പട്ട ചികിത്സ മൗലികാവകാശമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ഡോ ബി ഇക്ബാല്‍. കേരളത്തിന്റെ ആരോഗ്യ മേഖല ലോകാരോഗ്യസംഘടന തന്നെ അംഗീകരിച്ചതാണ്. ആരോഗ്യരംഗം വികസിത രാജ്യങ്ങള്‍ക്കു തുല്യമായി നേട്ടം കൈവരിച്ചു. എങ്കിലും ചികിത്സാ നിര്‍ണയം, മരുന്ന് എന്നിവ മാറിയതായി പരാതി ഉയരാറുണ്ട്. ഇതിന് പരിഹാരം കാണുതിന് രോഗം, അനുബന്ധ ചികിത്സ, മരുന്ന് എന്നിവ സംബന്ധിച്ച് ബോര്‍ഡുകള്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ചികിത്സാ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം പബ്ലിക് ഹെല്‍ത്ത് ആക്ട്, ഏകീകൃത മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആക്ട് എന്നിവ സംസ്ഥാനത്ത് പാസാക്കപ്പെടണം.

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് ഉണര്‍വുണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍ മികച്ച സൗകര്യങ്ങള്‍ ഉള്‍പ്പടെ ആവശ്യങ്ങള്‍ കൂടിവരുന്ന അവസ്ഥയുമുണ്ട്. ആരോഗ്യ സേവനങ്ങളില്‍ അഞ്ച് ശതമാനം സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് വളരെ കുറവാണ്. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട ആരോഗ്യം മൗലികാവശമാക്കുന്നതിനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൗണ്‍ഹാളില്‍ നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെമിനാറില്‍ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുളള നിയമനിര്‍മാണങ്ങള്‍ എന്ന വിഷയമവതരിപ്പിക്കുകയായിരുന്നു ഡോ.ബി. ഇക്ബാല്‍. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ്കുമാര്‍, തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ലി വാസു, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് അഡിഷണല്‍ പ്രൊഫസര്‍ ഡോ. ജയപ്രകാശ് ആര്‍. എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.












Click it and Unblock the Notifications