സിനിമയില്‍ ഹെല്‍മറ്റ് അപ്രയോഗികം:സെന്‍സര്‍ ബോര്‍ഡ്
തിരുവനന്തപുരം: കര്‍ശനമായ ഗതാഗത നിയമത്തിലൂടെ കേരളത്തിലെ റോഡ് സംസ്‌കരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി സിനിമയിലും ഹെല്‍മറ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് തള്ളി. നിര്‍ദ്ദേശം അപ്രയോഗികമാണെന്ന് ബോര്‍ഡ് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു.
സിനിമയിലും സീരിയലിലും ഇരുചക്രവാഹനങ്ങളോടിക്കുന്ന രംഗങ്ങളുണ്ടെങ്കില്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് സെന്‍സര്‍ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും കത്തയച്ചിരുന്നു. ഉത്തരവ് സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സിനമാസംഘടനകള്‍ രംഗത്ത് വരികയുണ്ടായി.

സംവിധായകരുടെ സംഘടനയായ ഫെഫ്ക കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് വിലയിരുത്തിയിരുന്നു. ഇതിനെ നിയമപരമായി നേരിടാനും സിനിമാക്കാര്‍ തീരുമാനിച്ചു. ഇനി സിനിമയില്‍ ബലാത്സംഗവും അടിപിടിയും ചിത്രീകരിക്കാന്‍ കഴിയില്ലെന്നുണ്ടോ എന്നായിരുന്നു ചിലരുടെ ചോദ്യം. എന്നാല്‍ നിയമം പുതിയതല്ലെന്നും ഹൈക്കോടതി ഉത്തരവ് താന്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സിംഗിന്റെ മറുപടി.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഋഷിരാജ് സിംഗിന് കത്തയച്ചത്. സിനിമ ഒരു സാങ്കല്‍പ്പിക ലോകമാണ്. സംവിധായകരുടെ നിര്‍ദ്ദേശമനുസരിച്ച് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് കലാകാരന്മാര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത്. അതും പൊതു റോഡില്‍ ബൈക്കോടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
സിനിമയില്‍ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് എഴുതിക്കാണിക്കാന്‍ പ്രത്യേക നിയമമുണ്ട്. എന്നാല്‍ ഹെല്‍മറ്റ് ധരിക്കുണമെന്ന നിയമം നിലവിലില്ല. ഇക്കാര്യത്തില്‍ സിനിമാ സംഘടനകളുമായി കൂടിയാലോചിച്ച് തുടര്‍ചര്‍ച്ചകള്‍ ആകാമെന്ന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ മറുപടിക്കത്തില്‍ വിശദീകരിക്കുന്നു.


Click it and Unblock the Notifications