അഖില്‍ മാരാർ വിജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല: പറഞ്ഞത് അക്കാര്യം, ആഗ്രഹം വ്യക്തമാക്കി ഹരി പത്തനാപുരം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫെയിം അഖില്‍ മാരാർ വിജയിക്കുമെന്ന പ്രവചനം നടത്തിയിട്ടില്ലെന്ന് പ്രമുഖ ജ്യോതിഷി ഹരി പത്തനാപുരം. അഖില്‍ മാരാരുടെ മാത്രമല്ല, ആരുടേയും കാര്യം പ്രവചിക്കാന്‍ സാധിക്കില്ല. പ്രവചനങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. ജ്യോതിഷം എന്ന് പറഞ്ഞാല്‍ പ്രവചനമല്ല. പ്രവചനം എന്ന് പറഞ്ഞാല്‍ തന്നെ ഒരു തട്ടിപ്പാണ്. എന്റെ ഭാവി പോലും എനിക്ക് പ്രവചിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളയാണ് ഞാനെന്നും ഹരി പത്തനാപുരം പറയുന്നു.
അഖില്‍ മാരാർ എന്ന് പറയുന്ന വ്യക്തിയോട് എനിക്ക് അത്ര അടുപ്പമൊന്നുമില്ല. നമ്മുടെ നാട്ടുകാരനാണ് എന്നുള്ള ഒരു സ്നേഹം മാത്രമേയുള്ളു. ബിഗ് ബോസ് ദിവസവും ഇരുന്ന് കാണുന്നയാളല്ല ഞാന്‍. സത്യ പറഞ്ഞാല്‍ ടിവിയില്‍ കണ്ടിട്ടേയില്ലെന്ന് പറയാം. ഫേസ്ബുക്കില്‍ വരുന്ന വീഡിയോകളും വണ്‍ഇന്ത്യ ഉള്‍പ്പടേയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാർത്തയുമാണ് കാണാറുള്ളത്. അതിലൂടെയാണ് ഇവരൊക്കെ ആരാണെന്ന് അറിയാന്‍ കഴിഞ്ഞതെന്നും ഹരി പത്തനാപുരം വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മകള്‍ ശിവാനി ഈ പരിപാടി കാണും. അവളാണ് അഖില്‍ മാരാർ എന്ന് പറയുന്ന നമ്മുടെ നാട്ടുകാരനുണ്ട് ഈ പരിപാടിയിലെന്നും നല്ല രസമാണെന്നുമൊക്കെ പറയുന്നത്. ചില സുഹൃത്തുക്കളും അവനെക്കുറിച്ച് പറഞ്ഞു. ഈ വിഷയത്തില്‍ ആദ്യത്തെ അഭിമുഖം കൊടുക്കുമ്പോള്‍ ആരാണ് അഖില്‍ മാരാർ എന്നതൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. എന്റെ ഒരു ആഗ്രഹമായിരുന്നു അഖില്‍ മാരാർ വിജയിക്കണമെന്നുള്ളത്. അത് എന്റെ പ്രവചനം അല്ല.
ബിഗ് ബോസ് എന്നത് ഒരു കലയാണ്. അതില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇടക്ക് ഇത്തിരി പ്രശ്നമുണ്ടായിരുന്നു. ചില സ്ത്രീവിരുദ്ധമായ ഡയലോഗൊക്കെ നടത്തി. എന്നാല്‍ അതിനെയൊക്കെ മറികടന്നുകൊണ്ട് ഗെയിമില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. അങ്ങനെയുള്ള ആളാണ് വിജയിക്കേണ്ടത്. ഞാനും എന്റെ ആളും എന്നൊരു ഷോയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അതില്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെച്ചയാളെ ഞങ്ങള്‍ തന്നെയാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു.
നേരത്തേയുള്ള സീസണുകളില്‍ വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ആരോപണങ്ങളൊന്നും ഇല്ല. മുമ്പത്തെ അപേക്ഷിച്ച് കുറച്ചുകൂടെ സൗമ്യവും മാന്യവുമായ രീതിയില്‍ കാര്യങ്ങള്‍ എടുക്കുന്ന ആളുകളാണ് ഈ സീസണിലുളളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പ്രവചനങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. തെലങ്കാനയില്‍ രണ്ട് സിനിമാ നടന്മാർ വാഹനാപകടത്തില്‍ കൊല്ലപ്പെടുമെന്ന രീതിയില്‍ ഒരു ജ്യോതിഷി പ്രവചനം നടത്തിയതായുള്ള വാർത്ത കഴിഞ്ഞ ദിവസം കണ്ടു. അത്തരം പ്രവചനം ആർക്കും നടത്താം. ആരെങ്കിലുമൊക്കെ മരിക്കും ഉറപ്പാണ്. ഇന്നയാള്‍, ഇത്ര മണിക്ക് എന്ന രീതിയില്‍ പറയുന്നതാണ് പ്രവചനം.
ജ്യോതിഷം എന്ന് പറയുന്നത് പ്രവചനം ഒന്നുമല്ല, അങ്ങനെയെങ്കില്‍ എങ്ങനെയാണ് പരിഹാരം ചെയ്യാന്‍ പോവുക. പരിഹാരത്തില്‍ അധിഷ്ഠിതമായതാണ് ജ്യോതിഷം. ഇതൊക്കെ ചില സൂചനകളാണ്. വണ്ടി ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണേ എന്ന് പറയുന്നത് പോലെയുള്ള സൂചനകള്‍. അഖില്‍ മാരാർ വിജയിക്കുമെന്ന് പ്രവിചിക്കാന്‍ സാധിക്കില്ല. പക്ഷെ എന്റെ നാട്ടുകാരന്‍ ആയതുകൊണ്ടും നല്ല രീതിയില്‍ കളിക്കുന്നത് കൊണ്ടും അദ്ദേഹം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഹരി പത്തനാപുരം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications