ഇത് പുതിയ വിഷപ്പൊതി; നുണകള്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കി ആദരിക്കുന്ന ഭരണകൂടവും: ബിന്ദു കൃഷ്ണ
കേരളത്തില്‍ ഏറെ വിവാദമായി മാറിയ കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട് എന്ന സിനിമയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ബിന്ദു കൃഷ്ണ. സിനിമയ്‌ക്കെതിരെ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടി ഭേദമന്യേ നേതാക്കള്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിരൂക്ഷമായ വിമര്‍ശനമാണ് ട്രെയിലറിനെതിരെ മലയാളികള്‍ കൂട്ടത്തോടെ നടത്തുന്നത്. കേരള സ്റ്റോറി ആദ്യ ഭാഗം പോലെ തന്നെ കേരളത്തെ ലോകത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കുകയും വര്‍ഗീയതയുടെ പേരില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഈ സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. മലയാളിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെയാണ് ഏറ്റവും വലിയ വിമര്‍ശനം ഉയരുന്നത്. ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിന്ദു കൃഷ്ണയും ഉന്നയിക്കുന്നത്. കേരളത്തെ ലോകത്തിനു മുന്നില്‍ അപഹസിക്കാനും മലയാളിയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ദി കേരള സ്റ്റോറി എന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ബിന്ദു കൃഷ്ണയുടെ വിമര്‍ശനം. ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

സിനിമയല്ല, ഇത് സംഘപരിവാറിന്റെ നുണക്കമ്പോളത്തിലെ പുതിയ വിഷപ്പൊതി!
കേരളത്തെ ലോകത്തിന് മുന്നില്‍ അപഹസിക്കാനും മലയാളിയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി വിദ്വേഷ രാഷ്ട്രീയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ 32,000 പെണ്‍കുട്ടികളുടെ കള്ളക്കണക്ക് നിരത്തി നാണംകെട്ടവര്‍, ഇപ്പോള്‍ അതിലും വലിയ അസംബന്ധങ്ങളുമായിട്ടാണ് വരുന്നത്. ട്രെയിലറിലെ രംഗങ്ങള്‍ കണ്ടാല്‍ സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും, ഇത് നാം ജീവിക്കുന്ന കേരളമല്ല; മറിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയ ലാഭത്തിനായി അവര്‍ കെട്ടിയുണ്ടാക്കിയ ഏതൊക്കെയോ സമാന്തര ലോകമാണെന്ന്.
ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നൊക്കെ ചിത്രീകരിക്കുന്നതിലൂടെ ഇവര്‍ ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണാത്ത, മതേതരത്വത്തിന്റെ ഈ മണ്ണില്‍ വെറുപ്പിന്റെ വിത്തിടാന്‍ നോക്കുന്നവര്‍ ഒന്ന് ഓര്‍ത്താല്‍ നല്ലത്. നിങ്ങളുടെ നുണക്കഥകള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതല്ല കേരളത്തിന്റെ ഈ ഐക്യം. നുണകള്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കി ആദരിക്കുന്ന കേന്ദ്ര ഭരണകൂടം ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുടപിടിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.
കേരളത്തെ ഒരു ഭീകരവാദ കേന്ദ്രമായി ചിത്രീകരിച്ച് വോട്ട് കൊയ്യാമെന്ന് കരുതുന്നവര്‍ക്ക് മലയാളികള്‍ എന്നും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. സിനിമ എന്ന കലാരൂപത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി, ഒരു ജനതയെ ഒന്നാകെ വംശീയമായി അധിക്ഷേപിക്കുന്ന ഈ ക്രിമിനല്‍ അജണ്ടയെ നാം തിരിച്ചറിയണം. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തില്‍ മലയാളികള്‍ സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും. ആ നുണക്കഥകളെ അതിന്റെ അര്‍ഹിക്കുന്ന അവജ്ഞയോടെ അറബിക്കടലില്‍ തള്ളാന്‍ കേരളം സജ്ജമാണ്!












Click it and Unblock the Notifications