നഷ്ടം 1000 കോടി കടന്നു, അടഞ്ഞ് കിടന്നാൽ ഇനിയും കൂടും;ലോക്ക്ഡൗണിന് ശേഷം ഉടൻ ഔട്ട്‌ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ
നഷ്ടം 1000 കോടി കടന്നു, അടഞ്ഞ് കിടന്നാൽ ഇനിയും കൂടും;ലോക്ക്ഡൗണിന് ശേഷം ഉടൻ ഔട്ട്‌ലെറ്റുകൾ തുറക്കണമെന്ന് ബെവ്കോ
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെയാണ് സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്ക്കാൻ തീരുമാനമായത്. പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യശാലകൾ കഴിഞ്ഞ 26 മുതൽ അടഞ്ഞു കിടക്കുകയാണ്. ഒരു മാസമായ ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കുന്നതിനാൽ നഷ്ടം ആയിരം കോടി കടന്നതായി ബെവ്കോ. ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു.

ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്‍റെ സഹായവും വേണ്ടി വരും. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിച്ചയുടന്‍ ഔട്ട്ലെറ്റുകള് തുറക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം.
രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വ്യാപനം തുടരുന്ന സാഹചര്യത്തിൽ രണ്ട തവണകൂടി ലോക്ക്ഡൗൺ നീട്ടിയിരുന്നു. നിലവിൽ മെയ് 30 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓൺലൈനായി മദ്യം വിൽപ്പന നടത്തണമെന്നും ഹോം ഡെലിവറി ചെയ്യണമെന്നുമുള്ള ആവശ്യം വീണ്ടും സജീവമായിരുന്നു.
എന്നാൽ തൽക്കാലം മദ്യം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് തീരുമാനം. ഹോം ഡെലിവറിയടക്കമുള്ള ഓൺലൈൻ മദ്യ വിൽപ്പനയ്ക്ക് നയപരമായ തീരുമാനം വേണമെന്നാണ് രണ്ടാം പിണറായി സർക്കാരിലെ എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാട്. ബുക്കിങ് സംവിധാനം തിരികെ കൊണ്ടുവരുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഔട്ട്ലെറ്റുകള് ഇനിയും അടഞ്ഞു കിടന്നാല്‍ വ്യാജ മദ്യത്തിന്‍റെ ഒഴുക്കുണ്ടാവാനുള്ള സാധ്യതയും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കർശന പരിശോധനയാണ് ഗ്രാമങ്ങളിലടക്കം എക്സൈസ് നടത്തുന്നത്.












Click it and Unblock the Notifications