'ബിജെപി ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ക്ലച്ച് പിടിക്കില്ല', സുരേന്ദ്രന് കഴിവുകേടെന്ന് ഭീമൻ രഘു
തിരുവനന്തപുരം: ബിജെപി ഈ അടുത്ത കാലത്തൊന്നും കേരളത്തിൽ ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ലെന്ന് നടൻ ഭീമൻ രഘു. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ കെ സുരേന്ദ്രന് കഴിവുകേടുണ്ടെന്നും ഭീമൻ രഘു വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ബിജെപി ബന്ധം ഉപേക്ഷിച്ച ഭീമൻ രഘു കഴിഞ്ഞ ദിവസം ആണ് സിപിഎമ്മിനൊപ്പം ചേർന്നത്.
ഭീമൻ രഘുവിന്റെ വാക്കുകൾ: ''ബിജെപിയോട് ആദര്‍ശപരമായി വിയോജിപ്പുണ്ട്. പല കാര്യങ്ങളിലും ഒത്തുപോകാന്‍ പ്രയാസമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കണം എന്നുണ്ടായിരുന്നില്ല. പക്ഷേ ജനങ്ങളിലേക്ക് ഇറങ്ങി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നു. അവിടെ അതിനുളള വഴിയൊരുക്കി തന്നിരുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞിരുന്നു, അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിനെ കുറിച്ച്. പക്ഷേ അവര്‍ക്കൊന്നും തീരെ താല്‍പര്യമില്ല.

മാനസികമായി തനിക്ക് പ്രയാസം തോന്നി. ഇത്രയും വലിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി, ദിവസങ്ങളോളം അവിടെ നിന്ന് കഷ്ടപ്പെട്ട് ഓരോ സ്ഥലത്തേക്കും ചെല്ലുമ്പോഴും അവരുടെ മനോഭാവം നല്ലതായിരുന്നില്ല. മോഹന്‍ലാല്‍ അടക്കമുളളവര്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് വന്നു. നമ്മുടെ ഒരാളുണ്ടല്ലോ, എംപിയായ സുരേഷ് ഗോപി. അദ്ദേഹത്തെ വിളിച്ചാല്‍ വരുമെന്ന് കരുതി.
നാലഞ്ച് തവണ വിളിച്ചിട്ടും പ്രതികരണമില്ല. കട്ട് ചെയ്തു, സര്‍ ബിസി ആണെന്ന് പറഞ്ഞു. ഒരുപാട് തവണ ട്രൈ ചെയ്തപ്പോള്‍ കിട്ടി. സുരേഷേ ഒന്നു വന്നുകൂടെ പ്രചരണത്തിന്, മറ്റുളളവരൊക്കെ വരുന്നുണ്ട് എന്ന് പറഞ്ഞു. എനിക്ക് തീരെ സമയമില്ല ചേട്ടാ എന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിക്കൊപ്പമുളള പരിപാടിയൊക്കെ ഉണ്ടെന്ന് പറഞ്ഞു.
സുരേഷ് ഗോപിയുടെ കാര്യം മാത്രമല്ല, സംസ്ഥാന തലത്തിലുളള ആരും പത്തനാപുരത്ത് വന്ന് സഹകരിച്ചില്ല. പതിമൂവായിരത്തിലധികം വോട്ട് പിടിച്ചു. എന്നിട്ട് പോലും ഒരാളും വിളിച്ച് അഭിനന്ദിച്ചില്ല. പാര്‍ട്ടിയില്‍ നിന്നും കലാകാരന്മാര്‍ കൊഴിഞ്ഞ് പോകുന്നത് ബിജെപിയുടെ കഴിവുകേടാണ്. സുരേന്ദ്രന്‍ അധ്യക്ഷന്റെ വര്‍ക്ക് ചെയ്യുന്നില്ല.
പാര്‍ട്ടിയിലേക്ക് വരുന്നവരെ ഏത് രീതിയില്‍ കൊണ്ട് പോകണം എന്ന് ബിജെപിയിലെ ആര്‍ക്കും അറിയില്ല. സുരേന്ദ്രനെ കൊണ്ട് അതിനൊന്നും കൊള്ളില്ല. സുരേന്ദ്രന് അതിനൊന്നും താല്‍പര്യം ഇല്ലെന്നാണ് തോന്നുന്നത്. സ്ഥാനാര്‍ത്ഥിയാക്കിയല്ലോ എന്ന് പറഞ്ഞ് ഒഴിയുകയാണ് സുരേന്ദ്രന്‍.
അമിത് ഷായുടെ പരിപാടിക്ക് പോയപ്പോള്‍ മുന്നിലെ നിരയില്‍ നിന്ന് പിറകിലേക്ക് പോയിരിക്കാന്‍ പറഞ്ഞു. രണ്ട് വാക്ക് പറയാന്‍ തയ്യാറെടുത്താണ് പോയത്. ഇംഗ്ലീഷിലും ഹിന്ദിയിലും, മലയാളത്തിലല്ല. സുരേന്ദ്രന് അത് മനസ്സിലായിട്ടില്ല. സ്‌റ്റേജില്‍ കയറ്റി വിട്ടാല്‍ മനസ്സിലാകും. സുരേന്ദ്രന് കഴിവുകേടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുതലുളള നേതൃത്വത്തില്‍ അഴിച്ചുപണി വേണം. കഴിവുളള ആളുകളെ കൊണ്ട് വന്നാല്‍ ബിജെപി രക്ഷപ്പെടും. കൃത്യമായ പ്രത്യയശാസ്ത്രവും നിലപാടും സിപിഎമ്മിനുണ്ട്. കാള്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും പുസ്തകം വായിച്ചിട്ടാണ് ഇതിലേക്ക് വരുന്നത്.
ബിഗ് ബജറ്റ് സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയത് പാര്‍ട്ടിക്കാരനായത് കൊണ്ടാണോ അതോ പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല. പക്ഷേ വലിയ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പത്തനാപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ പുല്ല് പോലെ ജയിച്ചേനെ. അടിത്തട്ടില്‍ ഇറങ്ങി വര്‍ക്ക് ചെയ്യുന്ന ആളുകളാണ് സിപിഎമ്മിലുളളത്. പറയാനുളളത് തുറന്ന് പറയുന്ന പാര്‍ട്ടിയാണ് സിപിഎം.
ആര്‍എസ്എസിന് മറ്റിടത്ത് ഉളളത് പോലെ ഉളള സംവിധാനം കേരളത്തിലില്ല. സംഘടനയെ കൊണ്ട് പോകാന്‍ പറ്റിയ ആളുകള്‍ കേരളത്തിലില്ല. അത് തന്നെയാണ് കേരളത്തിലെ വിജയം ഇല്ലായ്മയ്ക്ക് കാരണം. കേരളത്തില്‍ ബിജെപി ഉടനെയൊന്നും ക്ലച്ച് പിടിക്കുമെന്ന് തോന്നുന്നില്ല''.












Click it and Unblock the Notifications