'ബിനുച്ചേട്ടനെ കണ്ടു, അദ്ദേഹം പറഞ്ഞിട്ടാണ് വീഡിയോ ചെയ്യുന്നത്'; ആരോഗ്യ വിവരങ്ങൾ പങ്കുവെച്ച് സുഹൃത്ത്
കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചുവരികയാണെന്ന് സുഹൃത്തും ടെലിഷൻ ഷോ സംവിധായകനുമായ അനൂപ്. ബിനു അപകടനില തരണം ചെയ്തുവെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും അനൂപ് പറഞ്ഞു. ബിനുവിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അനൂപ്. വീഡിയോയിലൂടെയാണ് അനൂപ് വിവരങ്ങൾ പങ്കുവെച്ചത്.
അനൂപിന്റെ വാക്കുകളിലേക്ക് -''ഞാനിപ്പോൾ എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയെ കണ്ടു. ബിനു ചേട്ടന് മുഖത്ത് ചെറിയ പൊട്ടലുണ്ടായതിനെ തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയ ഉണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം പൂർണ വിശ്രമത്തിലാണ്, പ്രശ്നങ്ങളൊന്നുമില്ല. അപകടാവസ്ഥ മറികടന്നു.

ഒരുപാടുപേർ ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് ചോദിക്കുന്നുണ്ട്. ബിനു പറഞ്ഞിട്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെയാരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്.10 മിനിറ്റോളം ബിനുവുമായി ഞങ്ങൾ സംസാരിച്ചിരുന്നു. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ നമ്മുക്ക് ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം വിശ്രമത്തിലാണ്.
നാലഞ്ച് ദിവസമായി ഐസിയുവിന് അടുത്തുള്ള ഒരു മുറിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ അടുത്ത റൂമിലേക്ക് മാറ്റും. ബിനു ഇപ്പോൾ ഒകെ ആയിട്ടിരിക്കുകയാണ്. ബിനുവിന് ഇപ്പോൾ ഏറ്റവും ആവശ്യമുള്ളത് വിശ്രമമാണ്. വളരെ പെട്ടെന്ന് അദ്ദേഹം സുഖം പ്രാപിക്കാനായി എല്ലാവരുടേയും പ്രാർഥന വേണം.
ഒരുപാടുപേർ ആശുപത്രിയുടെ പുറത്ത് വന്ന് വിഡിയോ എടുക്കാനൊക്കെ ശ്രമിക്കുന്നുണ്ട്. പക്ഷേ നിങ്ങൾ വന്നു ബിനുവിനെ ശല്യപ്പെടുത്താൻ ശ്രമിക്കരുത്. പുള്ളിക്ക് ഫോൺ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. കർശന നിർദ്ദേശമുണ്ട്. നിങ്ങളെകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യം അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയെന്നതാണ്.
അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. കാരണം അതൊക്കെ അവരുടെ കുടുംബത്തേയും ബാധിക്കും. ബിനു എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം', അനൂപ് പറഞ്ഞു.
തൃശൂർ കൈപ്പമംഗലത്ത് വെച്ച് തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. വടകരയിൽ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉല്ലാസ് അരൂർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.കാറിന്റെ മുൻസീറ്റിലിരുന്ന സുധിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ബിനു അടിമാലിയെ കൂടാതെ അപകടത്തിൽ പരിക്കേറ്റ ഉല്ലാസ് അരൂരിനേയും മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മഹേഷ് കുഞ്ഞുമോൻ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മഹേഷിന്റെ മുഖത്തും പല്ലിനുമാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയായതായും ഇപ്പോൾ ആരോഗ്യവാനാണെന്നും സുഹൃത്തും നടനുമായ ബിനീഷ് ബാസ്റ്റിൻ അറിയിച്ചു.












Click it and Unblock the Notifications