'അതിനുള്ള ആമ്പിയറുണ്ടോ സാബു മുതലാളീ..'; മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സാബുവിനെതിരെ മാരാര്‍
കിറ്റക്‌സ് ഗ്രൂപ്പ് എം ഡിയും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ സാബു രംഗത്തെത്തിയിരുന്നു. പൊലീസ് വേട്ടയാടുകയാണെന്നും തന്നെ അറസ്റ്റു ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓമന പുത്രിയെ അകത്താക്കുമെന്നുമായിരുന്നു സാബു പറഞ്ഞത്.
തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായില്‍ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കാന്‍ ഉതകുന്ന ആറ്റം ബോംബ് തന്റെ കയ്യിലുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് അഖില്‍ മാരാരുടെ പ്രതികരണം. തന്നെ ഒഴിവാക്കിയാല്‍ മകളെ രക്ഷിക്കാം എന്ന് പറയുന്നത് വഞ്ചനയാണ് എന്നും സാബു സ്വയം കള്ളനാണെന്നും മറ്റുള്ള കള്ളന്മാരെ സംരക്ഷിക്കുന്ന ആളുമാണ് എന്നാണ് വിളിച്ച് പറഞ്ഞിരിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

'ബോംബ് നിര്‍മ്മിക്കുന്നതും കൈവശം വെക്കുന്നതും ഗൗരവമായ കുറ്റം ആണ്. അതിനേക്കാള്‍ വലിയ കുറ്റം ആണ് ഞാനത് എടുത്തു പൊട്ടിക്കും എന്ന് ഭീഷണി മുഴക്കി പാവങ്ങളെ ഭയപ്പെടുത്തുന്നത്. തേങ്ങ ഉടക്ക് സ്വാമി സാറേ... അല്ല സാബു സാറേ...
ഇനി കാര്യത്തിലേക്ക് വന്നാല്‍ സാബു മുതലാളി പറഞ്ഞത് എന്നെ അകത്താക്കിയാല്‍ മുഖ്യമന്ത്രിയുടെ ഗോള്‍ഡന്‍ മകളെ ഞാന്‍ അകത്താക്കും.
അപ്പോള്‍ അതിനര്‍ത്ഥം എന്നെ ഒഴിവാക്കിയാല്‍ മകളെ രക്ഷിക്കാം. ഒരേ സമയം സ്വയം കള്ളനും മറ്റുള്ള കള്ളന്മാരെ സംരക്ഷിക്കുന്ന ആളും കൂടിയാണ് താനെന്നു വിളിച്ചു പറയുകയാണ് സാബു ചെയ്തത്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ കൈയില്‍ അകപ്പെടുന്ന ഒരു പട്ടാളക്കാരന്‍ രക്ഷപെടാന്‍ സാബു പറഞ്ഞത് പോലെ പറയുന്നു എന്നിരിക്കട്ടെ.
എന്നെ കൊല്ലാതിരുന്നാല്‍ നിങ്ങളുടെ ഏജന്റ് ആയി ഞാന്‍ തുടരാം. ആത്മാഭിമാനവും രാജ്യ സ്‌നേഹവും ഉള്ള പട്ടാളക്കാരന്‍ അവന്റെ അവസാന ശ്വാസം വരെയും തന്നെ വിശ്വസിക്കുന്ന ഒരു ജനതയ്ക്കു വേണ്ടി മരണം സ്വീകരിച്ചാലും രാജ്യത്തെ ഒറ്റി കൊടുക്കില്ല. ഇവിടെ സത്യവും നീതിയും പ്രതീക്ഷിച്ചു ഒപ്പം കൂടിയ വലിയൊരു ജനതയെ സ്വന്തം നേട്ടത്തിന് വേണ്ടി ഒറ്റി കൊടുക്കുന്ന ഒരു വ്യക്തി ആയി സാബു മാറി.
അല്ലെങ്കില്‍ അയാള്‍ പറയണം. ഞാന്‍ അകത്തായാലും എന്റെ എല്ലാം നശിച്ചാലും ഈ നാട്ടിലെ ജനങ്ങളെ അച്ഛന്റെ അധികാര കസേര ഉപയോഗിച്ച് പറ്റിച്ച മകളെ ഞാന്‍ അകത്താക്കും. സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചു കുടുംബ സ്‌നേഹം പുലര്‍ത്തി നാട്ടിലെ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയെ ഞാന്‍ തുറന്ന് കാട്ടും. ആമ്പിയര്‍ ഉണ്ടോ സാബു മുതലാളി. ഇല്ലെങ്കില്‍ തുറന്നങ്ങു സമ്മതിക്കണം. അന്നും ഇന്നും കച്ചവടം സാബുവിന് അറിയാം അത് തന്നെ ഇപ്പോഴും ചെയ്യുന്നു എന്ന്.'












Click it and Unblock the Notifications