ബിഗ് ബോസില്‍ എന്നെ ഭ്രാന്തിയെന്ന് വിളിച്ചു; കാമുകന്‍ ഒരു കിലോ സ്വർണ്ണം സ്ത്രീധനം ചോദിച്ചു: സൂര്യ
ബിഗ് ബോസില്‍ വെച്ചുണ്ടായ ഒരു സംഭവം വേണ്ടായിരുന്നുവെന്ന് പിന്നീട് തോന്നിയിരുന്നുവെന്ന് സീസണ്‍ 3 യിലൂടെ ശ്രദ്ധേയയായ സൂര്യ ജെ മേനോന്‍. ഞാനൊരു തുറന്ന പുസ്തകമാണ്. മനസ്സിലുള്ളത് മറച്ച് വെക്കാന്‍ അറിയില്ല. എന്റെ മുഖത്ത് കാണുന്നത് എന്റെ ഹൃദയത്തിലുള്ളത് തന്നെയാണെന്നും സൂര്യ പറയുന്നു.
ഒരാളോട് ദേഷ്യമോ സ്നേഹമോ ഉണ്ടെങ്കില്‍ അത് നല്ല പോലെ മുഖത്ത് കാണും. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ആളാണ്. അവിടെയുണ്ടായിരുന്നു മറ്റൊരു മത്സരാർത്ഥിയോട് എനിക്ക് പ്രണയം തോന്നിയിരുന്നു. അത് ഞാന്‍ തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അത് വേണ്ടായിരുന്നുവെന്ന് തോന്നിയെന്നും സൂര്യ ജെ മേനോന്‍ പറയുന്നു. അമൃത ടിവിയുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സൂര്യ.

ബിഗ് ബോസ് ഒരു ഗെയിം ഷോ ആയിരുന്നു. എന്റെ അച്ഛനും അമ്മയുമൊക്കെ അത് കാണുന്നുണ്ടായിരുന്നു. ആ വ്യക്തിയുടെ അച്ഛനും അമ്മയും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ എന്റെ വികാരങ്ങള്‍ ഞാന്‍ കണ്‍ട്രോള്‍ ചെയ്യണമായിരുന്നു. ആ വ്യക്തിക്ക് ഇങ്ങോട്ട് ഇഷ്ടമല്ലായിരുന്നു. ഒരു ഗെയിംഷോ ആയതുകൊണ്ട് തന്നെ ആര് പറയുന്നതാണ് സത്യം, അല്ലെങ്കില്‍ എന്താണ് കള്ളം എന്നൊന്നും അറിയില്ലായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ വെറുത്ത കാര്യം അതായിരുന്നു.

കേരളക്കരയില്‍ ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയുടെ മുഖത്ത് നോക്കി ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അത് വലിയ വിവാദവും ചർച്ചയുമൊക്കെയായെന്നും താരം വ്യക്തമാക്കുന്നു. ഇപ്പോള്‍ ആരുമായും പ്രണയമില്ല. നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് കല്യാണത്തിലേക്ക് എത്തിയപ്പോള്‍ ഒരു കിലോ സ്വർണ്ണം വേണമെന്നായിരുന്നു പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ ആ ചെക്കന്‍ ഒരു കിലോയ്ക്കുണ്ടോയെന്ന് ചിന്തിച്ചാല്‍ മതിയെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും സൂര്യ വ്യക്തമാക്കുന്നു.

എന്റെ ജീവിതം എന്ന് പറയുന്നത് ഒരു പുസ്തകം പോലെയാണ്. അതില്‍ ഒരുപാട് വികാരങ്ങളുണ്ട്. സന്തോഷങ്ങളും സങ്കടവുമൊക്കെയാണത്. അത്യാവശ്യം എഴുതുമായിരുന്നു. കുട്ടിക്കാലത്ത് സമ്മാനമൊക്കെ കിട്ടി. ബിഗ് ബോസിനകത്ത് വെച്ച് ഞാനൊരു കവിത എഴുതിയിരുന്നു. അത് വലിയ വൈറലായി. അവിടെ എനിക്കൊരു ചെറിയ ഫീലിങ്ങുണ്ടായിരുന്നു. അതാണ് കവിതയായി എഴുതിയത്. അതിന് കുറേ കല്ലേറും കിട്ടിയിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് ഒരു പുസ്തകമായിട്ട് എന്തെങ്കിലും എഴുതിക്കൂടെയാണ് ചിലർ ചോദിക്കുന്നത്. അങ്ങനെയാണ് കുട്ടിക്കാലത്തെ ഓർമ്മകള്‍ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് പാറൂട്ടിയെന്ന പുസ്തകം ഞാനെഴുതുന്നത്. ജയസൂര്യയാണ് ആ പുസ്തകം പ്രകാശനം ചെയ്ത്. ഞാന്‍ എങ്ങനെ ഇങ്ങനെയായി എന്നതിനുള്ള ഉത്തരം ആ പുസ്തകത്തിലുണ്ടായിരുന്നുവെന്നും താരം പറയുന്നു.

ബിഗ് ബോസില്‍ പലരും എന്നെക്കുറിച്ച് പറഞ്ഞത് ഞാനൊരു മുഖം മൂടി ധരിച്ചിട്ടാണ് അവിടെ നില്‍ക്കുന്നത് എന്നായിരുന്നു. ഒരു നമ്മയുടെ നിറം കുടം എന്ന ഇമേജ് സൃഷ്ടിച്ച് കുട്ടികളുടേയും പ്രായമായവരുടേയും പിന്തുണ തേടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പറഞ്ഞുണ്ടാക്കിയത്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ബിഗ് ബോസിനുള്ളില്‍ വെച്ചും എന്നെ ഭ്രാന്തി എന്നൊക്കെ വിളിച്ചിട്ടുണ്ട്.

ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങളൊക്കെ കുറച്ച് ആളുകള്‍ക്ക് അപ്നോർമലായിട്ടൊക്കെ ആള്‍ക്കാർക്ക് തോന്നിയിട്ടുണ്ട്. ഒരുപക്ഷെ എന്റെ വട്ട് ആയിരിക്കാം. ഇതൊക്കെയാണെങ്കിലും അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ലെന്ന് നെഞ്ചില്‍ തൊട്ട് എനിക്ക് പറയാന്‍ സാധിക്കും. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications