സെലിബ്രിറ്റി തരംഗമുണ്ടാക്കാൻ ബിജെപി, ഒറ്റപ്പാലത്ത് മേജർ രവിക്ക് സാധ്യത, ശോഭനയും ശ്വേതയും കളത്തിലിറങ്ങുമോ?
ഇത്തവണയും നിർണായക നിയമസഭാ മണ്ഡലങ്ങളിൽ സെലിബ്രിറ്റികളെ രംഗത്തിറക്കി തരംഗമുണ്ടാക്കി വിജയം കൊയ്യാനുള്ള തന്ത്രം പയറ്റുകയാണ് ബിജെപി. ഒറ്റപ്പാലം മണ്ഡലത്തിൽ സംവിധായകൻ മേജർ രവി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നടിമാരായ ശോഭനയും ശ്വേത മേനോനും 'സർപ്രൈസ് എൻട്രി'യായി എത്തുമെന്ന സൂചനകളും ബിജെപി വൃത്തങ്ങൾ നൽകുന്നു. തിരുവനന്തപുരം സെൻട്രൽ, തൃക്കാക്കര മണ്ഡലങ്ങളിലാകും ഇവരെ കളത്തിലിറക്കുക.
അതേസമയം, കാലങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ തഴഞ്ഞ് സെലിബ്രിറ്റി സ്ഥാനാർഥികളെ രംഗത്തിറക്കുന്നതിൽ ബിജെപിയിൽ ഒരു വിഭാഗം പ്രതിഷേധമുയർത്തുന്നുമുണ്ട്. കേരളത്തിലെ ബിജെപി സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പിലും പാർട്ടി നില മെച്ചപ്പെടുത്തുന്ന ഒറ്റപ്പാലത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ബിജെപി ചുവരെഴുതി പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മേജർ രവിയുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അദ്ദേഹം തന്നെയാകും ഇവിടെ സ്ഥാനാർഥി എന്ന കാര്യത്തിൽ ധാരണയിൽ എത്തിക്കഴിഞ്ഞെന്നാണ് വിവരം.

എന്നാൽ, ഇക്കാര്യം മേജർ രവി സ്ഥിരീകരിച്ചിട്ടില്ല. ഒറ്റപ്പാലത്ത് ബിജെപിക്കായി താൻ പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മാത്രമാണ് മേജർ രവി പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ വോട്ട് ഇപ്പോൾ എറണാകുളത്താണെന്നും അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ, തൃക്കാക്കര എന്നീ മണ്ഡലങ്ങളിൽ സെലിബ്രിറ്റികളെ പരിഗണിക്കാനാണ് ബിജെപി തീരുമാനമെന്നും ഇവിടേക്ക് നടിമാരായ ശോഭന, ശ്വേത മേനോൻ എന്നിവർക്കാണ് സാധ്യതയെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ബിജെപിക്ക് വോട്ട് സമാഹരിക്കാൻ കഴിയുന്ന മണ്ഡലമായാണ് തിരുവനന്തപുരം സെൻട്രൽ കണക്കാക്കപ്പെടുന്നത്. രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിൽ മുൻപും സെലിബ്രിറ്റികളെ ബിജെപി പരീക്ഷിച്ചിട്ടുണ്ട്.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും നടൻ കൃഷ്ണകുമാറും മുമ്പ് മണ്ഡലത്തിൽ ബിജെപിക്കായി മത്സരിച്ചിട്ടുണ്ട്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ശോഭനയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തിയെന്നാണ് വിവരം. എന്നാൽ ശോഭന മത്സരിക്കാൻ തയാറാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ ശോഭന പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് ശ്വേത മോനോന് ബി.ജെ.പി അംഗത്വമുണ്ടെന്ന് മുമ്പ് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞിരുന്നു. നിലവിൽ മുംബൈയിലുള്ള ശ്വേത മേനോൻ സ്ഥാനാർഥിത്വത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.












Click it and Unblock the Notifications