'സാറും ഇത്ര തരംതാഴ്ന്നു പോയോ?' രേണുവിനൊപ്പമുള്ള രജിത് കുമാറിന്റെ വീഡിയോയ്ക്ക് വിമര്‍ശനം; എംവിഡി കണ്ടോ?
ടെലിവിഷന്‍, മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അടുത്ത കാലത്താണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയയാകുന്നത്. സുധിയുടെ അപ്രതീക്ഷിത മരണത്തോടെ രേണു സുധിയുടെയും മക്കളുടെയും ജീവിതം അനിശ്ചിതാവസ്ഥയിരുന്നു. സുധിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ രേണവും മക്കളും ജീവിതം തിരികെ പിടിച്ചു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും രേണു വൈറലാണ്.
ഫോട്ടോ ഷൂട്ടുകളിലൂടെയും റീല്‍സുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് രേണു സുധി. ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ രേണുവിന് വലിയ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. 'ഭര്‍ത്താവ് മരിക്കാന്‍ കാത്തിരിക്കുകയായിരുന്നു സന്തോഷിക്കാന്‍' എന്ന തരത്തിലുള്ള കമന്റുകളാണ് രേണുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ബോഡി ഷെയ്മിങ് നടത്തിയുള്ള കമന്റുകളും നിരവധി നേരിടേണ്ടി വരുന്നുണ്ട്.

എന്നാല്‍ ഈ കമന്റുകളൊന്നും തന്നെ ബാധിക്കില്ലെന്നും അതെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും രേണു സുധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടിയാണ് താന്‍ കഷ്ടപ്പെടുന്നതെന്നും മക്കള്‍ക്ക് തന്നെ മനസിലാകുമെന്നും രേണു സുധി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
അടുത്തിടെ നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി പ്രണയ റീല്‍സ് ഷൂട്ട് ചെയ്തതിന് രേണുവിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദാസേട്ടന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ക്കൊപ്പമായിരുന്നു അന്നത്തെ റീല്‍സ് ചിത്രീകരണം. ഇരുവരും ചേര്‍ന്ന് റോഡില്‍ ഒരു ഗാനത്തിന് ചുവടുവയ്ക്കുന്നതും അതു വഴി ബൈക്കില്‍ പോയ രണ്ട് പേര്‍, ഗതാഗതം തടസപ്പെടുത്തിയതിന് രേണുവിനെയും ദാസേട്ടനെയും ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതോടെ രണ്ട് പേരും ഡാന്‍സ് നിര്‍ത്തി റോഡില്‍ നിന്ന് അരികിലേക്കു മാറിനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തിരക്കഥയാണെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കി.
ഇപ്പോഴിതാ, ഗതാഗത ലംഘനത്തിന്റെ പേരില്‍ രേണു സുധി വീണ്ടും വിമര്‍ശിക്കപ്പെടുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയും സോഷ്യല്‍ മീഡിയ താരവുമായ ഡോ. രജിത് കുമാറാണ് ഇക്കുറി രേണു സുധിക്ക് ഒപ്പമുള്ളത്. ഒരു പെണ്‍കുട്ടി കൂടി ഒപ്പമുണ്ട്. ഒരു കാറിന്റെ മുന്‍ സീറ്റില്‍ മൂന്ന് പേരും ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് വിമര്‍ശിക്കപ്പെടുന്നത്.
രജിത് കുമാറാണ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നത്. അടുത്ത സീറ്റില്‍ രണ്ടു പേരും കൂടി ഒരുമിച്ചാണ് ഇരിക്കുന്നത്. ഗതാഗത നിയമ പ്രകാരം, യാത്ര ചെയ്യുമ്പോള്‍ കാറിന്റെ മുന്‍ സീറ്റില്‍ മുതിര്‍ന്ന രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദം ഉള്ളൂ. എന്നാല്‍ ഇവിടെ രേണുവും പെണ്‍കുട്ടിയും കൂടി ഒരു സീറ്റിലാണ് ഇരിക്കുന്നത്. രണ്ട് പേരും കൂടി ഒരുമിച്ചാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കുന്നത്.
വലിയ വിമര്‍ശനമാണ് രജിത് കുമാറിനും രേണുവിനും എതിരെ ഉയരുന്നത്. ഇവര്‍ക്കെതിരെ ഗതാഗത നിയമം തെറ്റിച്ചതിന് കേസെടുക്കണമെന്ന് എംവിഡിയെ ടാഗ് ചെയ്ത് പലരും ആവശ്യപ്പെടുന്നുണ്ട്. തങ്ങള്‍ക്ക് ചുറ്റും കൂടിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിയമം തെറ്റിക്കില്ലെന്നും ഇവര്‍ പറയുന്നുണ്ട്. എന്നിട്ടാണ് മൂന്നു പേരും കൂടെ മുന്നിലിരുന്ന് യാത്ര ആരംഭിക്കുന്നത്. പിന്നിലെ സീറ്റില്‍ ഇരിക്കാന്‍ ഇടയില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
വീഡിയോക്കെതിരെ വലിയ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. രജിത് കുമാര്‍ ഇത്രയ്ക്ക് തരംതാഴ്ന്നു പോയോ എന്നും സാറിനോടുള്ള ബഹുമാനം പോയെന്നും ഉള്‍പ്പെടെ കമന്റിടുന്നവരുണ്ട്.












Click it and Unblock the Notifications