മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം നിലപാട് അങ്ങേയറ്റം അപഹാസ്യം: തുറന്നടിച്ച് ബിന്ദു കൃഷ്ണ
കൊല്ലം:ഗുരുതരമായ ലൈംഗീക പീഡന ആരോപണങ്ങള്‍ നേരിടുന്ന മുകേഷിനെ സംരക്ഷിച്ച് നിർത്തുന്ന സിപിഎം നിലപാട് അങ്ങേയറ്റം അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള സ്ത്രീ പീഡന ആരോപണങ്ങളാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്ന് വരുന്നതെന്നും ബിന്ദു കൃഷ്ണ വണ്‍ഇന്ത്യ മലയാളത്തോടായി വ്യക്തമാക്കി.
തങ്ങളുടെ പാർട്ടി ചിഹ്നത്തില്‍ വിജയിച്ച ഒരു എംഎല്‍എയ്ക്കെതിരെ ഒന്നിന് പുറകെ ഒന്നായി സമാനമായ ആരോപണങ്ങള്‍ ഉയർന്ന് വരുമ്പോഴും സ്ത്രീ സംരക്ഷണ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎം നേതൃത്വം മുകേഷിനെ രാഷ്ട്രീയപരമായി സംരക്ഷിക്കുന്നത് അങ്ങേയറ്റം അപഹാസമ്യമാണെന്നും ബിന്ദു കൃഷ്ണ പറയുന്നു.

ഇതിനും അപ്പുറത്തേക്ക് മുകേഷ് ഇത്തരം കാര്യങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇരകളായ, അല്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ സഹോദരിമാരെ അപമാനിക്കുന്ന രീതിയിലാണ്. ആരോപണങ്ങള്‍ ബാലിശമെന്ന് ആദ്യം പറഞ്ഞു. പിന്നീട് പറയുന്നത് എനിക്ക് അതൊന്നും ഓർമ്മയില്ലെന്നാണ്. കാര്യങ്ങളെക്കുറിച്ച് ഓർമ്മയില്ലാത്ത ആള്‍ എങ്ങനെയാണ് സ്വബോധത്തോട് കൂടി കേരള നിയമസഭയില്‍ കൊല്ലം ജനതയെ പ്രതിനിധീകരിക്കുന്നതെന്ന് ചോദ്യമുണ്ട്.
താനൊരു സിപിഎം എംഎല്‍എ ആയതുകൊണ്ട് രാഷ്ട്രീയപരമായി വേട്ടയാടുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്ന മറ്റൊരു കാര്യം. സിപിഎം എംഎല്‍എ ആയതിന്റെ പേരിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ആളായതുകൊണ്ടോ ലോകത്ത് ഒരാള്‍ക്കും ഇത്തരം ആരോപണങ്ങള്‍ ഉയർന്ന് വരാറില്ല. സിപിഎമ്മിന്റെ എംഎല്‍എ ആകുന്ന ആദ്യ ആളൊന്നും അല്ലാലോ മുകേഷ്.
മുകേഷിനെതിരെ തുടർച്ചയായ ആരോപണങ്ങള്‍ വരികയാണ്. മുന്‍ ഭാര്യ സരിതയടക്കം തുറന്ന് പറഞ്ഞ കാര്യങ്ങള്‍ കൂട്ടിച്ചേർത്ത് വായിക്കുമ്പോഴും ഇപ്പോള്‍ ഉയർന്ന് വന്ന ആരോപണങ്ങളെ അവശ്വസിക്കാന്‍ കഴിയില്ല. സിനിമ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പുതിയ നയങ്ങളും ചട്ടങ്ങളും രൂപീകരിക്കാനും വേണ്ടി തയ്യറാക്കിയ നയരൂപീകരണ സമിതിയില്‍ പോലും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന എംഎല്‍എയെ പ്രതിഷ്ഠിക്കുക മാത്രമല്ല, ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തെ പുറത്താക്കാനും മാറ്റി നിർത്താനും സർക്കാർ തയ്യാറാകുന്നില്ല.
എത്ര സത്രീകളെ അപമാനിച്ചാലും എത്ര പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചാലും മുകേഷിനെ ഞങ്ങള്‍ സംരക്ഷിക്കും എന്നതാണ് സിപിഎം നിലപാട്. ആ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, അത് ഞാന്‍ അടക്കമുള്ള സ്ത്രീസമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് മുകേഷ് എംഎല്‍എ രാജിവെച്ച് പുറത്തേക്ക് പോകണമെന്നും ബിന്ദു കൃഷ്ണ പറയുന്നു.
മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമുണ്ട്. ഞങ്ങള്‍ മാത്രമല്ല, കേരള പൊതുസമൂഹത്തിന്റെ മനസ്സ് പറയുന്നതും മുകേഷ് രാജിവെക്കണമെന്നാണ്. ആ ലക്ഷ്യ പൂർത്തീകരണത്തിനായി ജനാധിപത്യ രീതിയില്‍ നിരന്തര സമര പോരാട്ടങ്ങള്‍ ഞങ്ങള്‍ തുടരും.
പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാർ നേരിടുന്ന കേസിനെ ഇപ്പോഴത്തോ പശ്ചാത്തലവുമായി ബന്ധപ്പെടുത്തുന്നത് തന്നെ ഈ കുറ്റകൃത്യത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ഇടയാക്കും. അതിന് അപ്പുറം മുകേഷ് ഒരു ഭരണകക്ഷി എംഎല്‍എയാണ്. അദ്ദേഹത്തിന് അന്വേഷണത്തില്‍ കൂടുതല്‍ ഇടപെടാനും അന്വേഷണത്തെ അട്ടിമറിക്കാനും സാധിക്കുമെന്ന് പൊതുജനം ഭയക്കുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ കാര്യത്തില്‍ അങ്ങനെയല്ല.
പ്രതിപക്ഷ എംഎല്‍എമാരുടെ കേസുകള്‍ ഉയർന്ന് വന്നപ്പോള്‍ കൃത്യമായ നിലപാടാണ് ഞാന്‍ അടക്കമുള്ളവർ എടുത്തിട്ടുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് തന്നെയാണ് അവരുടെ കാര്യത്തില്‍ പോയത്. മുകേഷിന്റെ കേസിനെ അതുമായി കൂട്ടിക്കുഴച്ച് ഈ കുറ്റകൃത്യത്തിന്റെ പ്രാധാന്യം കുറച്ച് കാണിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications