സൂക്ഷിച്ചോ നേതാക്കളേ നിങ്ങള്‍ നിരീക്ഷണത്തിലാവും
തൃശ്ശൂര്‍:തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ തയ്യാറാകാത്ത നേതാക്കള്‍ നിരീക്ഷണത്തിലാവും.ജില്ലയില്‍ വിവിധ മുന്നണികളുടെ നേതാക്കളാണ് ജില്ലാ കമ്മിറ്റികളുടെ നിരീക്ഷണ ക്യാമറയിലാവുക. മുന്നണി സ്ഥാനാര്‍ഥിക്ക് തോല്‍വിയുണ്ടായാല്‍ ആരെല്ലാമാണ് പിന്നില്‍ നിന്ന് കുത്തിയതെന്ന് കണ്ടെത്താനുള്ള തന്ത്രം കൂടിയാണിത്.
എല്‍.ഡി.എഫില്‍ സി.പി.എം. നേതാക്കളാണ് ഇത്തരത്തില്‍ നീരീക്ഷണ വലയത്തില്‍ ഏറെയുമുള്ളത്. ജില്ലയിലെ 13 മണ്ഡലങ്ങളിലും വിജയിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം വിലയിരുത്തുന്നു. സ്ഥാനാര്‍ഥി നിശ്ചയത്തിന് മുമ്പ് വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ പടല പിണക്കങ്ങളും പരസ്യ പ്രതിഷേധവുമെല്ലാം നടന്നിരുന്നു. കുന്നംകുളത്ത് മാത്രമാണ് നിലവിലുണ്ടായിരുന്ന എം.എല്‍.എ.ക്ക് സീറ്റ് നഷ്ടമായത്. ഈ മേഖലയിലെ പ്രാദേശിക നേതാക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഓരോ മണ്ഡലത്തിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇത് പാര്‍ട്ടി വലിയ ഗൗരവത്തില്‍ എടുക്കാന്‍ തയ്യാറായതുമില്ല. പ്രചാരണ രംഗത്ത് ഈ നേതാക്കള്‍ മുന്നില്‍ നില്‍ക്കുന്നുണ്ടോയെന്നാണ് പ്രധാനമായും നോക്കുന്നത്.

യു.ഡി.എഫില്‍ മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും സീറ്റ് ലഭിക്കാത്തതിന്റെ പ്രതിഷേധങ്ങള്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. മുഖ്യമന്ത്രി എത്തിയ പ്രചാരണ പരിപാടികള്‍ക്ക് പോലും ചില നേതാക്കളുടെ വിട്ടുനില്‍ക്കല്‍ ചര്‍ച്ചയായിരുന്നു. ജില്ലയിലെ ഏത് പരിപാടിക്ക് മുഖ്യമന്ത്രി എത്തിയാലും മുന്നില്‍ നിന്നിരുന്നവരാണ് ഇപ്പോള്‍ പങ്കെടുക്കാതെ ഒഴിഞ്ഞ് നില്‍ക്കുന്നത്. ചില നേതാക്കള്‍ സ്വന്തം മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. ഐ.എ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ചതിന്റെ അസ്വാരസ്യങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നത് പ്രചാരണത്തെയും സ്ഥാനാര്‍ഥികളുടെ വിജയത്തെയും നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.
എന്‍.ഡി.എ. കൂട്ടുകെട്ടില്‍ ബി.ഡി.ജെ.എസിന്റെ സ്വാധീനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കണക്ക് കൂട്ടുന്ന രീതിയിലുള്ള സഹായങ്ങളൊന്നും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ബി.ജെ.പി. ക്യാമ്പുകളില്‍ സംസാരമുണ്ട്. ബി.ഡി.ജെ.എസ്. നേതാക്കളില്‍ പലരും പേരിന് മാത്രമാണ് എന്‍.ഡി.എ. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സ്ഥലങ്ങളില്‍ സംസ്ഥാന നേതാക്കള്‍ എത്തുമ്പോള്‍ വേദി നിറയ്ക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരാണ് മുന്നിലുള്ളത്.
6000 മുതല്‍ 9000 വരെ വോട്ടുകള്‍ ഓരോ മണ്ഡലത്തിലും ഉണ്ടെന്നാണ് ബി.ഡി.ജെ.എസിന്റെ വാഗ്ദാനം. ഇത്രയും വോട്ടുകള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുമോയെന്നതാണ് സംശയത്തിലേക്ക് നയിക്കുന്നത്. പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ ഉണ്ടാകുന്ന അടിയൊഴുക്കുകള്‍ മനസിലാക്കുന്നതിനും നിരീക്ഷണം സഹായിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.












Click it and Unblock the Notifications