ബെവ്‌കോയില്‍ ഇനി പണം സ്വീകരിക്കില്ല..! തിങ്കളാഴ്ച മുതല്‍ ഡിജിറ്റല്‍ ഇടപാട് മാത്രം
തിരുവനന്തപുരം: ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമെ അനുവദിക്കൂ എന്ന് എം ഡി ഹര്‍ഷിത അട്ടല്ലൂരി. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകള്‍ക്കും കൈമാറിയിട്ടുണ്ട്. ഇതോടെ ഇനി മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ നോട്ടുകള്‍ സ്വീകരിക്കില്ല.
മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്തൂ. നിര്‍ദേശം കര്‍ശനമായി പാലിക്കണം എന്നാണ് ബെവ്‌കോ എം ഡി ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശം പുറത്ത് വന്നതോടെ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും പണം സ്വീകരിക്കില്ല എന്ന് വ്യക്തമാക്കിയുള്ള നോട്ടീസും പതിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യു പി ഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളു എന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ആണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഈ നോട്ടിസുകള്‍ എല്ലാ ഔട്ട്ലറ്റുകള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ബെവ്‌കോ ആരംഭിച്ചിരുന്നു.
ക്യാഷ് ലെസ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക വഴിയുള്ള സമയലാഭം എന്നിവയാണ് ഇതിലൂടെ ബെവ്‌കോ ലക്ഷ്യം വയ്ക്കുന്നത്. കൗണ്ടറുകളില്‍ കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ ബെവ്കോ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും സാധിക്കും.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നേരത്തെ ക്യാഷ്ലെസ് ഇടപാടുകള്‍ ആരംഭിക്കാനുള്ള ബെവ്‌കോയുടെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ക്യാഷ്ലെസ് സ്വീകരിക്കുന്ന സംവിധാനങ്ങളിലെ സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍, കാര്‍ഡ്, യുപിഐ പേയ്മെന്റുകളില്‍ പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ കാരണം കൗണ്ടറുകളില്‍ തര്‍ക്കമുണ്ടായേക്കും എന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞിരുന്നത്.
ഇതിനൊപ്പം സംസ്ഥാനത്തെ പ്രീമിയം കൗണ്ടറുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ബെവ്‌കോ പദ്ധതിയിടുന്നുണ്ട്. പ്രീമിയം കൗണ്ടറുകളില്‍ മദ്യം വെക്കുന്ന റാക്കുകള്‍ കമ്പനികള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ മദ്യ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഔട്ട്ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനാണ് നീക്കം. റാക്കുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി നിരത്തിവയ്ക്കാനും ബ്രാന്‍ഡ് നെയിം പ്രദര്‍ശിപ്പിക്കാനുമുള്ള സാഹചര്യമുണ്ടാക്കും.












Click it and Unblock the Notifications