മറ്റാരു പറഞ്ഞാലും വിഷമമില്ലായിരുന്നു; മാലാ പാര്‍വതിയോട് പുച്ഛം തോന്നുന്നുവെന്ന് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്നുണ്ടായ വിവാദത്തില്‍ ആദ്യം പ്രതികരിച്ച ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോടൊപ്പം സിനിമ ചെയ്യില്ലെന്ന വിന്‍സിയുടെ തീരുമാനം എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നു. വിന്‍സിക്ക് എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
അതേസമയം വിവാദത്തില്‍ പ്രതികരിച്ച മാല പാര്‍വതിയുടെ നിലപാട് സമൂഹത്തില്‍ വലിയ വിമര്‍ശന വിധേയമാകുകയും ചെയ്തു. ഷൈന്‍ സെറ്റില്‍ വളരെ അച്ചടക്കമുള്ള നടനാണെന്ന തരത്തില്‍ മാല പാര്‍വതി പറഞ്ഞതാണ് വലിയ ചര്‍ച്ചയായത്. ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശുകയും വിന്‍സിയെ തള്ളിപ്പറയുകയും ചെയ്തുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ തനിക്ക് അത്തരം ഉദ്ദേശമില്ലെന്ന വിശദീകരണവുമായി മാല പാര്‍വതി രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാല പാര്‍വതിയുടെ പ്രതികരണം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. സിനിമയിലുള്ള പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നും ഇതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോയെന്നും നടി ചോദിച്ചിരുന്നു.
മാല പാര്‍വതിയുടെ വാക്കുകള്‍: 'സിനിമയിലൊക്കെ ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്‌ളൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്നുപറഞ്ഞാല്‍ പോരേ? പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ? അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയില്‍ നില്‍ക്കാന്‍ സാധിക്കില്ല.
സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകളുടെ ഒരു പ്രത്യേകത വച്ച് ആള്‍ക്കാര്‍ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്‍ ആണ്. അതിനെ വലിയൊരു വിഷയമാക്കിയാല്‍ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകും'-
ഇപ്പോഴിതാ സിനിമാ സെറ്റുകളിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും ലൈംഗികാതിക്രമ പരാതികളെയും നിസാരവല്‍ക്കരിച്ചു കൊണ്ടുള്ള മാല പാര്‍വതിയുടെ അഭിപ്രായത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി രംഗത്തുവന്നിരിക്കുകയാണ്. മാലാ പാര്‍വതിയോട് പുച്ഛം തോന്നുന്നുവെന്നും ഇതാണോ മാലാ പാര്‍വതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
മാലാ പാര്‍വതിയുടെ വായില്‍ നിന്നാണല്ലോ ഇത്തരം വാക്കുകള്‍ വീണതെന്ന് ഓര്‍ക്കുമ്പോള്‍ അവരോട് പുച്ഛം തോന്നുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അങ്ങനെ ഒരാള്‍ കിടക്കാന്‍ വരുമോ എന്ന് ചോദിച്ചാല്‍ പോടാ എന്ന് പറഞ്ഞ് തമാശരൂപേണ തോളില്‍ത്തട്ടി മുന്‍പോട്ടുപോവുക എന്ന് പറയുന്നതിനെ എന്ത് വാക്കുചേര്‍ത്ത് വിളിക്കണം എന്നറിയില്ല. അങ്ങനെ പറഞ്ഞാല്‍ ഒറ്റ പ്രാവശ്യമേ അയാളങ്ങനെ പറയൂ. രണ്ടാമതൊരു തവണ അങ്ങനെ പറയാനുള്ള ധൈര്യം നമ്മള്‍ കൊടുക്കാന്‍ പാടില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
എനിക്ക് അത്ഭുതവും വിഷമവും തോന്നുന്നു. മറ്റാര് പറഞ്ഞാലും നമുക്ക് ബുദ്ധിമുട്ടോ വിഷമമോ തോന്നില്ല. പക്ഷേ മാല പാര്‍വതിയില്‍നിന്ന് അത്തരത്തിലുള്ള പ്രസ്താവനകള്‍ വരുന്നത് വളരെ ദയനീയമാണ്' - ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
മാല പാര്‍വതിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. നേരത്തേ നടി രഞ്ജിനിയും മാലാ പാര്‍വതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും മാലാ പാര്‍വതിക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മാല പാര്‍വതിയുടെ പരാമര്‍ശം തെറ്റാണെന്നും ആരും സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കരുതെന്നും സിപിഎം നേതാവ് പികെ ശ്രീമതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications