ബിഗ് ബോസ് സീൺ 3യ്ക്ക് പ്രൌഢോജ്ജ്വല തുടക്കം: നോബി മാർക്കോസ് മുതൽ മണിക്കുട്ടൻ വരെ മത്സരാർത്ഥികള്‍
മലയാളികള്‍ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ് ഗംഭീര തുടക്കം. വാലന്റൈൻസ് ദിനത്തിലാണ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ് ഷോയുടെ മൂന്നാം പതിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ വിജയി ആരാണെന്ന് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ ബിഗ് ബോസ് ഷോയ്ക്ക് തുടക്കം കുറിച്ചത്.

മുൻ മത്സരാർത്ഥികള്‍
ബിഗ് ബോസ് സീസൺ 2 താരങ്ങളായ ആര്യ, ആർജെ രഘു, സാബുമോൻ എന്നിവരും ബിഗ് ബോസ് ഷോയുടെ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. വീടിനുള്ളിലെ കാഴ്ചകള്‍ പരിചയപ്പെടുത്തിയ ശേഷം ആഘോഷത്തോടെ നൃത്തവും പാട്ടുമായി പ്രേക്ഷകരെ സ്വീകരിച്ചുകൊണ്ടായിരുന്നു ആദ്യദിനം. സാമൂഹിക പ്രവർത്തകരും കാലാകായിക രംഗത്തുനിന്നുള്ളവരുമാണ് ഇത്തവണ ബിഗ് ബോസ് ഹൌസിൽ മത്സരാർത്ഥികളായെത്തിയത്.

വില്ലൻ ജയിച്ച കളി
വില്ലൻ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ്. ആ വില്ലനല്ല, ലോകത്തെ മുഴുവൻ തോൽപ്പിച്ച കൊവിഡ്. ലോകത്തെ എല്ലാവരെയും വീട്ടിൽ അടച്ചിട്ടുകൊണ്ട് കാലം ബിഗ്ബോസ് കളിക്കുകയായിരുന്നു. ജീവിതം വെച്ചുള്ള ഒന്നൊന്നര കളിയാണെന്നും അതിൽ ഞാനും നിങ്ങളുമെല്ലാം മത്സരാർത്ഥികളായിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയമെന്നും മോഹൻ ലാൽ കൂട്ടിച്ചേർത്തു.

പ്രോട്ടോക്കോള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് മത്സരാർത്ഥികള്‍ ബിഗ് ബോസ് ഹൌസിലേക്കെത്തുന്നത്. ഇത്തവണയും ചെന്നൈയിൽ തന്നെയാണ് ബിഗ് ബോസ് ഹൌസ് ഒരുക്കിയിട്ടുള്ളത്. അതേ സമയം കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ഷോയുടെ നടത്തിപ്പെന്നും മോഹൻ ലാൽ വ്യക്തമാക്കി.

അന്തിമ വിജയി ആര്?
ജനപ്രീതിയിൽ മുൻപന്തിയിലുള്ള ബിഗ് ബോസ് ഷോയുടെ രണ്ടാമത്തെ സീസൺ കൊറോണ വൈറസ് വ്യാപനം മൂലം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അന്തിമ വിജയിയെ പ്രഖ്യാപിക്കാനും കഴിഞ്ഞിരുന്നില്ല. 2020 മാർച്ച് 20നായിരുന്നു ബിഗ് ബോസ് സീസൺ 2ന്റെ അവസാനത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ലോകത്ത് ഭീതി വിതച്ച കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് നേരിട്ടെത്തി മോഹൻലാൽ മത്സരാർത്ഥികളോട് വിശദീകരിച്ച ശേഷമാണ് ബിഗ് ബോസ് ഷോ അവസാനിപ്പിക്കുന്നത്.

നോബി മാർക്കോസും മജിസിയ ഭാനുവും
ഹാസ്യതാരവും നടനുമായ നോബി മാർക്കോസാണ് ഷോയിലെ ഒന്നാമത്തെ മത്സരാർത്ഥി, ബിസിനസുകാരിയും സൈക്കോളജിസ്റ്റുമായ ഡിംപൽ ഭായി രണ്ടാമത്തെ മത്സരാർത്ഥിയും ആർജെ ഫിറോസ് മൂന്നാമത്തെ മത്സരാർത്ഥിയുമാണ്. കിടിലം ഫിറോസ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഫിറോസിന് നിരവധി ആരാധകരുമുണ്ട്.
നടൻ മണിക്കുട്ടൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു, സിനിമാ സീരിയൽ നടൻ അനൂപ് കൃഷ്ണൻ, പാട്ടുകാരിയും വയലിനിസ്റ്റുമായ ലക്ഷ്മി ജയൻ, ആർജെ സൂര്യ മേനോൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യനും മോഡലും ഡോക്ടറുമായ മജ്സിയ ഭാനു എന്നിവരും ബിഗ് ബോസിൽ മത്സരാർത്ഥികളായെത്തിയിട്ടുണ്ട്.












Click it and Unblock the Notifications