'നാട്യം തുടര്‍ന്നാല്‍ ഓര്‍മയുണ്ടോ ഈ മുഖം എന്ന് ജനം ചോദിക്കും,'; സുരേഷ് ഗോപിയോട് ബിനോയ് വിശ്വം
കൊച്ചി: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍ പൂരത്തിനിടെ സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബി ജെ പി അവകാശപ്പെട്ടിരുന്നത് എന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്‌പ്പോഴും ജനം ഉള്‍ക്കൊള്ളണം എന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ' ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങള്‍ക്കുണ്ട്. സുരേഷ് ഗോപി നല്ല നടനായിരുന്നു. എന്നാല്‍ എപ്പോഴും ഈ അഭിനയം മതിയാകില്ല. ഈ ഡയലോഗും നാട്യവും തുടര്‍ന്നാല്‍ ഓര്‍മയുണ്ടോ ഈ മുഖം എന്ന് സുരേഷ് ഗോപിയോട് ജനം ചോദിക്കും,' ബിനോയ് വിശ്വം പറഞ്ഞു.

തൃശൂര്‍ പൂരത്തിനിടയില്‍ ആംബുലന്‍സ് ഉപയോഗിച്ച സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ ബി ജെ പി നേതാക്കളുടെ നാവില്‍ നിന്ന് തന്നെയാണ് സുരേഷ് ഗോപിക്കെതിരായ മൊഴി വന്നത്. രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട സംവിധാനമാണ് ആംബുലന്‍സ്. എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാന്‍ കൊള്ളാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഉപയോഗിച്ചത്.
ആംബുലന്‍സില്‍ സുരേഷ് ഗോപിയെ കൊണ്ടുപോയത് ബി ജെ പി തന്നെ സമ്മതിച്ച കാര്യമാണ് എന്നും സിനിമയുടെ അവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടത് സുരേഷ് ഗോപി തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആംബുലന്‍സിലാണ് താന്‍ പൂരനഗരിയില്‍ എത്തിയത് എന്ന് സുരേഷ് ഗോപി സമ്മതിച്ചിരുന്നു. 15-20 ദിവസത്തോളം ഒരു കാലിന് സുഖമില്ലായിരുന്നു എന്നും താന്‍ കാറില്‍ വരുമ്പോള്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അവിടെ നിന്ന് തന്നെ ഒരു രാഷ്ട്രീയവുമില്ലാത്ത യുവാക്കളാണ് എടുത്ത് ആംബുലന്‍സിലേക്ക് എത്തിച്ചത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പ്രകാരം എന്താണ് പൊലീസ് കേസെടുക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു. പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ വിഷയം മറയ്ക്കാനാണ് പൂരം വിവാദം കൊണ്ടുവരുന്നത് എന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.












Click it and Unblock the Notifications