Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയെന്തിനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്? നിനക്കെന്തു കിട്ടും?', ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ കുറിപ്പ്

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ മൂന്നാം സീസണില്‍ എത്തുന്നതിന് മുന്‍പേ തന്നെ കിടിലം ഫിറോസിനെ മലയാളികളില്‍ പലര്‍ക്കും അറിയാം. റേഡിയോ ജോക്കി എന്ന നിലയ്ക്കും സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും കിടിലം ഫിറോസ് പ്രശസ്തനാണ്.

ബിഗ് ബോസ് ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കിടിലം ഫിറോസ് ആയിരുന്നു. ഷോയില്‍ ഉളളപ്പോഴും പുറത്ത് വന്നതപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണമാണ് കിടിലം ഫിറോസ് നേരിട്ടിരുന്നത്. ഷോയില്‍ ആറാം സ്ഥാനത്താണ് ഫിറോസ് എത്തിയത്. ബിഗ് ബോസിന് ശേഷം ജോലിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫിറോസ് തിരക്കിലാണ്. സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും കിടിലം ഫിറോസ് ഫാൻസുമായി പങ്കുവെയ്ക്കാറുണ്ട്. കിടിലം ഫിറോസിന്റെ ഏറ്റവും പുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.

1

കിടിലം ഫിറോസിന്റെ കുറിപ്പ്: '' calling എന്ന് കേട്ടിട്ടില്ലേ! മനസ്സിന്റെ വിളി ? എത്ര തടുത്താലും എത്ര നിരുത്സാഹപ്പെടുത്തപ്പെട്ടാലും എത്ര വിമർശിക്കപ്പെട്ടാലും എത്രമാത്രം ബുദ്ധിമുട്ടിയാലും നമ്മൾ സമാധാനത്തോടെ ,സന്തോഷത്തോടെ ഉറങ്ങണമെങ്കിൽ ഇത് ചെയ്തിരിക്കണം എന്ന ആ ചിന്ത ? അതിനെകുറിച്ചാണ് ഈ ചിന്തകൾ ! പണ്ട് കുട്ടിക്കാലത്ത് നമ്മളൊക്കെ മുടങ്ങാതെ കേൾക്കപ്പെട്ട ചോദ്യമായിരിക്കും ആരാകണം വളരുമ്പോ എന്നത് .ഒന്നുകിൽ ഡോക്ടർ ,അല്ലെങ്കിൽ എഞ്ചിനീയർ ,പിന്നെ സിനിമാനടൻ ,ഡ്രൈവർ ,ടീച്ചർ ,ക്രിക്കറ്റെർ ,സ്പോർട്സ്മാൻ ... കുട്ടികളുടെ വലിയ ആഗ്രഹങ്ങൾ അതിലൊതുങ്ങി നീണ്ടു നീണ്ടു പോകും .എനിക്ക് വളരുമ്പോൾ മദർ തെരേസയെ പോലെയാകണം ,എനിക്ക് ലോകത്തെ ജലദൗർലഭ്യമുള്ള ഇടങ്ങളിൽ ലക്ഷക്കണക്കിന് കിണറുകൾ നിർമിച്ച റയാനെ പോലെയാകണം , എനിക്ക് വനത്തിനുള്ളിലെ മനുഷ്യർക്ക് നല്ലതു ചെയ്യുന്ന ഒരാളാകണം ,എനിക്ക് സൗജന്യമായി രോഗികളെ പരിപാലിക്കുന്ന ഒരു സ്ഥാപനം നടത്തണം എന്നൊന്നും അധികം ആഗ്രഹങ്ങൾ കേട്ടിട്ടേയില്ല !

2

കുഞ്ഞുങ്ങൾക്ക് അത്രമേൽ കടന്നു ചിന്തിക്കാൻ കഴിയാത്തതു തന്നെയായേക്കും . എന്നാൽ അത് മാത്രമല്ല .സമൂഹത്തിനു നല്ലതു ചെയ്യുന്ന ഒരുവിഭാഗത്തോടുള്ള അവജ്ഞയും, അവരെക്കുറിച്ചുള്ള അവബോധക്കുറവും കൂടി കാരണമാണ് ."ചാരിറ്റി " എന്ന പദത്തോടൊപ്പം പുച്ഛവും ,കള്ളത്തരവും ഒക്കെ കൂട്ടി വായിക്കപ്പെടുന്നതു കൊണ്ടാകും നല്ലതു ചെയ്യാൻ ഒരാധിയാണ് പലപ്പോഴും ഒരുപാടു പേർക്ക് . ഉഡായ്പ്പ്, ഫ്രോഡ്, തട്ടിപ്പുകാരൻ എന്നൊക്കെയാണ് നല്ലത് ചെയ്യുന്നവർക്ക് പലപ്പോഴും ചാർത്തിക്കിട്ടുക. ചാർത്തിക്കൊടുക്കുന്നവരാകട്ടെ ചാർത്തുന്നവരെക്കുറിച്ചു അന്വേഷിക്കുകയോ, അവരുടെ യഥാർത്ഥ വിവരങ്ങൾ മനസിലാക്കുകയോ ചെയ്യാറുമില്ല . എന്തിനാണിങ്ങനെയൊരു കുറിപ്പ് എന്ന് ഞാനും എന്നോട് ചോദിച്ചു നോക്കി. എഴുതണം എന്ന് മനസ്സുപറഞ്ഞു !

3

കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ പോലും വരാനുള്ള സമയമുണ്ടായില്ല .കേരളത്തിലെ ആദ്യ "സനാഥാലയം " എന്നതാണ് ചിന്ത മുഴുവൻ .ഉറങ്ങാറില്ല . രാത്രിയിൽ ഉറക്കമിളച്ചിരുന്ന് ലോകമെമ്പാടുമുള്ള കെയർ ഹോമുകളുടെ പ്രവർത്തന രീതി പഠിക്കും . സ്ഥാപനത്തിന്റെ ആദ്യ പടി മുതൽ അടുക്കളപ്പടിവരെ എങ്ങിനെയാകണം എന്ന് പ്ലാൻ ചെയ്യും. സ്ഥാപനത്തിന്റെ നിയമാവലി എഴുതി ,വെട്ടിയെഴുതി ,മാറ്റിയെഴുതി തിരുത്തും . കുറേ കുറേ സ്വപ്നം കാണും. പകൽ എന്റെ കുഞ്ഞു ലോകത്തോട് പങ്കുവയ്ക്കും. കൂട്ടുകാരോട് ആശയം വിശദമാക്കും. ചർച്ചകൾ തർക്കങ്ങൾ വാശികൾ തീരുമാനങ്ങൾ നിലപാടുകൾ ഒക്കെത്തീർന്നാൽ വാടക വീടുകൾ തേടി ഓട്ടമാണ് .

4

പല ചെറുസംഘങ്ങളായും ,ഒറ്റയ്ക്കും ,ഇരട്ടയ്ക്കും ഒക്കെ ഞങ്ങളോടി നടക്കും .ഒരു വീടു വേണം. അർഹരായ ,അവശരായ കുറേയേറെപ്പേരെ പാർപ്പിക്കണം .ഒരുപാടു പേർ സ്നേഹത്തോടെ നിരസിക്കും .പലരും പകുതി മനസോടെ ആശങ്കയിലാകും . അവരോടാരോടും ബഹുമാനത്തോടെയല്ലാതെ ഞങ്ങളാരും സംസാരിക്കാറേയില്ല .സാഹചര്യങ്ങൾ ഓരോരുത്തർക്കും ഓരോന്നായിരിക്കുമല്ലോ .വളരെ ചുരുക്കം ചിലർ വാതിലുകൾ തുറന്നുതരും . ഒരുപാടലഞ്ഞൊടുവിൽ ഒരു മേൽക്കൂര കിട്ടിയേക്കും .അവിടെ മികച്ച അന്തരീക്ഷത്തിൽ സ്വപ്‌നങ്ങൾ സാധ്യമാക്കാനായേക്കും . തിരുവനന്തപുരം സനാഥാലയം -ക്യാൻസർ കെയർ സെന്റർ സമൂഹത്തിനായി തുറക്കപ്പെടും . അത് തീർത്തിട്ടുവേണം മാനന്തവാടിയിലെ മണ്ണിൽ പണി തുടങ്ങാൻ !

5

അവിടെ ഒരു കെട്ടിടമുയരാൻ കാത്തിരിക്കുന്ന കുറേ അമ്മക്കിളികളുണ്ട് .അവരെ അവിടെ കൊണ്ടോയി പാർപ്പിക്കേണ്ടതുണ്ട് . പലപ്പോഴും ഭക്ഷണം കഴിക്കാൻ മറന്നേക്കും . വണ്ടിയിൽ എണ്ണ അടിക്കാൻ മറന്നു പെരുവഴിയിൽ കിടന്നേക്കും .മക്കൾ രണ്ട് ഐസ്ക്രീം മേടിച്ചുവരാൻ ആവശ്യപ്പെട്ടാൽ വീട്ടിലെത്തി അവരുടെ മുഖത്തു നോക്കി നാളെ ഉറപ്പായും മേടിക്കാം ,ഇന്ന് പപ്പ ഇച്ചരെ തിരക്കായിപ്പോയി എന്ന് ദിവസവും excuse പറയേണ്ടിവരും . മുടങ്ങിപ്പോകുന്ന ലോണടവുകളെയും , വാങ്ങാൻ മറക്കുന്ന വീട്ടുസാധനങ്ങളുടെയും നീണ്ട കഥകളുണ്ടാകും ഓരോ പൊതുപ്രവർത്തകനും പറയാൻ !

6

എന്താണിപ്പോ ഇത്രയും വിശദമായൊക്കെ എന്നാണ് ചിന്തിച്ചതെങ്കിൽ , ഇക്കണ്ട വർഷങ്ങൾക്കിടയിൽ ഇത്രമേൽ പ്രവർത്തനങ്ങൾക്കു ശേഷം ഇന്നലെ ,ഇന്നലെ ആദ്യമായി ഞാൻ എന്നോടൊരു ചോദ്യം ചോദിച്ചു!!!!! ഒന്നല്ല ,ഒരായിരം വട്ടം ചോദിച്ചു !!! നീയെന്തിനാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത് ? നിനക്കെന്തു കിട്ടും ???? "ഉഡായ്പ്പ് ",ഫ്രോഡ് ,തട്ടിപ്പ് എന്നൊക്കെ ഏതു വലിയ കാര്യങ്ങൾക്കും ശേഷം ചെയ്തവരൊക്കെയും കേൾക്കേണ്ടി വരുന്ന അതേ കുറ്റപ്പെടുത്തലുകളോ ???"ചാരിറ്റി "എന്ന് കേൾക്കുമ്പോൾ മുഖം ചുളിയുന്ന കുറെയേറെ മാന്യതകളുടെ പകൽക്കാഴ്ചകളോ ? അവന്മാരിതിൽ നിന്ന് കുറേ കാശുണ്ടാക്കും എന്ന ഒരു ലോജിക്കുമില്ലാത്ത മുൻധാരണയോ ? ആരാന്റെ കാശിന് ക്രെഡിറ്റുണ്ടാക്കുന്നു എന്ന ക്ളീഷേ കമന്റുകളുടെ പുച്ഛ ചിരിയോ ?

7

ഒക്കെ സെൽഫ് മാർക്കറ്റിങ്ങിന് എന്ന അടിച്ചുപരത്തി തഴമ്പിച്ച ക്ലാവു കയറിയ വാക്കുകളുടെ തുരുമ്പുരയലോ ? ഒരുകൈ ചെയ്യുന്നത് മറുകൈ അറിയരുത് എന്ന പുണ്യപുരാണ ധർമ വീചികളോ ? പരസ്യമായി സ്ത്രീധനം ,നോക്കുകൂലി ഒക്കെയാകാം പക്ഷേ രഹസ്യമായി നന്മ ചെയ്യുക എന്ന അലിഖിത ശാസന വക്താക്കളുടെ ഉറഞ്ഞു തുള്ളലോ ?? ചിലത് അങ്ങിനെയാണ് ! എത്ര തടുത്താലും നമുക്ക് ചെയ്യാനാകാതിരിക്കുന്ന ചില വിളികളുണ്ട് . മനസിനുള്ളിൽ നിന്ന് വരുന്ന വിളികൾ !! നാളെ ഞാൻ അല്ലെങ്കിൽ എന്റെ പ്രിയപ്പെട്ടവരിലൊരാൾ ഒരുപക്ഷേ വല്ലാത്തൊരു അവസ്ഥയെത്തിയാൽ കയ്യും കെട്ടി നോക്കിയിരിക്കാനാവില്ലെങ്കിൽ ,മറ്റുള്ളവർക്ക് വേണ്ടിയും അതേ കരുതലുണ്ടാകണം എന്ന ചിന്ത !!

8

എന്തു കൊണ്ടാകും മറ്റൊരാൾക്ക് നല്ലതു ചെയ്യുന്നവരെ സമൂഹം ഒരൽപം പോലും പരിഗണനയില്ലാതെ വിമർശിക്കുന്നത് ??? നിങ്ങൾക്ക് ജോലി ചെയ്തു ജീവിച്ചു കൂടേ എന്നൊക്കെ ചോദിക്കപ്പെട്ടിട്ടുണ്ട് കേരളത്തിലെ പല സാമൂഹ്യ പ്രവർത്തകരോടും . ചോദിക്കുന്നവർക്ക് അറിയാമോ ഉള്ള ജോലിയുടെ ശമ്പളത്തിൽ പോലും തികയാതെ കടം മേടിച്ചു സഹായമെത്തിക്കുന്ന മനുഷ്യരെപ്പറ്റി ??? ഒരുപാടുപേർക്ക് വീട് നിർമിച്ചു നൽകിയ ഒരുപാടുപേരുടെ വീടില്ലായ്മയെ പറ്റി ? മറ്റൊരുപാട് അമ്മമാർക്കായി അന്നം തേടുമ്പോൾ ചെന്നുകാണാൻ സമയമൊക്കാതെ പോകുന്ന പെറ്റമ്മയുടെ ഓർമകളെപ്പറ്റി ?

9

ഒരുപാടു കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഇടമൊരുക്കുമ്പോൾ ഇരുന്നു പഠിക്കാൻ ഇടമില്ലാതെ പോകുന്ന അവരുടെ കുട്ടികളെപ്പറ്റി ? എന്തിനെന്നറിയാതെ വിമർശിക്കപ്പെടുമ്പോൾ നമുക്കിനി നന്മ ചെയ്യണ്ട മനുഷ്യാ എന്ന് വേപഥുവോടെ കരൾ നീറി വിലപിക്കുന്ന ഇണകളെപ്പറ്റി ?? calling എന്ന് കേട്ടിട്ടില്ലേ ? മനസിന്റെ calling ?? നമ്മളെ സമാധാനത്തോടെ ഉറങ്ങാൻ വിടാത്ത , സാധ്യമായാൽ മാത്രം സമാധാനം കിട്ടുന്ന ഒന്ന് ? ഞാൻ വിശ്വസിക്കുന്നു ,അടച്ചാക്ഷേപിക്കപ്പെടുന്ന ചാരിറ്റി പ്രവർത്തകർക്ക് അതാകണം പിന്നെയും പിന്നെയും ,എത്രമേൽ അവഹേളിക്കപ്പെട്ടാലും ,പേരുകൾ ചാർത്തപ്പെട്ടാലും ,കണ്ണുനീര് വീഴുന്നിടത്ത് തണലായി ചെന്നുനിൽക്കാൻ പ്രേരണയാകുന്നത് !!

10

കേരളത്തിലെ ആദ്യ "സനാഥാലയം " സാദ്ധ്യമാകും ! അവിടെ ഒരുപാട് ജീവിതങ്ങൾ തണൽ ആസ്വദിക്കും . കേരളത്തിൽ ഒരുപാടിടങ്ങളിൽ സനാഥാലയങ്ങൾ ഉയരും !എറിയുന്ന കൽച്ചീളുകൾ പെറുക്കിക്കൂട്ടി ഒരുപാടു കെട്ടിടങ്ങൾ പടുത്തുയർത്തുക തന്നെ ചെയ്യും. നാളെയൊരിക്കൽ ഇന്നൊരുക്കിയ ഇന്നലെകൾ ഓർത്തു സന്തോഷിക്കാനുള്ള നിമിഷങ്ങളായി അവിടങ്ങളിൽ വിടരും !!! "സനാഥാലയം " എന്നവാക്കിനൊപ്പം ചേർത്ത് ഞങ്ങൾ -ഏറുകൾ ഏറ്റുവാങ്ങിയ കുറച്ചുപേരുടെ പേരുകൾ ലോകം ഓർത്തെടുക്കുകയും ചെയ്യും !! calling എന്ന് കേട്ടിട്ടില്ലേ ? അതങ്ങനെയാണ് . പ്രകാശം പരക്കുക തന്നെ ചെയ്യും !!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+