'ഈ നാറികളാണ് യുവതലമുറയെ ഈ തരത്തിലാക്കിയത്': 90 കളിലെ തലമുറ എന്തുകൊണ്ട് ചെയ്തില്ല: അഖില്‍ മാരാർ പറയുന്നു
കേരളം വളറെ ദൗർഭാഗ്യകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. പ്രത്യേകിച്ച് നമ്മുടെ പുതുതലമുറയുടെ പോക്ക് ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തിലാണ് മുന്നോട്ട് പോകുന്നത്. ഇളയ കുഞ്ഞുങ്ങളെ താലോലിക്കാനും സ്നേഹിക്കാനും അവരുമായി സന്തോഷിക്കാനുമാണ് നമ്മള്‍ സമയം ചിലവഴിച്ചിരുന്നത്. എന്നാല്‍ അതേ കുഞ്ഞുങ്ങളെ നോക്കി ഭയപ്പെട്ട് കഴിയേണ്ട ഒരു കാലത്തിലൂടെയാണ് നമ്മള്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അഖില്‍ മാറാറിന്റെ പ്രതികരണം.
എന്തായിരിക്കും ഇതിന്റെ കാരണം എന്ന് പലരും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലാണ് മലയാള ചലച്ചിത്രലോകത്ത് അടുത്തിടെ ഇറങ്ങിയ വയലന്‍സ് സിനിമകളാണ് ഇതിനുള്ള പ്രധാന കാരണമെന്ന രീതിയില്‍ ചാനലില്‍ ചർച്ചകള്‍ നടക്കുന്നു. ഡി വൈ എഫ് ഐ അടക്കമുള്ള പ്രസ്ഥാനങ്ങളും പറയുന്നു മാർക്കോ പോലുള്ള സിനിമകള്‍ പുതിയ തലമുറയെ അക്രമാസക്തരാക്കാന്‍ സ്വാധീനിക്കുന്നുവെന്ന്. ചെറിയ തോതില്‍ ഞാനും അത് അംഗീകരിക്കാം.

സിനിമ നേരിയ രീതിയിലെങ്കിലും ഒരു കുട്ടിയില്‍ സ്വാധീനം ചെലുത്താം. എന്നാല്‍ എന്താണ് ഈ നാടിന്റെ നിയമവ്യവസ്ഥിയെന്നും സിനിമയില്‍ നിയമവ്യവസ്ഥിതി ഇല്ലെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കികൊടുക്കാന്‍ ആരുമില്ല. ഇതേ ആക്രമണങ്ങളൊക്കെ പണ്ടുള്ള സിനിമകളിലും ഉണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ ആരും തന്നെ അക്രമാസക്തരായി പുറത്തിറങ്ങി യാതൊരു വിവരക്കേടും കാണിച്ചിരുന്നില്ല. പരമാവധി പോയി കഴിഞ്ഞാല്‍ ആ സിനിമയിലെ ഡയലോഗ് പറഞ്ഞ് സിനിമയെ നിത്യജീവിതത്തില്‍ ഒതുക്കി നിർത്തും. പിന്നെ നല്ല മോട്ടീവേഷന്‍ ചിത്രങ്ങളാണെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന തോന്നലുമുണ്ടാകും.
എന്തായാലും നമ്മുടെ നാടിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് നേരിയ തോതില്‍ മാത്രമെ സിനിമകള്‍ സ്വാധീനിക്കുന്നുള്ളുവെന്ന് പറഞ്ഞാല്‍ ഞാനും അത് ഉള്‍ക്കൊള്ളാം. അതിന് അപ്പുറം എന്താണ് ഇതിന്റെയെല്ലാം പ്രധാനപ്പെട്ട കാരണം എന്ന് അന്വേഷിക്കുകയാണെങ്കില്‍ എന്തുകൊണ്ട് നമ്മളാരും ഇത് ചെയ്തിരുന്നില്ല, എന്തുകൊണ്ട് ഇന്നത്തെ തലമുറ ഇത് ചെയ്യുന്നുവെന്നാണ് കണ്ടെത്തേണ്ടത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ധൈര്യം ഏതെങ്കിലും മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവർത്തകർക്കോ ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
എന്റെ ചോദ്യം ഇതാണ്, 90 ലേയും 80 ലേയും 70 ലേയും തലമുറ ചെയ്യാത്ത കാര്യങ്ങള്‍ 2000 ത്തിലും 2010 ലും ജനിച്ച തലമുറ ചെയ്യുന്നു എന്നതിന്റെ കാരണം നിങ്ങള്‍ക്ക് ആർക്കെങ്കിലും കണ്ടെത്താനാകുമോ. ഞാന്‍ കണ്ടെത്തിയ ചില കാര്യമുണ്ട്. നമ്മള്‍ എന്തുകൊണ്ട് ചെയ്തില്ല എന്ന് ചോദിച്ചാല്‍ നമുക്ക് നമ്മുടെ അധ്യാപകരെ ബഹുമാനമായിരുന്നു, സ്നേഹമായിരുന്നു, ഭയമായിരുന്നു. നമ്മുക്ക് നമ്മുടെ അമ്മയെ ബഹുമാനമായിരുന്നു, സ്നേഹമായിരുന്നു, ഭയമായിരുന്നു. സമാനമായ രീതിയില്‍ നമ്മുടെ അച്ചനെ ബഹുമാനമായിരുന്നു, സ്നേഹമായിരുന്നു, ഭയമായിരുന്നു. അതുപോലെ തന്നെ നമ്മുടെ ചുറ്റുപാടുകളേയും സമൂഹത്തേയും നമ്മള്‍ ഭയപ്പെട്ടിരുന്നു. കുറേയൊക്കെ ഈശ്വരനേയും ഭയമായിരുന്നു.
ഈ ഭയം എന്ന വികാരത്തെ ഇന്നത്തെ തലമുറയില്‍ നിന്നും കട്ട് ചെയ്ത് കളഞ്ഞു. ഭയം എന്ന ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ വികാരത്തെ കട്ട് ചെയ്ത് കളയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നിങ്ങളുടെ കണ്‍മുന്നിലുണ്ടാകുന്നത്. എന്തായിരിക്കാം ഇതിന്റെ കാരണം എന്ന് ചോദിച്ചാല്‍ അടുപ്പുകൂട്ടി ചർച്ച നടത്തുന്ന മാധ്യമപ്രവർത്തരും ഇടത് കപട ബുദ്ധിജീവികളും സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനാവശ്യമായ ആവിഷ്കാര സ്വാതന്ത്രവും കപട പുരോഗമനവാദങ്ങളുമാണ് കുട്ടികളുടെ ഉള്ളിലെ ഭയത്തേയും ബഹുമാനത്തേയും ഇല്ലാതാക്കിയത്.
ഒരാള്‍ മര്യാദക്ക് കഴിയണമെങ്കില്‍ അയാള്‍ നിയന്ത്രണ വിധേയമായിട്ടാകണം ജീവിക്കേണ്ടത്. പൂർണ്ണ സ്വാതന്ത്രത്തോടെ ജീവിക്കാന്‍ ഈ ലോകത്ത് ആർക്കും അവകാശം ഇല്ല, അതിന് കഴിയുകയുമില്ല. എല്ലാവരുടേയും സ്വാതന്ത്രം നിയന്ത്രണ വിധേയമായ സ്വാതന്ത്രമാണ്. ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള നിയന്ത്രണങ്ങള്‍ നമുക്ക് ഉണ്ടാകണം. ഈ നിയന്ത്രണത്തെ ഇല്ലാതാക്കാന്‍ കപട പുരോഗമനവാദികളും കുറച്ചൊക്കെ മാധ്യമപ്രവർത്തകരും ചെയ്യുന്നുണ്ട്.
ചില മൂല്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ കുടുംബം ഇല്ലാതാകും. അതോടെ അവിടെ വളർന്ന് വരുന്ന കുട്ടികളില്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്ന മാനസികാവസ്ഥയുണ്ടാകും. നിയന്ത്രിക്കാന്‍ ആളുകള്‍ ഇല്ലെങ്കില്‍ അവർ എന്തും ചെയ്യും എന്ന നിലയിലേക്ക് എത്തും. സ്നേഹവും നിയന്ത്രണവും ഇല്ലാത്ത കുട്ടികള്‍ പുറത്തുള്ളവരുടെ സമ്മർദങ്ങള്‍ക്ക് സ്വാധീനപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്വാധീനപ്പെടല്‍ അവരെ തെറ്റിലേക്ക് നയിക്കും. തെറ്റ് ചെയ്യുന്നത് സംബന്ധിച്ച തോന്നല്‍ തന്നെ കുട്ടിയുടെ മനസ്സില്‍ ഇല്ലാതാകുന്നു, ലഹരിക്ക് അടിമയാകുന്നു. പെണ്‍കുട്ടികളെ മറ്റ് പല രീതിയിലും സ്വാധീനിക്കുന്നു.
അങ്ങനെ കുടുംബത്തിലെ മൂല്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കുട്ടികളെ ഈ രീതിയിലേക്ക് മാറ്റുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കിയത് ഇവിടുത്തെ നാറികളായ ബുദ്ധിജീവികളാണ്. ഇത് രാഷ്ട്രീയം വെച്ച് പറയുകയല്ല. ഇവരാണ് ഈ പുതിയ തലമുറയെ ഈ തരത്തിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കണ്ടന്റ് കണ്ട് അച്ഛനേയും അധ്യാപകനേയും വരെ കുട്ടികള്‍ ചോദ്യം ചെയ്യുന്നു. കുട്ടിയുടെ നല്ല കാര്യത്തിന് ഒരു തല്ല് കൊടുത്താല്‍ അവരെ ജയിലില്‍ അടക്കുന്നു. അത് അവരെ കുട്ടികളെ നിയന്ത്രിക്കുന്നതിനെ ഭയപ്പെടുത്തുന്നു. വിദ്യാലയങ്ങളിലും മറ്റ് പൊലീസിന്റെ ഇടപെടല്‍ വളരെ കുറവാണ്. അതുപോലെ തന്നെ ദൈവവിശ്വാസം കുറഞ്ഞ് വരുന്നതും യുവതലമുറയെ തെറ്റിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്നും വിശദമായി തന്നെ അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications