വിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; കോടതിയില്‍ പറഞ്ഞതിങ്ങനെ
മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകനു ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചു എന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.

2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്കെതിരായ പീഡനപരാതി കള്ളക്കേസ് ആണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നതെന്നും ബിനോയ് നേരത്തെ പറഞ്ഞിരുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ കുറച്ചുകാലമായി യുവതിക്കു താല്‍പര്യമുണ്ടായിരുന്നു. കുട്ടിയുടെ ഭാവിയോര്‍ത്താണ് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ല. അനുകൂലവിധി ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അറിയിച്ചിരുന്നു.












Click it and Unblock the Notifications