താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. മാര്‍ പോള്‍ ചിറ്റിലപ്പളളി 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു. വൈകിട്ടോടെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെളളിമാട് കുന്നിലുളള ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
താമരശ്ശേരി രൂപത അധികൃതരാണ് വൈകിട്ടോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 2010 വരെയാണ് മാര്‍ പോള്‍ ചിറ്റിലപ്പളളി താമരശ്ശേരി രൂപത ബിഷപ്പായി സേവനം അനുഷ്ഠിച്ചത്. 2010ല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് 10 വര്‍ഷത്തോളമായി അദ്ദേഹം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

വിദ്യാഭ്യാസ രംഗത്തും സാമൂഹിക സേവന രംഗത്തും അടക്കം നിസ്തുലമായ സേവനം താമരശ്ശേരി രൂപതയുടെ കീഴില്‍ അനുഷ്ഠിച്ചിട്ടുളള വ്യക്തിയാണ് മാര്‍ പോള്‍ ചിറ്റിലപ്പളളി. 1997 ജനുവരി 13നാണ് അദ്ദേഹം താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേറ്റത്. സിപിഎം എംഎല്‍എ ആയിരുന്ന മത്തായി ചാക്കോയുടെ മരണശേഷം ഉണ്ടായ അന്ത്യകൂദാശ വിവാദം മാര്‍ പോള്‍ ചിറ്റിലപ്പളളിയെ രാഷ്ട്രീയ വിവാദത്തിലാക്കിയിരുന്നു. മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചിരുന്നു എന്നുളള വെളിപ്പെടുത്തലാണ് വിവാദമായത്.
2007 ഇടത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ താമരശ്ശേരി രൂപത സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ആയിരുന്നു വിവാദ പ്രസംഗം. തുടര്‍ന്ന് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോള്‍ ചിറ്റിലപ്പളളിക്ക് എതിരെ രംഗത്ത് വരികയും അദ്ദേഹത്തെ നികൃഷ്ടജീവി എന്ന് വിളിക്കുകയും ചെയ്തിരുന്നു. കൃപയുടെ വഴികള്‍ എന്ന് പേരിട്ടിരിക്കുന്ന മാര്‍ ചിറ്റിലപ്പളളിയുടെ ആത്മകഥയില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. പിണറായി വിജയന്റെ അധിക്ഷേപത്തോട് ക്ഷമിക്കുന്നുവെന്ന് ആത്മകഥയില്‍ മാര്‍ ചിറ്റിലപ്പളളി പറയുന്നുണ്ട്.












Click it and Unblock the Notifications