ബിക്കാനീർ-ഗുഹാവത്തി എക്സ്പ്രസ് പാളം തെറ്റി: 3 മരണം, നിരവധി പേർക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. ബിക്കാനീർ-ഗുഹാവത്തി എക്സ്പ്രസാണ് പാളം തെറ്റിയത്. മെയ്‌നാഗുരിയിൽ ഗുവാഹത്തിയിലേക്ക് പോകുന്ന ബിക്കാനീർ എക്‌സ്പ്രസിന്റെ നാല് കമ്പാർട്ടുമെന്റുകളാണ് പാളം തെറ്റിയതത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേർക്ക് ജീവന്‍ നഷ്ടമായെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റെയില്‍ വേ ട്രാക്കിലെ വിള്ളലാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

വടക്കൻ ബംഗാളിലെ ജൽപായ്ഗുരിയിലെ മൊയ്നാഗുരി മേഖലയ്ക്ക് സമീപത്ത് വെച്ച് വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ചാണ് ബോഗി വെട്ടിപ്പൊളിക്കുന്നത്. മറിഞ്ഞ ബോഗികളിൽ നിന്ന് നിരവധി യാത്രക്കാർ പുറത്തേക്ക് ചാടുന്നതും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകട സമയത്ത് 40 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ സഞ്ചരിച്ചിരുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അപകടം 12 കോച്ചുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നും ഡി ആർ എമ്മും എഡി ആർ എമ്മും സ്ഥലത്തെത്തിയതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു. പശ്ചിമ ബംഗാളിൽ പാളം തെറ്റിയ ബിക്കാനീർ ഗുവാഹത്തി എക്‌സ്‌പ്രസിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ ഇപ്രകാരമാണ്: 0361-2731622, 0361-2731623












Click it and Unblock the Notifications