പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ പോയത് സന്ധി സംഭാഷണത്തിന്... മുന്‍കൂര്‍ ജാമ്യം വേണമെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: വിവാദ യുട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അശ്ലീല വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിജയ് പി നായരും ഈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
പക്ഷേ ഇയാളെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വിജയ് പി നായരുടെ താമസസ്ഥലത്തെത്തി ഇയളെ മര്‍ദ്ദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവര്‍ പറയുന്നത് ഇങ്ങനെ...

രണ്ടു കേസുകള്‍
സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. സ്ത്രീകളെ അവഹേളിച്ച് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതാണ് വിജയ് പി നായര്‍ ചെയ്ത കുറ്റം. ഇയാളെ താമസസ്ഥലത്തെത്തി മര്‍ദ്ദിച്ചു എന്നാണ് മൂന്ന് വനിതകള്‍ക്കെതിരായ കേസ്. തന്റെ ചില വസ്തുക്കള്‍ മോഷണം പോയി എന്നും വിജയ് പി നായര്‍ പരാതിപ്പെട്ടിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ
ഫെമിനിസ്റ്റുകളെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെയുും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായരെ ഫോണില്‍ വിളിച്ചിരുന്നു. സന്ധി സംഭാഷണത്തിന് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് പി നായര്‍ നിര്‍ദേശിച്ചു. ഇതുപ്രകാമാണ് തങ്ങള്‍ വിജയുടെ താമസസ്ഥലത്ത് എത്തിയത് എന്നു മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പ്രകോപനമില്ലാതെ
താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും പുളിമുട്ടിലെ ലോഡ്ജ് മുറിയിലെത്തി. എന്നാല്‍ വിജയ് പി നായര്‍ അശ്ലീലം പറഞ്ഞ് അപമാനിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് വിജയ് പി നായര്‍ അങ്ങനെ ചെയ്തതെന്നും ഭാഗ്യലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

അതിക്രമിച്ച് കയറി
വിജയ് പി നായര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത് മറ്റൊന്നാണ്. തന്റെ യുട്യൂബ് വീഡിയോയില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ തന്റെ മുറിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ദേഹത്ത് മഷിയെറിഞ്ഞു. മുണ്ടു പറിക്കാന്‍ ശ്രമിച്ചു. ക്രൂരമായി മര്‍ദ്ദിച്ചു. അവരെ മാഡം എന്ന് മാത്രമാണ് താന്‍ വിളിച്ചത്. ഉപദ്രവിച്ചിട്ടില്ല. തന്റെ മൊബൈലും ലാപ്‌ടോപും കവര്‍ന്നു. തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയാണ് ചെയ്തതെന്നും വിജയ് പി നായര്‍ പറയുന്നു.
Recommended Video

വിമര്‍ശനം ഇങ്ങനെയും
വളരെ മോശം പദങ്ങളാണ് വിജയ് പി നായര്‍ യു ട്യൂബ് വീഡിയോയില്‍ ഉപയോഗിച്ചിരുന്നത്. ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം ഉയര്‍ന്നിരുന്നു. നിയമം കൃത്യമായി നടപ്പാക്കത്തതാണ് ഇത്തരം സംഭവത്തിലേക്ക് എത്തിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications