തെറ്റുകൾ എല്ലാവർക്കും പറ്റും; അനിൽ ആന്റണിയെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് കെ സുധാകരൻ
അനിൽ ആന്റണിക്കെതിരെ ശക്തമായ നിലപാട് വേണമെന്നുള്ളളആവശ്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും

ദില്ലി; ബി ബി സിയുടെ വിവാദ ഡ്യോക്യുമെന്ററി നിരോധനത്തിനെതിരെ കോൺഗ്രസ് ഉൾപ്പടേയുള്ള പ്രതിപക്ഷ നേതാക്കൾ ശക്തമായ പ്രതിഷേധം ഉയർത്തുന്പോഴായിരുന്നു മുതിർന്ന പാർട്ടി നേതാവ് എകെ ആന്റണിയുടെ മകനും കെ പി സി സി സോഷ്യൽ മീഡിയ സെല്ലിന്രെ ചുമതലയുമുള്ള അനിൽ ആന്രണി ഭിന്ന സ്വരവുമായി രംഗത്ത് വരുന്നത്. രാജ്യത്തിനെതിരെ വിദേശ ശക്തികൾ നടത്തുന്ന അപവാദപ്രചരണങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു അനിൽ ആന്റണി സ്വീകരിച്ചത്. എന്നാൽ ഇതിനിടെ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, ദേശീയ തലത്തൽ നിന്ന് വരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നു. ഇതോടെ സംഘടന അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ അനിൽ ആന്റണിക്കെതിരെ കടുത്ത നടപടികൾ വേണ്ടെന്ന നിലപാടുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
അനിൽ ആന്റണി ഇപ്പോഴും കോൺഗ്രസുകാരനാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിലുള്ള പാർട്ടി നിലപാട് അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. തനിക്ക് സംഭവിച്ചുപോയ തെറ്റ് അനിൽ ആന്റണി തിരുത്തുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് അവരുടെ അഭിപ്രായം. വിഷയത്തിൽ കെ പി സി സിയുടെ അഭിപ്രായം കെ പി സി സി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇതൊന്നും വിവാദമാക്കേണ്ട വിഷയമായി തോന്നിയിട്ടില്ല.
അത്തരമൊരു കാര്യം പറഞ്ഞ് പോയി എന്ന് വെച്ച് അനിൽ ആന്റണിയെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല. എന്തെല്ലാം കാര്യങ്ങൾ ആളുകൾ പറയുന്നു. കോൺഗ്രസിന്റെ മറ്റ് നേതാക്കളുടെ ഭാഗത്ത് നിന്നും പാകപിഴകള് വരാറുണ്ട്. മനുഷ്യരാണ്, യന്ത്രമൊന്നും അല്ലാലോ. അപ്പോള് തെറ്റുകൾ സ്വാഭാവികമാണ്. തെറ്റി പറ്റിയെന്ന് കണ്ടാൽ ഉടനെ പുറത്താക്കുന്നത് ശരിയല്ലെന്നും കെ സുധാകരൻ വ്യക്തമാക്കുന്നു.
യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിന് അവർ മറുപടി പറയും. വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള് നേതാക്കൾക്കിടയിലുണ്ടാവും. അത് കൂട്ടായ ചർച്ചയിലുടെ തീർക്കുകയും ചെയ്യും. ഡോക്യുമെന്രറി വിഷയത്തിൽ ഞാൻ പറഞ്ഞത് പോലെ ആരാണ് ഇവിടെ പ്രതികരിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപം എന്ന് പറയുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ലജ്ജാകരമായ സംഭവമാണ്.ഇത്രയേറെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കിയ ഒരു കൊലപാതക പരന്പര ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെയില്ല.
ബ്രിട്ടീഷുകാരോട് പോരാടുന്പോൾ പോലും ഇത്തരമൊരു ക്രൂരപ്രവർത്തനം ഉണ്ടായിട്ടില്ല. ന്യൂനപക്ഷത്തിനെതിരെ ക്രൂരമായ അക്രമം നടത്തി സ്വത്ത് തട്ടിയെടുത്തു. സ്വന്തം മക്കളെ രക്ഷിതാക്കളുടെ മുന്നിലിട്ട് മാനഭംഗം ചെയ്തു. ഇത്രയൊക്കെ അപമാനകരമായ കാര്യമാണെങ്കിലും അത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആ ചരിത്രം ചർച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications