'രാഹുൽ ഗാന്ധി കോമാളിയെപ്പോലെ നടക്കുന്ന മനുഷ്യൻ', സിജെപി സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ
ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ് ഉയരുന്നത്. ആദ്യം സമരത്തെ പിന്തുണച്ച അഖിൽ മാരാർ പതിവ് പോലെ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെങ്കിലും എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കാനുമാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.
അഖിൽ മാരാരുടെ വാക്കുകൾ :''ഏത് സമരം ആയാലും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആളിക്കത്തുമെന്ന് ഭരണകൂടം മനസ്സിലാക്കണം. ഇത് കേന്ദ്രസര്‍ക്കാരിനോ ഏതെങ്കിലും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോ എതിരെ മാത്രമല്ല. അധികാരത്തിന്റെ ലാത്തി ഉപയോഗിച്ച് സാധാരണക്കാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ശബ്ദം ഒരു അട്ടഹാസമായി മാറും. 20 ദിവസത്തോളമായി ആരും ശ്രദ്ധിക്കാതെ കിടന്ന സിജെപിയുടെ സമരത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ എത്തുകയാണ്.
ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് ഒരുപാട് ഗുണം ചെയ്യും. അത് മനസ്സിലാകാത്തവരാണ് സമരത്തെ പിന്തുണയ്ക്കുന്നത്. പി എസ് സി വിഷയത്തില്‍ സമരം ചെയ്ത യുവാക്കള്‍ക്കൊപ്പം നിന്ന ഒരാളുടെ നീതിബോധം കാരണമാണ് ഇന്ന് ഈ സമരത്തെ പിന്തുണച്ചത്. ആശമാര്‍ നിരവധിക്കാലം സമരം ചെയ്തപ്പോള്‍ തിരിഞ്ഞ് നോക്കാത്ത ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും ഇന്ന് സിജെപിയെ പിന്തുണയ്ക്കാന്‍ പോയത് ആത്മാര്‍ത്ഥത കൊണ്ടല്ല. മറിച്ച് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന പിന്തുണയ്ക്ക് വേണ്ടി മാത്രമാണ്.

കേരളത്തിലെ വിവിധ സമരങ്ങളില്‍ ഇടപെട്ട് പോലീസ് കേസുകളായ ഒരുവന്റെ ആഗ്രഹമായിരുന്നു നിയമസഭയില്‍ ഈ മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കണം എന്നത്. അതുകൊണ്ട് മാത്രം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചവനാണ്. അല്ലാതെ യാതൊരു നേട്ടവും ആഗ്രഹിച്ചില്ല.
ഒരുകാലത്ത് വലിയ സമരം ഡല്‍ഹിയില്‍ നടന്നതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ഉണ്ടായത്. അത് ബിജെപിക്ക് വലിയ ഗുണം ചെയ്തു, കോണ്‍ഗ്രസിന് ക്ഷീണം ചെയ്തു. ബിജെപി അനുകൂല രാഷ്ട്രീയം, ബിജെപി വിരുദ്ധ രാഷ്ട്രീയം എന്നിങ്ങനെ 2 രാഷ്ട്രീയമാണ് ഇന്ന് രാജ്യത്ത് ഉളളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ രാജ്യത്ത് പലയിടത്തായി വിഘടിച്ച് കിടക്കുകയാണ്. ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്ന എഎ റഹീം രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമോ?
അതേസമയം ബിജെപി അനുകൂല രാഷ്ട്രീയം ഉളളവര്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും തന്നെ വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ഈ സമരം രാഷ്ട്രീയമായി ബിജെപിക്ക് ഒരു ചെറിയ ക്ഷീണം പോലും ഉണ്ടാക്കില്ലെന്ന് ഈ ബഹളം വെക്കുന്ന വിഡ്ഢികള്‍ തിരിച്ചറിയണം. വിദ്യാര്‍ത്ഥികള്‍ക്ക് നീതിയാണ് ലക്ഷ്യമെങ്കില്‍ ചര്‍ച്ചയ്ക്കായി ആരെങ്കിലും മുന്നിട്ടിറങ്ങണം.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. രാജ്യത്ത് ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഒരിക്കലും രാഹുല്‍ ഗാന്ധി ഇന്നാട്ടിലുണ്ടായിട്ടില്ല. യാതൊരു പ്രതിബദ്ധതയോ സാമൂഹിക ബോധമോ വിഷനോ ഇല്ലാതെ കോമാളിയെ പോലെ നടക്കുന്ന മനുഷ്യന്‍ മാത്രമാണ് രാഹുല്‍ ഗാന്ധി എന്ന തിരിച്ചറിവ് കോണ്‍ഗ്രസുകാര്‍ക്ക് വേണം. ഈ പാര്‍ട്ടിയെ ഇയാള്‍ നശിപ്പിച്ച് ഇല്ലാതാക്കും''.




Click it and Unblock the Notifications