ബിജെപിക്ക് 9 സ്ഥാനാര്‍ഥികളായി; തലവേദന വട്ടിയൂര്‍ക്കാവ്, 3 പേര്‍ പട്ടികയില്‍, ചര്‍ച്ച ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപി നേതൃത്വം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. തര്‍ക്കങ്ങളില്ലാത്ത 30 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിച്ചേക്കും. ഒമ്പത് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് അന്തിമ രൂപമായി. എന്നാല്‍ എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തില്‍പ്പെടുത്തിയ വട്ടിയൂര്‍ക്കാവ് പാര്‍ട്ടിക്ക് തലവേദനയാകുമെന്നാണ് കരുതുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാലക്കാട് മണ്ഡലത്തിലും അവരുടെ പേര് ചര്‍ച്ചയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ ധാരണയായാല്‍ മാത്രമാണ് രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുക. ശോഭയ്ക്ക് പുറമെ ആര്‍ ശ്രീലേഖ, ജി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളും വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നുണ്ട്.

ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുകയാണ് ശ്രീലേഖ. പലപ്പോഴും അവരുടെ നീക്കങ്ങള്‍ ഈ ചര്‍ച്ചയ്ക്ക് കാരണവുമായി. കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗം എന്നതിനേക്കാള്‍ ഉയര്‍ന്ന പദവി ശ്രീലേഖ അര്‍ഹിക്കുന്നു എന്ന് ബിജെപി നേതൃത്വം മനസിലാക്കുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കാരണം നേതൃത്വത്തിന് ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള താല്‍പ്പര്യം ജി കൃഷ്ണകുമാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രഥമ പരിഗണന ശോഭ സുരേന്ദ്രനാണ്. അവര്‍ പാലക്കാട് മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മറ്റു രണ്ടുപേരില്‍ ഒരാളെ പരിഗണിക്കും. വട്ടിയൂര്‍ക്കാവില്‍ ശോഭ മല്‍സരിക്കാന്‍ തയ്യാറായാല്‍ പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ സ്ഥാനാര്‍ഥിയാകും.
ബിജെപി ധാരണയിലെത്തിയ മണ്ഡലങ്ങള്‍
നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മല്‍സരിക്കും. കഴക്കൂട്ടം വി മുരളീധരന്‍, കാട്ടാക്കട പികെ കൃഷ്ണദാസ്, മഞ്ചേശ്വരം കെ സുരേന്ദ്രന്‍, ആറന്മുള കുമ്മനം രാജശേഖരന്‍, മലമ്പുഴ സി കൃഷ്ണകുമാര്‍, ചെങ്ങന്നൂര്‍ സന്ദീപ് വാചസ്പതി, പാല ഷോണ്‍ ജോര്‍ജ്, തിരുവല്ല അനൂപ് ആന്റണി എന്നിവര്‍ മല്‍സരിക്കും.
മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മല്‍സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റൊരു ജയസാധ്യതയുള്ള മണ്ഡലത്തില്‍ പരിഗണിക്കും. എംടി രമേശ് തൃശൂരില്‍ മല്‍സരിക്കാനാണ് സാധ്യത. എന്നാല്‍ മല്‍സരിക്കണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നില്ല എന്നാണ് വിവരം. എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണയായാല്‍ പ്രഖ്യാപനമുണ്ടാകും.
ശേഷമാകും സഖ്യകക്ഷികളുമായുള്ള ചര്‍ച്ച. ബിഡിജെഎസ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ജയസാധ്യതയുള്ള സീറ്റുകള്‍ വേണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ട്വന്റി20 ആറ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. എറണാകുളവും സമീപ ജില്ലകളുമാണ് ഇവരുടെ ശ്രദ്ധ. കുന്നത്തുനാട് മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications