ഗവർണർക്ക് തിരിച്ചടി; കേരള യുണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി
കൊച്ചി: കേരള സർവകലാശാല സെനറ്റിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത അംഗങ്ങളുടെ നിയമനം റദ്ദാക്കി ഹൈക്കോടതി. നാല് അംഗങ്ങളുടെ നിയമനമാണ് റദ്ദ് ചെയ്തത്. അതേസമയം സർക്കാർ നിയമിച്ച രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.ആറാഴ്ചയ്ക്കകം പുതിയ നാമനിർദ്ദേശം നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ സെനറ്റിലേക്ക് നിർദ്ദേശം ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. സാധാരണഗതിയിൽ സർവ്വകലാശാല കൈമാറുന്ന പട്ടികയിലെ മികവ് പുലർത്തുന്നവരെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നകയാണ് പതിവ്. എന്നാൽ ഈ ലിസ്റ്റിലെ 8 പേരുകളും തള്ളി സ്വന്തം നിലയ്ക്ക് ഗവർണർ നാല് പേരുകൾ നിർദ്ദേശിക്കുകയായിരുന്നു.
എ ബി വി പി പ്രവർത്തകരായ അഭിഷേക് ഡി നായർ (ഹ്യൂമാനിറ്റീസ്), എസ് എൽ ധ്രുവിന് (സയൻസ്), മാളവിക ഉദയന്‍ (ഫൈൻ ആർട്സ്), സുധി സുധന് (സ്പോർട്സ്) എന്നിവരെയാണ് ആരിഫ് ഖാൻ നിർദ്ദേശിച്ചത്. ചാൻസലറെന്ന നിലയിൽ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്നായിരുന്നു ഗവർണറുടെ വാദം.

തുടർന്ന് ഗവർണറുടെ ഉത്തരവിനെതിരെ സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി എസ് കാവ്യ, നന്ദകിഷോർ, പി എസ് അവന്ത് സെൻ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവർണർ നാമനിർദേശം ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഈ ഹർജിയിലാണ് ഇപ്പോൾ ഗവർണർക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതിനിടെ സർക്കാർ നോമിനേറ്റ് ചെയ്ത ഡോ ജെ എസ് ഷിജുഖാന്‍, മുന്‍ എം എല്‍ എ ആര്‍. രാജേഷ്, അഡ്വ ജി മുരളീധരന്‍ എന്നിവരുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചു.












Click it and Unblock the Notifications