'അധോലോക കഥകൾ ഒന്നും ചെങ്കൊടിക്ക് ചേർന്നതല്ല, സിപിഐ യുഡിഎഫിലേക്ക് വരണമെന്ന ഹസന്റെ പ്രസ്താവന ചിരിച്ച് തള്ളുന്നു'
തിരുവനന്തപുരം: സിപിഎമ്മിനെതിരായ വിമർശനത്തിൽ ഉറച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കൊടിക്ക് ചേർന്നതല്ല. ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ തണലിൽ അധോലോക സംസ്കാരം വളരാന്‍ പാടില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട്. ആ നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമ്മിനും ഉണ്ടാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എൽ ഡി എഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത്. സി പി ഐ എൽ ഡി എഫ് വിടണമെന്ന എം എം ഹസൻ്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണെന്നും ഇന്ന് പത്രസമ്മേളനത്തിൽ ബിനോയ് വിശ്വം വിശദീകരിച്ചു.
സ്വര്‍ണംപൊട്ടിക്കലിന്റെ കഥകള്‍, അധോലോക അഴിഞ്ഞാട്ടങ്ങള്‍ അത് ചെങ്കൊടിയുടെ മറവിലില്ല. കയ്യൂരിലും കരുവള്ളൂരിലും കാവുമ്പായിലും ഒഞ്ചിയത്തും തെലുങ്കാനയിലും ശൂരനാട്ടുമെല്ലാം ഒരുപാട് മനുഷ്യര്‍ ചോര കൊടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ തണലിൽ അധോലോക സംസ്കാരം വളരാന്‍ പാടില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട്. ആ നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമ്മിനും ഉണ്ടാകണം. ചെങ്കൊടിക്ക് മഹത്തായ മൂല്യമുണ്ട്, ലക്ഷ്യബോധമുണ്ട്, ആശയമുണ്ട്. ചെങ്കൊടിയെ വെട്ടിമുറിക്കേണ്ട കാര്യമില്ല. തന്റെ പരാമര്‍ശങ്ങള്‍ രൂക്ഷമായ വിമര്‍ശനമല്ല. ഏറ്റവും സൗമ്യമായതും ഉചിതമായതുമായതും രാഷ്ട്രീയമുള്ളതുമുള്ള ഭാഷയിലാണ് പറഞ്ഞത്.

ഒരാളെപറ്റിയും വ്യക്തിപരമായി ഞാന്‍ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ള വര്‍ത്താനമാണ് ഞാന്‍ പറഞ്ഞത്. സിപിഐയുടെ നയങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി ഫോറത്തിലാണ്. മനുവും കിനുവുമൊക്കെ നിങ്ങളുടെ കാര്യം മാത്രമാണ്. എന്റെ വിഷയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമാണ്.
സി പി ഐ എല്‍ ഡി എഫ് വിട്ടുവരണമെന്ന എം എം ഹസ്സന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സസിപിഐ യുഡിഎഫിലേക്ക് പോകാൻ തയ്യാറാണെന്നതൊക്കെ വെറും വ്യാഖ്യാനങ്ങൾ മാത്രമാണ്. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോന്‍ ആണെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധ്യം. അത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. തുടർഭരണം ജനങ്ങൾ കൊടുത്തതാണ്. ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. അതിന്റെ അര്‍ഥം പിണറായി വിജയന്‍ മോശക്കാരന്‍ എന്നല്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications