'പിന്നിൽ അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീം', നമ്മളൊന്നും കാണാത്ത തിമിംഗലങ്ങളെന്ന് സരിത എസ് നായർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വമ്പൻ തിമിംഗലങ്ങളുണ്ടെന്ന് സരിത എസ് നായർ. സ്വർണ്ണക്കടത്ത് ഗൂഢാലോചനക്കേസിൽ രഹസ്യ മൊഴി കൊടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. സ്വപ്ന സുരേഷും പിസി ജോർജും അടക്കം ഗൂഢാലോചന കേസിൽ പ്രതികളാണ്.
സ്വപ്ന സുരേഷിനെ കുറിച്ച് പിസി ജോർജും സരിതയും സംസാരിക്കുന്ന ഓഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. തന്നെയും കുടുംബത്തേയും അടക്കം ഇതിലേക്ക് അനാവശ്യമായി വലിച്ചിട്ടതാണെന്ന് സരിത എസ് നായർ ആരോപിച്ചു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സരിത വ്യക്തമാക്കി. തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. താന്‍ ഇതിലേക്ക് വന്ന് പെട്ടതാണ്. തന്നെ ഇതിലേക്ക് ഉപയോഗിച്ചത് എന്തിനാണ് എന്ന് അറിയണം. അത് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്.

ഇതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ആരുമില്ലെന്നതാണ് ഏറ്റവും വലിയ രസമെന്നും സരിത പറഞ്ഞു. ഇവര്‍ പ്ലാനിംഗ് നടത്തിയത് ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് എന്നതിന് തെളിവായി ഫോണ്‍ കോള്‍ കയ്യിലുണ്ട്. അങ്ങോട്ട് വരാനാണ് തന്നോട് ആവശ്യപ്പെട്ടത്. പിസി ജോര്‍ജിന് പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയക്കാരുണ്ടാകും. മറ്റൊരു രാഷ്ട്രീയപാര്‍ട്ടി പ്രധാനമായും ഉണ്ട്.

സ്വപ്‌നയ്ക്ക് സംരക്ഷണം കൊടുക്കാമെന്ന് പറഞ്ഞത് അവര്‍ക്ക് കിട്ടിയിട്ടുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. നമ്മുടെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടാമെന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ല. വെറുതെ ഇരുന്ന തന്നെ മാന്തി വിടുകയായിരുന്നു. താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ രഹസ്യ മൊഴിയായി കോടതിയില്‍ കൊടുത്തു.

തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളുമുണ്ടായി. ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പിസി ജോര്‍ജ് അല്ല. അതിനും പിന്നില്‍ വലിയ ആളുകള്‍ ഉണ്ട്. നമ്മളൊന്നും കാണാത്ത തിമിംഗലങ്ങള്‍ പിന്നിലുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു. തന്നെ സമീപിക്കുന്നത് പിസി ജോര്‍ജ് ആണ്. സ്വപ്നയെ കുറിച്ച് പറഞ്ഞ ഫോണ്‍ കോള്‍ മുതലുളള കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പല കാര്യങ്ങളും പുറത്ത് വരും. ഗൂഢാലോചനയുടെ വ്യാപ്തി വളരെ വലുതാണ്. 2015 മുതല്‍ ആരംഭിച്ച സംഭവമാണ്. സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പിറകില്‍. സാധനം കൊണ്ട് വന്ന് തിരിച്ച് കൊടുത്തില്ലെങ്കില്‍ പണം കൊടുത്തവര്‍ തിരിച്ച് ചോദിക്കില്ലേ. ആ തിരിച്ച് ചോദിക്കലിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ കേസാണ്.

ഇതിന്റെ പിറകിലുളളത് അന്താരാഷ്ട്ര ശാഖകള്‍ വരെയുളള ടീമാണ്. അവര്‍ ചെയ്യുന്നത് രാജ്യദ്രോഹം ആണെങ്കിലും പിന്തുണയ്ക്കാന്‍ ആളുകളുണ്ട്. കാശ് മുടക്കിയവര്‍ക്ക് അത് തിരിച്ച് കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നം കുറച്ച് കൈവിട്ട് പോയതാണ്. അതാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നും സരിത എസ് നായർ മാധ്യമങ്ങളോട് പറഞ്ഞു .












Click it and Unblock the Notifications