''നിങ്ങൾക്ക് ഒരു ശല്യമാകാൻ കോൺഗ്രസിലേക്ക് ഞാൻ വരുന്നില്ല.. പോരേ..''; തീരുമാനം അറിയിച്ച് അഖിൽ മാരാർ
താൻ കോൺഗ്രസ് പാർട്ടിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. സമീപകാലത്തായി സിപിഎമ്മിനേയും സംസ്ഥാന സർക്കാരിനേയും പല വിഷയങ്ങളിലും രൂക്ഷമായി വിമർശിച്ചും കോൺഗ്രസിനെ പിന്തുണച്ചും അഖിൽ മാരാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കൊട്ടാരക്കര സീറ്റ് ആണ് അഖിൽ മാരാരുടെ ലക്ഷ്യം എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളും നടന്നിരുന്നു.
കൊല്ലം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് താൻ പാർട്ടിയിലേക്ക് വരുന്നതിനോട് താൽപര്യമില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു. തങ്ങളുടെ സ്ഥാനാർത്ഥി മോഹത്തിന് തടസ്സമാകുമോ അല്ലെങ്കിൽ അവരുടെ പ്രാധാന്യം ഇല്ലാതാകുമോ എന്ന ഭയമാണ് അതിന് കാരണമെന്നും അതിനാൽ കോൺഗ്രസിലേക്ക് ഇല്ലെന്നുമാണ് അഖിൽ മാരാർ വ്യക്തമാക്കുന്നത്.

Photo Credit: Facebook/Akhil Marar
അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' കോൺഗ്രസ് എന്ന വികാരം എന്റെ ഹൃദയത്തിൽ ഉള്ളത് കൊണ്ടാണ് കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്താൻ എന്നാൽ കഴിയുന്ന ശബ്ദം ഞാൻ ഉയർത്തിയിട്ടുള്ളത്... കൊല്ലം ജില്ലയിലെ ചില നേതാക്കൾ ഞാൻ അവരുടെ സ്ഥാനാർഥി മോഹങ്ങൾക്ക് തടസം ആകുമെന്ന് കരുതി കോൺഗ്രസിലേക്ക് ഒരിക്കലും ഞാൻ വരല്ലേ എന്ന് പ്രാർത്ഥിച്ചു നടക്കുന്നുണ്ട്. മറ്റ് ചില നേതാക്കൾക്ക് ഞാൻ വരുമ്പോൾ അവരുടെ പോപ്പുലാരിറ്റി നഷ്ടപെടുമോ എന്ന ഭയവുമുണ്ട്... അവരോടൊക്കെ എനിക്ക് പറയാൻ ഉള്ളത് നിങ്ങളൊന്നും വിഷമിക്കണ്ട നിങ്ങൾക്ക് ഒരു ശല്യമാകാൻ കോൺഗ്രസിലേക്ക് ഞാൻ വരുന്നില്ല പോരെ..
പക്ഷെ നിങ്ങളെക്കാൾ കൂടുതൽ ശക്തമായി ഈ പാർട്ടി അധികാരത്തിൽ തിരിച്ചെത്താൻ ഞാൻ കഷ്ട്ടപെടും. അതിനുള്ള രണ്ട് കാരണങ്ങൾ ഇനിയൊരു കമ്മ്യൂണിസ്റ് ഭരണം കേരളത്തെ ഇല്ലാതാക്കും.. ഇനിയൊരു കമ്മ്യൂണിസ്റ് ഭരണം കോൺഗ്രസ്സിനെ ഇല്ലാതാകും.. കോൺഗ്രസിലെ നേതാക്കൾക്ക് ഒന്നും സംഭവിക്കില്ല. ഇല്ലാതാകുന്നത് ഈ പാർട്ടിക്ക് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി പോലീസിന്റെയും കമ്മ്യൂണിസ്റ് പാർട്ടിയുടെയും അടി കൊണ്ട നിരവധി കേസുകളിൽ പെട്ട കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാഗമായ ഒരു പറ്റം ചെറുപ്പക്കാർ ആണ്...അവരുടെ ജീവിതമാണ് അവരുടെ കുടുംബമാണ്..
അണ്ണാ ഒരു 2000രൂപ ഉണ്ടോ അമ്മയ്ക്ക് സുഖമില്ല..? അണ്ണാ 1000രൂപ ഉണ്ടോ എണ്ണ അടിക്കാൻ പോലും പൈസയില്ല..? അണ്ണാ കോടതിയിൽ കെട്ടി വെക്കാൻ പൈസ വേണം എന്തെങ്കിലും ചെയ്യാൻ പറ്റുമോ..? പലപ്പോഴായി എനിക്ക് വന്ന ഫോൺ കോളിലെ വാചകങ്ങൾ.. കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാത്ത ഒരു പാർട്ടിക്ക് വേണ്ടി ജീവിതം കളഞ്ഞു ആത്മാർത്ഥമായി കഷ്ടപ്പെടുന്ന കെഎസ്‍യുകാർക്ക് വേണ്ടി, യൂത്ത് കോൺഗ്രെസ്സുകാർക്ക് വേണ്ടി. ഒരിക്കൽ അവരിൽ ഒരാളായി നടന്ന എനിക്ക് എന്തെങ്കിലും ചെയ്തേ പറ്റു എന്ന ചിന്തയാണ് സംഘി ആക്ഷേപങ്ങൾ കേട്ടിട്ടും നഷ്ടങ്ങൾ ഉണ്ടായിട്ടും ഞാൻ സർക്കാരിനെ തുറന്ന് കാട്ടാൻ ശ്രമിക്കുന്നത്...
ഇപ്പോഴിത് എഴുതാൻ കാരണം എന്റെ ഒരനിയൻ (സംസ്ഥാന നേതാവ് ആണ് ) എന്നോട് പറഞ്ഞ ചില വാക്കുകൾ ആണ്.. അണ്ണാ എന്റെ ശരീരം കറുത്തതാണ് എന്നിട്ടും നോക്ക് ലാത്തിയുടെ പാട് തെളിഞ്ഞു കാണാം.. ഞങ്ങളിൽ പലരുടെയും പേരിൽ അന്പതിലധികം കേസ് ഉണ്ട്.. എനിക്ക് 80ഓളം കേസുണ്ട്.. ഒരു സമരം നടത്താൻ ഒന്നോ രണ്ടോ ലക്ഷം രൂപ വേണം.. പിള്ളേരുടെ ആശുപത്രി ചിലവ്, കോടതിയിൽ ജാമ്യത്തിനു കെട്ടി വെയ്ക്കേണ്ട പണം.. അടുത്തിടെ ഒരു സമരം നടത്തിയത് അമ്മയുടെ സ്വർണം പണയം വെച്ചിട്ടാണ്..
പാർട്ടിക്ക് പൈസയില്ല..
പലരും ജീവിതം എന്താകും എന്നറിയാതെ മനസ്സിന്റെ തൃപ്തിക്ക് വേണ്ടി നാടിനു വേണ്ടി പാർട്ടിക്ക് വേണ്ടി നിൽക്കുവാന്... അവന്റെ ഈ വാക്കുകൾ കോൺഗ്രസിലെ ഒരുപറ്റം യുവാക്കളുടെ വാക്കുകൾ ആണ്.. പരസ്പരം ഉള്ള തമ്മിലടിയിൽ പ്രിയപ്പെട്ട നേതാക്കളെ നിങ്ങൾ ഇവരുടെ ജീവിതം കാണാതെ പോകരുത്.. അതിലുപരി ഈ നശിച്ച ഭരണം ഒന്ന് മാറി കിട്ടാൻ കൊതിക്കുന്ന വലിയൊരു ജനതയുടെ പ്രതീക്ഷ ഇല്ലാതാക്കരുത്. അവർക്ക് വേണ്ടി കോൺഗ്രസ്സിന് വേണ്ടി എല്ലാം മറന്ന് നിങ്ങൾ ഒരുമിച്ചാൽ കേരള ജനത നിങ്ങളെ ചേർത്ത് പിടിക്കും...
അടുത്ത സർക്കാർ ഐക്യ ജനാധിപത്യ മുന്നണിയുടെ ആയി മാറുന്ന നിമിഷം ആ സത്യപ്രതിജ്ഞ ചടങ്ങിൽ ഒരഥിതി ആയി പങ്കെടുക്കാൻ കഴിഞ്ഞാൽ വലിയ സന്തോഷം.. അർഹത ഉള്ള കഴിവ് ഉള്ള പാർട്ടി പ്രവർത്തകരെ പരിഗണിച്ചു ജനങ്ങൾക്ക് വേണ്ടി നാടിനു വേണ്ടി മതേതര മൂല്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് കേരളത്തിൽ ഉണ്ടാവണം.. എല്ലാ വിധ ആശംസകളും''.












Click it and Unblock the Notifications