പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാർ: ഒരു തമാശ ആവർത്തിച്ചത് മാത്രം; എന്റെ അച്ഛന്‍ ചെയ്ത് ജോലിയാണത്
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വന്നുപോയ പരാമർശത്തിന്റെ പേരില്‍ പരസ്യമായി ഖേദ പ്രകടനം നടത്തി സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാർ. ലഹരി വിഷയത്തില്‍ കേരള സർക്കാർ സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് വിശദമായ ഒരു കുറിപ്പ് അഖില്‍ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ കുറിപ്പിലെ പരാമർശത്തിന്റെ പേരിലാണ് താരം ഇപ്പോള്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.
'അറിഞ്ഞോ അറിയാതെയോ വാക്കോ പ്രവർത്തിയോ മറ്റൊരാളെ വേദനിപ്പിച്ചാൽ അവരോട് മാപ്പ് പറയാൻ യാതൊരു മടിയും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ.എന്റെ എഴുത്തു വിശ്വ കർമ സമുദായത്തിലെ ഒരു വിഭാഗത്തിന് വേദനയും വിഷമവും ഉണ്ടാക്കിയെങ്കിൽ നിങ്ങളോട് ഞാൻ ഹൃദയത്തിൽ നിന്നും മാപ്പ് പറയുന്നു' അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്റെ അച്ഛൻ പഠിച്ചതും ചെയ്തതും ആശാരി പണിയും,മേശിരി പണിയുമാണ്. സൗദിയിൽ 15 വർഷം ചെയ്ത ജോലിയും പിന്നീട് നാട്ടിൽ ചെയ്ത ജോലിയും ഇത് തന്നെയാണ്. 7 വർഷം മുൻപ് രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ തട്ടിന്റെ പണി ചെയ്യവേ പലക ഇളകി പുറത്തടിച്ചു താഴെ റോഡിലേക്ക് വീണ് ഒരു വർഷത്തോളം മെഡിക്കൽ കോളേജിൽ കിടപ്പിലായ പിന്നീട് ജോലി ചെയ്യാൻ കഴിയാത്ത ഒരവസ്ഥയിൽ ആയ ആളാണ്. അത് കൊണ്ട് ഞാൻ എഴുതിയത് ആരെയും ആക്ഷേപിക്കുക എന്ന ചിന്തയിൽ ആയിരുന്നില്ല മറിച്ചു നമ്മുടെ നാട്ടിൽ കാലങ്ങൾ ആയി പറയുന്ന ഒരു തമാശ ആവർത്തിച്ചു എന്ന് മാത്രം - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പണി എടുക്കാതെ കറങ്ങി നടക്കുന്ന ആശാരി ചേട്ടന്മാരെ ചോറ് റെഡി ആയി എന്ന് പറഞൊന്നു വിളിച്ചാൽ അപ്പോൾ തന്നെ ഉളി രാകി പണിയോട് പണിയാണ്. അതാണ് ഇപ്പോൾ കേരള പോലീസും എക്സ്സൈസും ചെയ്ത് കൂട്ടുന്നത്' എന്ന തരത്തിലായിരുന്നു അഖില്‍ മാരാറിന്റെ പരമാർശം.
അതേസമയം, പറ്റിയ തെറ്റിന് ക്ഷമ പറഞ്ഞ അഖില്‍ മാരാറിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് കമന്റ് ബോക്സില്‍ രംഗത്ത് വന്നിരിക്കുന്നത്. 'വളരെ ശരിയാണ്. ചോറുണ്ണാൻ വിളിക്കുമ്പോൾ ആശാരി രണ്ടടി കൂടുതൽ അടിക്കും എന്നൊരു വാമൊഴി വർഷങ്ങളായി ഉള്ളതാണ്. അതിൽ ഇത്രയ്ക്ക് രോഷം കൊള്ളാൻ ഒന്നുമില്ല. ഞാനും ഒരാശാരി കുടുംബത്തിലേതാണ്' എന്നാണ് ഷീല വികെ എന്നയാള്‍ കുറിച്ചത്.
ഒരാൾ എന്തെങ്കിലും സീരിയസ് ആയ വിഷയങ്ങളെ കുറിച്ച്, മറ്റുള്ളവർ പറയാൻ മടിക്കുന്ന വിഷയങ്ങളിൽ സംസാരിക്കുമ്പോൾ ആ വിഷയത്തെ കുറിച്ച് അല്ലെങ്കിൽ അതിന്റെ ഇമ്പാക്ട് മനസ്സിലാക്കാതെ അതുമായി ഒരു ബന്ധവും ഇല്ലാത്ത ചില വാക്കുകൾ മാത്രം എടുത്തു തെറി വിളിക്കുക ചിലരുടെ രീതിയാണ്. അത് മിക്കവാറും പോസ്റ്റുകൾക് അടിയിൽ വരുന്ന കമെന്റ് വായിച്ചാൽ മനസ്സിലാകും. അതുകൊണ്ട് ഒന്നും നോക്കേണ്ട. മുൻപോട്ടു പോകൂ. ഇനിയും സമൂഹത്തിലെ തെറ്റുകളെ കുറിച്ച് സധൈര്യം സംസാരിക്കുക. സ്വയം ശരിയാണെന്നു ബോധം ഉള്ളിടത്തോളം മറ്റാരെയും ഭയപ്പെടേണ്ടതില്ലെന്ന് സ്മിത ബിനു എന്നയാളും കുറിക്കുന്നു.
ഞാനും വിശ്വകർമ ആണ് . ആ പോസ്റ്റിൽ ആരെയും വേദനിപ്പിക്കുന്ന വാക്കുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു. എല്ലാ മേഖലയിലും ആത്മാർഥമായി പണിയെടുക്കുന്നവരുമുണ്ട്, പണിയെടുക്കുന്നു എന്ന് കാണിക്കാൻ പോകുന്നവരുമുണ്ട് . വന്നുവന്ന് ഇപ്പോ ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിൽ ആയല്ലോ നാട് - എന്നാണ് ഒരാള്‍ കുറിച്ചത്. അഖിൽ മാരാരെ ഞങ്ങൾക്കറിയാം.. കിട്ടുന്നത് വടിയാക്കി അടിക്കാൻ കാത്തു നിൽക്കുന്നർ ഉണ്ട്.. അവർ ഇങ്ങനെയുള്ള അവസരങ്ങൾ മുതലാക്കാൻ ശ്രമിക്കുമെന്ന് മറ്റൊരാളും അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications