വമ്പൻ ട്വിസ്റ്റ്! പണി ചോദിച്ച് വാങ്ങി ബോബി ചെമ്മണ്ണൂര്‍, നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂരിനെ പറപ്പിച്ച് ഹൈക്കോടതി. നിയമവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറിയ ബോബി ചെമ്മണ്ണൂരിനെ അതിശക്തമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചിരിക്കുന്നത്. നാടകം കളിക്കരുത് എന്ന് കോടതി ബോബിയെ താക്കീത് ചെയ്തു.
ജയില്‍ വിടാതിരുന്നതിന് ജാമ്യം റദ്ദാക്കാനും വേണ്ടി വന്നാല്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കോടതിക്ക് സാധിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി. ബോബിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി വിശദീകരണം നല്‍കിയില്ലെങ്കില്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം കോടതി റദ്ദാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസ് കോടതി വീണ്ടും പരിഗണിക്കുമെന്ന് വന്നതോടെ അടിയന്തരമായി ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജയിലില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പണമില്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാത്ത തടവുകാരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ തുടര്‍ന്നത് എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്ന ന്യായം. എന്നാല്‍ മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
നീതിന്യായ വ്യവസ്ഥ ഇവിടെ ഉണ്ടെന്നും തനിക്ക് മുകളില്‍ മറ്റാരും ഇല്ലെന്നാണോ ബോബി ചെമ്മണ്ണൂരിന്റെ വിചാരണമെന്നും ഹൈക്കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ ഈ ചെയ്യുന്നതെല്ലാം മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ് എന്ന് അറിയാമെന്നും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുത്. എന്താണ് നിങ്ങള്‍ കഥ മെനയുന്നത് എന്നും പ്രതിഭാഗത്തോട് ഹൈക്കോടതി ചോദിച്ചു.
റിലീസ് ഉത്തരവ് ഇന്നലെ വൈകിട്ട് തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് ജില്ലാ ജഡ്ജിയില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. വേണമെങ്കില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാനും ഒരു മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും സാധിക്കുമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങിയില്ല എന്നതില്‍ പ്രതിഭാഗവും സര്‍ക്കാരും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.












Click it and Unblock the Notifications