'കൊല്ലാൻ വന്നവൻ മതവും പേരും ചോദിച്ചെങ്കിൽ ലക്ഷ്യം ഈ രാജ്യത്തിന്റെ ഭിന്നിപ്പ് തന്നെയാണ്'; അഖിൽ മാരാർ
കൊച്ചി: രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭീകരവാദികളെ ജനങ്ങൾ കൃത്യമായി തിരിച്ചറിയണമെന്നും കാശ്മീരിൽ നടന്ന കുരുതിയുടെ പേരിൽ ജാതി മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മൾ ഒന്നിക്കണമെന്നും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും അഖിൽ മാരാർ.
മനുഷ്യനെ തമ്മിലടിപ്പിക്കുന്നത് പ്രസംഗം ആയാലും പുസ്തകം ആയാലും സിനിമ ആയാലും ഭീകരവാദം ആയാലും സംയമനത്തോടെ മാത്രം ചിന്തിക്കുക പ്രതികരിക്കുകയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ പറയുന്നു. കൊല്ലാൻ വന്നവൻ മതവും പേരും ചോദിച്ചെങ്കിൽ ലക്ഷ്യം ഈ രാജ്യത്തിന്റെ ഭിന്നിപ്പ് തന്നെയാണെന്നും ആ ഭിന്നിപ്പിൽ ലാഭം കൊയ്യുക എന്നതാണെന്നും അഖിൽ പറയുന്നു.

അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ്;
കൊല്ലാൻ വന്നവൻ മതവും പേരും ചോദിച്ചെങ്കിൽ ലക്ഷ്യം ഈ രാജ്യത്തിന്റെ ഭിന്നിപ്പ് തന്നെയാണ്...ആ ഭിന്നിപ്പിൽ ലാഭം കൊയ്യുക എന്നതാണ്..
ഇന്നലെവരെ കാശ്മീരിൽ കൊല്ലപ്പെട്ടത് ഭൂരിഭാഗവും ഭാരതീയർ ആയ മുസ്ലിങ്ങൾ ആയിരുന്നു... ഭീകരവാദത്തെ തള്ളിപ്പറഞ്ഞു രാജ്യത്തെ ചേർത്ത് പിടിച്ച രാജ്യ സ്നേഹികൾ ആയ മുസ്ലിങ്ങളെ കൊന്നൊടുക്കുമ്പോൾ ഭീകരവാദികൾക്ക് അവരെല്ലാം ഹിന്ദുസ്ഥാൻ പട്ടികൾ മാത്രം..
എന്നാൽ ഈ ആക്രമണം മതവും പേരും ചികഞ്ഞു ആകുമ്പോൾ അവിടെ ഭീകരവാദികൾ ചോദിച്ച ചോദ്യം രാജ്യത്തെ പലരും പരസ്പരം ചോദിക്കണം എന്നതായിരുന്നു ലക്ഷ്യം..
ഒപ്പം നടക്കുന്നവനെ മതം പറഞ്ഞു ഒറ്റപ്പെടുത്തണം. അത് വഴി രാജ്യം തകരണം... പ്രിയപ്പെട്ടവരെ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭീകരവാദികളെ നിങ്ങൾ കൃത്യമായി തിരിച്ചറിയണം... കാശ്മീരിൽ നടന്ന കുരുതിയുടെ പേരിൽ ജാതി മത, രാഷ്ട്രീയ വ്യെത്യാസമില്ലാതെ നമ്മൾ ഒന്നിക്കണം.. നമ്മളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന നാറികളെ നമുക്ക് പരാജയപ്പെടുത്തണം... മനുഷ്യനെ തമ്മിലടിപ്പിക്കുന്നത് പ്രസംഗം ആയാലും പുസ്തകം ആയാലും സിനിമ ആയാലും ഭീകരവാദം ആയാലും സംയമനത്തോടെ മാത്രം ചിന്തിക്കുക പ്രതികരിക്കുക..
അതേ സമയം , നാടൊന്നിച്ച് ഭീകരതക്കെതിരെ അണിനിരക്കുമ്പോൾ ഒരു കൂട്ടർ ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കാൻ സോഷ്യൽ മീഡിയയിലൂടെ കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു . കാശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യൻ മുസൽമാൻ്റെ പിരടിക്ക് വച്ച് കെട്ടുന്നത് ആർക്കാണ് ഗുണം ചെയ്യുക ? വാസ്തവത്തിൽ സംഘികൾ ഇന്ത്യൻ മുസൽമാൻ്റെ ദേശക്കൂറ് ചോദ്യം ചെയ്യാൻ കാശ്മീർ തീവ്രവാദ അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വിജയിക്കുന്നത് പാക്കിസ്ഥാൻ്റെ നറേറ്റീവ് ആണെന്ന ബോധം പോലും ഇവർക്കില്ലേ ? ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ ചോദിച്ചു.
സ്വാത്രന്ത്യം കിട്ടിയ ദിവസം മുതൽക്ക് തുടങ്ങിയ പാക്കിസ്ഥാൻ്റെ ചൊറിച്ചിൽ നമ്മൾ കാലാകാലങ്ങളിൽ തീർത്തു കൊടുത്തിട്ടുണ്ട്. ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ശത്രുവിനെതിരെ വിജയിക്കാനാകൂ . അതല്ലാതെ ഈ ഒരു തീവ്രവാദി ആക്രമണം മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗപ്പെടുത്തുന്നവർ രാജ്യത്തോട് കൊടിയ ചതിയാണ് ചെയ്യുന്നത് എന്നും സന്ദീപ് വാര്യർ പറഞ്ഞു,
ഇന്ത്യൻ മുസൽമാൻ്റെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന സംഘികൾ മറന്നു പോകരുതാത്ത ഒരു പേര് ഞാൻ പറയാം. 1965 ലെ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ മാത്യരാജ്യത്തിനായി വീറോടെ പോരാടി വീരമൃത്യു വരിച്ച ഹവിൽദാർ അബ്ദുൾ ഹമീദ് . രാജ്യം പരംവീർ ചക്ര നൽകിയാണ് ആ പോരാട്ട വീര്യത്തെയും ദേശസ്നേഹത്തെയും ആദരിച്ചത്. പറഞ്ഞു വന്നത് ഇന്ത്യൻ മുസൽമാൻ്റെ ദേശസ്നേഹത്തിന് സംഘികളുടെ സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് . തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മതം പറഞ്ഞ് ഇന്ത്യക്കാരുടെ ഐക്യം തകർക്കാനിറങ്ങിയാൽ നിങ്ങൾക്ക് കാലം മാപ്പു നൽകില്ല, സന്ദീപ് വാര്യർ പറഞ്ഞു.












Click it and Unblock the Notifications