കമല്‍ എസ്ഡിപിഐക്കാരനായ തീവ്രവാദി..!! രാജ്യം വിട്ട് പോകാന്‍ ബിജെപിയുടെ ഉത്തരവ്.. !

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: വിപ്ലവ നായകന്‍ ചെഗുവേരയ്ക്കും സിനിമാ സംവിധായകന്‍ കമലിനുമെതിരെ വിവാദപരാമര്‍ശങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കമല്‍ തീവ്രവാദിയാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ദേശീയഗാന വിവാദത്തിലെ കമലിന്റെ നിലപാടിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തുണ്ട്.

കേരളത്തിലെ ചില തീവ്രവാദ സംഘടനകളുമായി കമലിന് ബന്ധമുണ്ട്. കമല്‍ രാജ്യംവിട്ട് പോകണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ചെഗുവേര അക്രമകാരിയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പറ്റില്ലെങ്കിൽ രാജ്യം വിടാൻ

കമല്‍ എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. അതുകൊണ്ട് കമല്‍ തീവ്രവാദിയാണ്. ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യവിട്ടുപോകണമെന്നും എഎന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു. ദേശീയഗാനവിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരായ കമലിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

കമലിനെ വിടാതെ ബിജെപി

ദേശീയഗാന വിവാദത്തില്‍ നേരത്തെ മുതല്‍ കമലിനെ രൂക്ഷമായി വിമര്‍ശനത്തിന് ഇരയാക്കുന്നുണ്ട് ബിജെപി. അതിന്റെ തുടര്‍ച്ചയാണ് കമലിനെതിരായ എഎന്‍ രാധാകൃഷ്ണന്റെ പുതിയ പരാമര്‍ശം. കമലിന് ലഭിച്ച ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള പ്രതിഫലമാണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

ചെഗുവേര അക്രമകാരി..കൊലപാതകി

ലോകവിപ്ലവ നായകന്‍ ചെഗുവേരയേയും ബിജെപി നേതാവ് വെറുതെ വിട്ടില്ല. ചെഗുവേര നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്. പ്രാകൃതമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തിയ ചെഗുവേര അക്രമകാരിയാണ്. ഡിവൈഎഫ്‌ഐ കേരളം മുഴുവന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. അക്രമകാരിയും കൊലപാതകിയുമായ ചെഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

`ചെഗുവേര ഹിറ്റ്ലർക്കൊപ്പം'

ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതാണ് ചെഗുവേരയുടെ ചിത്രങ്ങള്‍. ചെയുടെ സ്ഥാനം ഹിറ്റ്‌ലര്‍ക്കും മുസോളിനിക്കുമൊപ്പമാണ്. അല്ലാതെ ഗാന്ധിജിക്കും വിവേകാനന്ദനുമൊപ്പമല്ലെന്നും എഎന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാക്കളായ എകെജിയുടേയും ഇഎംഎസ്സിന്റേയും ചിത്രങ്ങള്‍ വെയ്ക്കട്ടെയെന്നും ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
BJP leader AN Radhakrishan calls Director Kamal a Terrorist and Che Guevera an anarchist. He asks kamal to leave the country also.
Please Wait while comments are loading...