'ലജ്ജാകരം,ചിതയെരിഞ്ഞ് അടങ്ങിയിട്ടില്ല, ഉല്ലാസയാത്ര മാറ്റി വച്ച് ആദരവ് കാണിക്കാമായിരുന്നു'; ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. 'ചിതയെരിഞ്ഞ് അടങ്ങിയിട്ടില്ല. ഉല്ലാസയാത്ര ഒരാഴ്ചത്തേക്കെങ്കിലും മാറ്റി വച്ച് ആദരവ് കാണിക്കാമായിരുന്നു, ലജ്ജാകരം', എന്നായിരുന്നു ബിന്ദു ഫേസ്ബുക്കിൽ കുറിച്ചത്. കോടിയേരിയുടെ സംസ്കാരം വളരെ പെട്ടെന്ന് നടത്തിയെന്നും അത് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും ഇന്നത്തെ യാത്രയ്ക്ക് വേണ്ടിയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു.

ബിന്ദുവിന്റെ പോസ്റ്റിന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതോടെ വിമർശനങ്ങൾക്ക് കമന്റ് ബോക്സിലൂടെ ബിന്ദു കൃഷ്ണ വിശദീകരണവും നൽകി-'പൊതുപ്രവർത്തകനായ ശ്രീ കോടിയേരി ബാലകൃഷ്ണൻ്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച വ്യക്തികളിൽ ഒരാളാണ് ഞാനും. അത് സമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ തുറന്ന് എഴുതാനുള്ള ആർജ്ജവവും കാണിച്ചിട്ടുണ്ട്'

'ചെന്നൈയിൽ നിന്നും മൃതശരീരം തിരുവനന്തപുരം എത്തിച്ച്, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പൊതുദർശനത്തിന് വച്ച് വിരോചിതയാത്രയയപ്പ് അദ്ദേഹത്തിന് നൽകാമായിരുന്നു.ദീർഘകാലം സംസ്ഥാന സിപിഎമ്മിനെ നയിച്ച സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന അദ്ദേഹം അത് അർഹിച്ചിരുന്നു'

'മൃതശരീരം സംസ്കരിച്ചത് മൂന്നാം ദിവസം ആയതുകൊണ്ട് സമയം ലഭിച്ചില്ല എന്ന ന്യായീകരണത്തിന് സ്ഥാനവുമില്ല. അദ്ദേഹത്തിന് കണ്ണൂരിലെ ഒരു ലോക്കൽ നേതാവിന് നൽകുന്ന പരിഗണന മാത്രമാണ് നൽകിയത്. ഇതെല്ലാം സിപിഎമ്മിൻ്റെ ആഭ്യന്തര കാര്യങ്ങളായിരിക്കാം. എന്നാൽ ഇന്നത്തെ യാത്രയുമായി ഇതിനെല്ലാം ബന്ധമുള്ളതായി ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു', ബിന്ദു കൃഷ്ണ പറഞ്ഞു.

ഇന്നലെയായിരുന്നു കണ്ണൂർ പയ്യാമ്പലത്ത് കോടിയേരിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം തന്നെയായിരുന്നു സംസ്കാര ചടങ്ങിലും വിലാപയാത്രയിലുമെല്ലാം എല്ലാവരുടേയും ശ്രദ്ധപതിഞ്ഞത്. കോടിയേരിയുടെ ശവമഞ്ചം ഏറ്റി മൂന്ന് കിലോമീറ്ററോളമായിരുന്നു അദ്ദേഹം നടന്നത്. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ നടന്ന അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു മുഖ്യൻ.
അതേസമയം ചടങ്ങുകൾക്ക് പിന്നാലെ ഇന്ന് പുലർച്ചയോടെയായിരുന്നു മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് തിരിച്ചത്. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുക.

അതേസമയം ബിന്ദു കൃഷ്ണയെ കൂടാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പല കോൺഗ്രസ് നേതാക്കളും പ്രൊഫൈലുകളും യാത്രയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'മുഖ്യമന്ത്രി കുടുംബസമേതം യൂറോപ്പിലേക്ക് തിരിച്ചു. ഇന്നലെ വൈകുന്നേരം 7 മണിക്ക് കണ്ണൂരിൽ നിന്ന് തിരിച്ചു. നോർവെ, വെയിൽസ്, ഫിൻലാന്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും' എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.












Click it and Unblock the Notifications