വെറുതെ ജീവിതം നശിപ്പിക്കരുത്, റോബിന്റെ മുന്നറിയിപ്പ്..'അതൊരു ദൈവനിയോഗം'
കൊച്ചി: 'ഡോക്ടർ, മോട്ടിവേഷ്ണൽ സ്പീക്കർ ', എന്ന ലേബലോടെയായിരുന്നു റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് സീസൺ 4 ലേക്ക് മത്സരത്തിന് എത്തിയത്. എന്നാൽ പുറത്തിറങ്ങിയ റോബിൻ ഇപ്പോൾ ഡോക്ടറോ മോട്ടിവേഷ്ണൽ സ്പീക്കറോ അല്ല. തിരക്കുള്ള താരമായി ഉദ്ഘാടനങ്ങളിലും പരിപാടികളിലും ഓടി നടക്കുകയാണ് റോബിൻ. ഒപ്പം സിനിമയിലും മുഖം കാണിക്കാൻ ഒരുങ്ങുകയാണ്.
ഇപ്പോൾ പലർക്കും അറിയേണ്ടത് തന്റെ പ്രൊഫഷണിലേക്ക് റോബിൻ തിരികെ എത്തുമോയെന്നാണ്. ഇത്രയും വിദ്യഭ്യാസം നേടിയിട്ടും എന്തുകൊണ്ട് പ്രൊഫഷണിൽ വീണ്ടും സജീവമാകുന്നില്ലെന്നും ആരാധകർ തിരിക്കുന്നു. അതിന് മറുപടി നൽകുകയാണ് റോബിൻ. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ റോബിൻ മനസ് തുറന്നത്.

പ്രൊഫഷനും പാഷനും തുല്യ പ്രാധാന്യമാണ് താൻ നൽകുന്നതെന്ന് റോബിൻ പറയുന്നു. ഒരു ഡോക്ടറാണെന്ന് പറയാൻ എപ്പോഴും അഭിമാനമാണ്. താൻ വലിയ ടാലന്റ് ഉള്ള ഡോക്ടർ ഒന്നുമല്ല. എങ്കിലും പലർക്കും അവരുടെ വിഷമഘട്ടങ്ങളിൽ ആശ്വാസം പകരാൻ തനിക്ക് സാധിച്ചിട്ടുണ്ട്, അതൊരു ദൈവ നിയോഗമാണ്', റോബിൻ പറഞ്ഞു.

ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും തനിക്ക് ഒപ്പമുണ്ട്. ഇതുവരെ കാണാത്ത ആളുകൾ നമ്മളെ വളരെ അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുുകയാണ്. പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ നൽകുകയാണ്',പറഞ്ഞു. ജീവിതത്തിൽ എന്ത് സമ്മർദ്ദം ഉണ്ടായാലും അത് ഡീൽ ചെയ്യാമെന്ന കാഴ്ചപ്പാടിൽ പോകുന്നയാളാണ് താൻ എന്നും റോബിൻ പറയുന്നു. സമ്മർദ്ദത്തെ അഭിമുഖീകരിക്കാനാണ് പഠിക്കേണ്ടതെന്നും റോബിൻ വ്യക്തമാക്കി.

എല്ലാവർക്കും എല്ലാ ടാലന്റുകളും ഉണ്ടാകണമെന്നില്ല. ഞാൻ വളരെ അധികം കഠിനാധ്വാനം ചെയ്യുന്ന ആശാണ്. അതാണ് എന്റെ ടാലന്റ് എന്നാണ് ഞാൻ കരുതുന്നത്. ഇതുവരെ നേടിയെടുത്തതെല്ലാം ഗോഡ്ഫാദർ ഒന്നുമില്ലാതെയാണ്', റോബിൻ പറഞ്ഞു. യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരേയും റോബിൻ പ്രതികരിച്ചു.

ലഹരി ഉപയോഗിച്ച് വെറുതെ ജീവിതം നശിപ്പിക്കരുത്. താൻ ഇന്ന് വരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും ചെയ്യരുതെന്ന് ആരും പറഞ്ഞത് കൊണ്ടല്ല ചെയ്യാതിരിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യരുതെന്ന് സ്വയം തോന്നിയതാണ്. തൻറെ ജീവിത ലക്ഷ്യങ്ങളാണ് തനിക്ക് ലഹരി', റോബിൻ പറഞ്ഞു.

ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായ റോബിൻ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്തയാളായിരുന്നു. ഷോയുടെ വിജയി ആകുമെന്ന് വരെ കൽപ്പിക്കപ്പെട്ടിരുന്ന താരം പക്ഷേ ഷോയിൽ നിന്നും 73 ദിവസങ്ങൾക്ക് ശേഷം പുറത്തായി. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി കൈയ്യേറ്റം ചെയ്തതോടെയായിരുന്നു ഇത്. ഷോയിൽ നിന്ന് പുറത്തായെങ്കിലും വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോഴും ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം താൻ സോഷ്യൽ മീഡിയയിൽ നിന്നും തത്കാലം ഒരു ഇടവേളയെടുക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. സിനിമയുടെ ആവശ്യത്തിനായി വെയ്റ്റ് കൂട്ടാനുള്ള പരിശ്രമത്തിലായിരുന്നുവെന്നും വിവാഹ നിശ്ചയം നടക്കാനിരിക്കുന്നതിനാൽ തടി കുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റോബിൻ ആരാധകരെ അറിയിച്ചിരുന്നു. ആരതി പൊടിയാണ് റോബിന്റെ ഭാവി വധു. ഫെബ്രുവരി അവസാനത്തോടെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും ആറ് മാസം കഴിഞ്ഞാൽ വിവാഹം നടക്കുമെന്നും റോബിൻ ആരാധകരോട് അറിയിച്ചിരുന്നു.












Click it and Unblock the Notifications