ഞാൻ കണ്ട മനാഫ് ഒരു മനുഷ്യനാണ്; യൂട്യൂബ് ചാനല്‍ തുടങ്ങിയത് അപരാധമല്ല: പിന്തുണച്ച് അഖില്‍ മാരാർ
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ മരണപ്പെട്ട അർജുന്റെ കുടുബം വലിയ തോതിലുള്ള ആരോപണങ്ങളായിരുന്നു ലോറി ഉടമ മനാഫിനെതിരെ കഴിഞ്ഞ ദിവസം നടത്തിയത്. അർജുന് മാസം 75000 രൂപ ശമ്പളമുണ്ടെന്ന് പ്രചരിപ്പിച്ച മനാഫ് കുടുംബത്തെ മാനസികമായി തളർത്തുന്നുവെന്നാണ് അർജുന്റെ സഹോദരി ഭർത്താവ് ജിതിന്‍ ആരോപിച്ചത്. അർജുന്റെ പേരില്‍ ഫണ്ട് പിരിവ് നടക്കുന്നു, മനാഫ് വൈകാരികത ചൂഷണം ചെയ്യുകയാണ് എന്ന് തുടങ്ങിയ ആരോപണങ്ങളും കുടുംബം ഉയർത്തി.
അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി മനാഫ് ഇന്നലെ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയും രണ്ടായി തിരിഞ്ഞിരിക്കുകയാണ്. അർജുന്റെ കുടുംബത്തേയും മാനഫിനേയും പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ പരസ്പരം വിമർശനങ്ങളും അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയില്‍ നടത്തുന്നു.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാറും രംഗത്ത് വന്നിരിക്കുകയാണ്. ലോറി ഉടമ മനാഫിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. മനാഫ് യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ലെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ശരിയും തെറ്റും ചർച്ച ചെയ്യാം...
യൂട്യൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല. മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല. കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറഞ്ഞ കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത ഭാവിയിൽ സിനിമ ആകും എന്ന ചിന്തയിൽ അല്ല. ഉള്ളിലെ സത്യം സിനിമ ആയി സംഭവിച്ചതാണ്.
മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്. ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക.
മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്. ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്...












Click it and Unblock the Notifications