അമ്മയിലേക്ക് തിരിച്ചെത്തുമോ? ചിരിയോടെ ഭാവന, ഇപ്പോൾ അമ്മയിൽ അംഗമല്ല, ബാക്കി പിന്നെ പറയാം..
കൊച്ചി: താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശ്വേതാ മേനോനോട് മാധ്യമങ്ങള്‍ ചോദിച്ച ആദ്യ ചോദ്യം സംഘടനയില്‍ നിന്ന് പിണങ്ങിപ്പോയവരെ തിരിച്ച് കൊണ്ട് വരുമോ എന്നതായിരുന്നു. അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ താന്‍ നേരിട്ട് സംസാരിക്കാനും അവരെ തിരിച്ച് കൊണ്ട് വരാനും തയ്യാറാണ് എന്നാണ് ശ്വേത മേനോന്‍ പ്രതികരിച്ചത്.
2018ലാണ് നടി ഭാവന അടക്കം നാല് പേര്‍ അമ്മയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോകുന്നത്. അമ്മയില്‍ ഇരട്ട നീതിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പുറത്ത് പോയ നടിമാര്‍ ചേര്‍ന്ന് സിനിമയിലെ വനിതകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ പുതിയ കൂട്ടായ്മയ്ക്കും രൂപം നല്‍കി.
ഈ സമയത്ത് നടന്‍ ഇന്നസെന്റ് ആയിരുന്നു അമ്മയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത്. അപ്പോഴോ അതിന് ശേഷം മോഹന്‍ലാല്‍ പ്രസിഡണ്ട് ആയ ശേഷമോ രാജി വെച്ച് പോയവരോട് സംസാരിക്കാനോ അവരെ തിരിച്ച് കൊണ്ട് വരാനോ ഉളള ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. രാജി വെച്ചവര്‍ വീണ്ടും അപേക്ഷ നല്‍കിയാല്‍ അംഗത്വം നല്‍കാം എന്നതായിരുന്നു അമ്മ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ യാതൊരു ഉപാധികളും ഇല്ലാതെ ഭാവന അടക്കമുളളവരെ തിരികെ കൊണ്ട് വരണം എന്നും അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.

എന്തായാലും ചരിത്രത്തില്‍ ആദ്യമായി അമ്മയുടെ നേതൃത്വത്തിലേക്ക് ഒരു സ്ത്രീ എത്തുമ്പോള്‍, നീതി നിഷേധം ആരോപിച്ച് പുറത്ത് പോയവര്‍ക്ക് നീതി ലഭ്യമാക്കാനാകുമോ എന്നതാണ് അറിയേണ്ടത്. ഭാവന അമ്മയിലേക്ക് തിരികെ വരണം എന്ന് ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഘടനയിലേക്ക് തിരിച്ച് വരുമോ എന്നുളള കാര്യം വ്യക്തമാക്കാന്‍ ഭാവന തയ്യാറായിട്ടില്ല. മൂവാറ്റുപുഴയില്‍ ഉദ്ഘാടനത്തിന് എത്തിയ ഭാവനയോട് അമ്മയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചും നേതൃത്വത്തിലേക്ക് സ്ത്രീകള്‍ എത്തിയത് സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഭാവനയുടെ മറുപടി, താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗം അല്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ അറിയില്ലെന്നുമാണ്. മറ്റൊരു സാഹചര്യത്തില്‍ അതേക്കുറിച്ച് സംസാരിക്കാമെന്നും ഭാവന വ്യക്തമാക്കി.
അമ്മയിൽ നിന്ന് രാജി വെക്കുമ്പോൾ നടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: '' അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു''.


Click it and Unblock the Notifications