ഞാൻ സംഘിയാണ്, അതിലെന്താണ് പുച്ഛിക്കാൻ..ഭീഷണികൾ വരുന്നു ; വീഡിയോയുമായി റോബിൻ രാധാകൃഷ്ണൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ തനിക്ക് കടുത്ത ഭീഷണികളാണ് നേരിടേണ്ടി വരുന്നതെന്ന് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. നിരവധി പേരാണ് തന്നെ വിമർശിക്കുന്നത്. ബിജെപിയെ പിന്തുണക്കുന്നതിൽ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും റോബിൻ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. റോബിൻ്റെ വാക്കുകളിലേക്ക്
'ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കുന്ന ശ്രീ രാജീവ് ചന്ദ്രശേഖർ സാറിനൊപ്പം എടുത്ത ഒരു ഫോട്ടോ, എന്റെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ അക്കൗണ്ടിൽ ഞാൻ ഒരു ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. ക്യാപ്ഷനായി സാറിന്റെ പേര് എഴുതിയിട്ട് ഒരു ഹാർട്ട് മാത്രം ആണ് ഇട്ടിരുന്നത്.

പോസ്റ്റ് ചെയ്തതിന് ശേഷം എന്റെ കമന്റ് സെക്ഷനും ഡയറക്റ്റ് മെസ്സേജും മുഴുവൻ ഹേറ്റും നെഗറ്റിവിറ്റിയും കൊണ്ടു നിറഞ്ഞു. പച്ച മലയാളത്തിൽ പറഞ്ഞാൽ, തെറിവിളിയും ഭീഷണികളും. ഒരുപാട് പേർ ഭീഷണിപ്പെടുത്തുന്ന മെസേജുകൾ അയച്ചു. നിങ്ങള്‍ എന്നെ പേടിപ്പിക്കാനാണ് ശ്രമിച്ചത് എന്ന് തോന്നി. പക്ഷേ ഞാൻ പേടിച്ചു. ഞാൻ കൊച്ചു കുട്ടിയാണല്ലോ, പേടിക്കാൻ.
ഞാൻ ചോദിക്കട്ടെ, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം? എനിക്ക് മനസ്സിലാകുന്നില്ല. നമ്മളൊക്കെയും വ്യക്തിപരമായി ഓരോ ഇഷ്ടങ്ങൾ ഉള്ളവരല്ലേ? ഞാൻ ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാനോ, എന്റെ ഇഷ്ടങ്ങൾ നിങ്ങളിൽ അടിച്ചേൽപ്പിക്കാനോ വന്നിട്ടില്ല. എന്റെ ഇഷ്ടങ്ങൾ, എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ കാഴ്ചപ്പാടുകളും നിലപാടുകളും എല്ലാം എന്റെ വ്യക്തിപരമായ വിഷയങ്ങളാണ്. ഞാൻ ആരെ ഇഷ്ടപ്പെടണം, ആരെ സപ്പോർട്ട് ചെയ്യണം എന്നതൊക്കെ എന്റെ കാര്യമാണ്, അല്ലേ?
ഒരുപാട് പേർ പറഞ്ഞു-'റോബിൻ സംഘിയാണ്', 'ചാണകമാണ്', 'ചാണകത്തിൽ ചവിട്ടി' എന്നൊക്കെ. ഇതൊക്കെ പറയേണ്ട ആവശ്യമുണ്ടായിരുന്നോ? ഞാൻ ആരെ ഇഷ്ടപ്പെടണം എന്നത് എന്റെ വ്യക്തിപരമായ ഇഷ്ടമല്ലേ? ഈ സെക്കൻഡിൽ തന്നെ ഞാൻ പറയാം: എനിക്ക് ബിജെപി എന്ന പാർട്ടിയിൽ അംഗത്വം പോലുമില്ല. പക്ഷേ ഇപ്പോൾ ഞാൻ തുറന്ന് പറയുന്നു-എനിക്ക് ബിജെപി എന്ന പാർട്ടി ഇഷ്ടമാണ്. എനിക്ക് ശ്രീ നരേന്ദ്രമോദി സാറിനെ ഇഷ്ടമാണ്. കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളാണ്. ഒരു പവർഫുൾ ഹ്യൂമൻ ബീയിങ് ആണ്. എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്, വലിയ ഇൻസ്പിരേഷനാണ്. അതുകൊണ്ടാണ് എനിക്ക് ബിജെപി പാർട്ടിയെയും ഇഷ്ടം. ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
അതുകൊണ്ട് അഭിമാനത്തോടെ ഞാൻ പറയും-ഞാൻ ഒരു സംഘിയാണ്. എന്താണ് പ്രശ്നം? ഒരു പ്രശ്നവുമില്ല. ഞാൻ ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ വന്നിട്ടില്ല. നമ്മളാരും പെർഫെക്റ്റ് അല്ല. നിങ്ങളുടെ പാർട്ടിയിൽ ഉള്ളവർ-ഇടതുപക്ഷമായാലും വലതുപക്ഷമായാലും-നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണോ? അഴിമതിയും കറപ്ഷനും ഒന്നും നടക്കുന്നില്ലേ? നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാം ശരിയാണോ? ആരും പെർഫെക്റ്റ് അല്ല, ബ്രോ. ഇപ്പോൾ ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. ഇത്രയും പുച്ഛിക്കാൻ എന്താണ് കാരണം? പുച്ഛിക്കേണ്ട ഒരു കാര്യവുമില്ല.
ഒരു പാർട്ടിയെയോ ഒരാളെയോ അടിച്ചമർത്തി ഉയരാം എന്ന് കരുതിയാൽ അത് ഒരിക്കലും നടക്കില്ല. നമ്മൾ അത്രയും പവർഫുൾ ആണെങ്കിൽ, നമ്മൾ നേരിട്ട് കോംപീറ്റുചെയ്യണം. മനസ്സിലായില്ലേ? നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമോ? പേടിയാണ്. കാരണം, ബിജെപി കേരളം ഭരിച്ചാലോ എന്ന ഭയം. അങ്ങനെ ഒരു ദിവസം വരും. അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരുപാട് പേർ എന്നെ മെൻഷൻ ചെയ്ത് ഭീഷണിപ്പെടുത്തുന്നു. എന്തിനാണ് ഇതൊക്കെ? ഞാൻ പേടിച്ചു എന്ന് നിങ്ങൾ കരുതിയോ? നിങ്ങള്‍ക്ക് എന്നെ അറിയാത്തതുകൊണ്ടാണ്. എനിക്ക് ഒരു പഴയകാലം ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ കുറച്ച് നന്നായി ജീവിക്കുന്നതേയുള്ളൂ. അതിന്റെ അർത്ഥം ഒരാളുടെ ഇഷ്ടത്തെ അടിച്ചമർത്താനോ, എന്നെ ചോദ്യം ചെയ്യാനോ നിങ്ങൾക്ക് അവകാശമില്ല എന്നതാണ്. ഒരു ഒറ്റ ഫോട്ടോ ഇട്ടതിന് വേണ്ടിയാണോ ഇത്രയും ചെയ്യുന്നത്?
സത്യം പറഞ്ഞാൽ, ഈ വീഡിയോ പോസ്റ്റ് ചെയ്യണമെന്നു എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ ഇത്രയും ആളുകൾ പ്രതികരിച്ചതിനാലാണ് ചെയ്യുന്നത്. ആയിരത്തോളം കമന്റുകളാണ് വന്നത്. ഇത്രയും കമന്റുകൾ എന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ അടുത്ത കാലത്തൊന്നും വന്നിട്ടില്ല.അഭിമാനത്തോടെ ഞാൻ പറയുന്നു-ഞാൻ സംഘിയാണ്. എനിക്ക് ശ്രീ നരേന്ദ്രമോദി സാറിനെ ഇഷ്ടമാണ്. എനിക്ക് അമിത് ഷാ സാറിനെ ഇഷ്ടമാണ്. എനിക്ക് ശ്രീ രാജീവ് ചന്ദ്രശേഖർ സാറിനെ ഇഷ്ടമാണ്. കെ. സുരേന്ദ്രൻ സാറിനെയും ഇഷ്ടമാണ്. എന്താണ് പ്രശ്നം? എന്തെങ്കിലും പ്രശ്നമുണ്ടോ? പ്രശ്നമുണ്ടാകാൻ പാടില്ല. ഇത് എനിക്ക് പറയണം എന്ന് തോന്നി. ഞാൻ ഇങ്ങനെ സാധാരണയായി വീഡിയോ ചെയ്യാറില്ല. എന്നെ ഇത്രയും അധികം ഭീഷണിപ്പെടുത്തി, എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതിനാലാണ് ഈ വീഡിയോ',- റോബിൻ പറഞ്ഞു.












Click it and Unblock the Notifications